സർക്കാർ ആശുപത്രികളിലെ പേ വാർഡ് പ്രവേശനം: വരുമാന പരിധി ഒഴിവാക്കി; ഉത്തരവിറക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

എഴുതിയത്: അകം ന്യൂസ് ഡെസ്ക്2026 ഓഗസ്റ്റ് 7
സർക്കാർ ആശുപത്രികളിലെ പേ വാർഡ് പ്രവേശനം: വരുമാന പരിധി ഒഴിവാക്കി; ഉത്തരവിറക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ പേ വാർഡ് സൗകര്യം ലഭിക്കുന്നതിന് ഇനിമുതൽ വരുമാന പരിധി മാനദണ്ഡമാക്കില്ല. സാമ്പത്തിക പ്രയാസങ്ങൾ നോക്കാതെ, വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

​നിലവിൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയ്ക്ക് (KHRWS) കീഴിലുള്ള പേ വാർഡുകൾ ലഭിക്കണമെങ്കിൽ ഒ.പി ടിക്കറ്റിൽ പ്രതിമാസ വരുമാനം 1600 രൂപയ്ക്ക് മുകളിലായിരിക്കണം എന്ന് രേഖപ്പെടുത്തണമെന്നതായിരുന്നു വ്യവസ്ഥ. ഇതുമൂലം വരുമാനം കുറഞ്ഞ രീതിയിൽ ടിക്കറ്റെടുക്കുന്ന സാധാരണക്കാർക്ക് പേ വാർഡ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല.

​കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗങ്ങളിൽ രോഗികളുമായെത്തുന്നവർ തിരക്കിട്ട് ഒ.പി ടിക്കറ്റ് എടുക്കുമ്പോൾ വരുമാനം കൃത്യമായി നൽകാൻ സാധിക്കാറില്ല. ദിവസങ്ങൾക്ക് ശേഷം പേ വാർഡ് ബുക്ക് ചെയ്യാൻ എത്തുമ്പോഴാണ് ഈ വരുമാന പരിധി തടസ്സമാകുന്നത്. നിലവിലെ രീതി അനുസരിച്ച് വരുമാന പരിധി ഉയർത്തണമെങ്കിൽ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകി, ലേ സെക്രട്ടറി വഴി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിൽ എത്തേണ്ടതുണ്ടായിരുന്നു. ഈ നീണ്ട നടപടിക്രമങ്ങളും പുതിയ തീരുമാനത്തോടെ ഇല്ലാതാകും.

​കാലങ്ങളായി രോഗികളെയും ബന്ധുക്കളെയും ഒരുപോലെ വലച്ചിരുന്ന ഈ വലിയ പ്രശ്നത്തിനാണ് പുതിയ തീരുമാനത്തിലൂടെ പരിഹാരം കാണുന്നതെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.