വിജു നായരങ്ങാടിയുടെ ‘കവിതാപഠനങ്ങൾ’ പ്രകാശനം ചെയ്തു

2026 സെപ്റ്റംബർ 22 • 11:22 AM
അകം ന്യൂസ് ഡെസ്ക്
വിജു നായരങ്ങാടിയുടെ ‘കവിതാപഠനങ്ങൾ’ പ്രകാശനം ചെയ്തു
ചിത്രം:സ്പെഷിൽ അറേജ്മെൻ്റ്

പൊന്നാനി: കവിയും നിരൂപകനുമായ വിജു നായരങ്ങാടിയുടെ മുപ്പത്തിയാറ് കവിതാപഠനങ്ങളുടെ സമാഹാരം ‘കവിതാപഠനങ്ങൾ’ പ്രകാശനം ചെയ്തു. ഇടശ്ശേരി സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഇടശ്ശേരി സാഹിത്യ മന്ദിരത്തിൽ നടന്ന പരിപാടിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

മലയാള കവിതയിലെ വിവിധ തലമുറകളെയും കാവ്യധാരകളെയും വിമർശനാത്മകമായി സമീപിക്കുന്നതാണ് വിജു നായരങ്ങാടിയുടെ കവിതാപഠനങ്ങൾ. കക്കാട്, അക്കിത്തം, ഇടശ്ശേരി, സുഗതകുമാരി, കടമ്മനിട്ട, വൈലോപ്പിള്ളി, സച്ചിദാനന്ദൻ, മേതിൽ, മുല്ലനേഴി, പി. ഭാസ്കരൻ, കെ.ജി.എസ്., മോഹനകൃഷ്ണൻ കാലടി, ശൈലൻ, സിന്ധു കെ.വി., കന്നി, ശിവകുമാർ അമ്പലപ്പുഴ, റീമ, എസ്. കണ്ണൻ, വിദ്യ, പ്രവീണ തുടങ്ങിയ വിവിധ തലമുറകളിലെ കവികളുടെ രചനകളാണ് പുസ്തകത്തിൽ പഠനവിധേയമാക്കുന്നത്.

കവിതയുടെ പാരമ്പര്യബോധത്തോടൊപ്പം വായനയുടെ ഗഹനമായ രീതികളും കവിതയുടെ ആന്തരിക തലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൂക്ഷ്മമായ നിരീക്ഷണവും ഈ പഠനങ്ങളിൽ പ്രകടമാണെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിയവർ അഭിപ്രായപ്പെട്ടു. വ്യത്യസ്ത പ്രമേയങ്ങളും ഭാഷയും രചനാരീതികളും പിന്തുടരുന്ന കവികളെ, കവിത എന്ന മാധ്യമത്തിന്റേതായ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് വിജു നായരങ്ങാടി പഠനവിധേയമാക്കുന്നത്.

പരിപാടിയിൽ ഇ. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. കെ.പി. മോഹനൻ അധ്യക്ഷനായി. പ്രൊഫ. കെ.വി. രാമകൃഷ്ണൻ പുസ്തകപ്രകാശനം നിർവഹിച്ചു. ഡോ. കെ.എം. അനിൽ പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് സാഹിത്യ-കവിതാ നിരൂപണ രംഗത്തെ പ്രമുഖർ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.

ഡോ. അജിത് എം.എസ്., ഡോ. അബ്ദുൾ നാസർ, ഡോ. സ്റ്റാൻലിൻ ദാസ് പടിഞ്ഞാറെപുരക്കൽ, ഡോ. സിന്ധു കെ.വി., വി.പി. രാമകൃഷ്ണൻ, അഡ്വ. ജി സൺ പി. ജോസ്, സുനില പി, അശോക് കുമാർ ഒ. (കൈരളി ബുക്സ്) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പുസ്തകത്തിന്റെ രചയിതാവായ വിജു നായരങ്ങാടി മറുമൊഴി പറഞ്ഞു. ടി.വി. ശശിലപാണി നന്ദി രേഖപ്പെടുത്തി.

സമീപകാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ കാവ്യനിരൂപണ ഗ്രന്ഥങ്ങളിലൊന്നായി വിജു നായരങ്ങാടിയുടെ കവിതാപഠനങ്ങൾ വിലയിരുത്തപ്പെടുന്നു.