തൃശൂർ: നടൻ വി.കെ. ശ്രീരാമന്റെ ചിത്രം ഉപയോഗിച്ച് അദ്ദേഹം പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോസ്റ്റർ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടിയുമായി വി.കെ. ശ്രീരാമൻ. വി.കെ. ശ്രീകുമാർ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത്. അതിൻ്റെ സ്ക്രീൻ ഷോട്ട് പങ്കിട്ടുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കുമെന്ന് വി കെ ശ്രീരാമൻ വ്യക്തമാക്കിയിരിക്കുന്നത്.
ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം അറിഞ്ഞതെന്ന് വി.കെ. ശ്രീരാമൻ പറയുന്നു. ഒരു മതവിഭാഗത്തെ തനിക്കെതിരെ തിരിച്ചുവിടുക എന്നതാവാം ഇത്തരമൊരു പോസ്റ്റർ പ്രചരിപ്പിച്ചതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. “ഞാൻ പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് എന്റെ ചിത്രം വെച്ച് എഴുതി ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. വി.കെ. ശ്രീരാമൻ പറഞ്ഞു. മതങ്ങളുടെ നന്മതിന്മകൾ നോക്കിയല്ല താൻ മനുഷ്യരെ വിലയിരുത്തുന്നതെന്നും . മനുഷ്യനന്മയിൽ ഇനിയും പ്രതീക്ഷയുള്ള ഒരാളാണ് ഞാൻ. അതാണെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്,” അദ്ദേഹം കൂട്ടി ചേർത്തു. സമൂഹമാധ്യമങ്ങളിൽ വ്യക്തികളുടെ ചിത്രവും പേരും ദുരുപയോഗം ചെയ്ത് വ്യാജമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരായ നിയമനടപടികളിലേക്കാണ് സംഭവം നീങ്ങുന്നത്.