നടൻ വിജയിക്കെതിരെയുള്ള വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
നടൻ വിജയിക്കെതിരെയുള്ള വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു

​ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയിക്കെതിരെ നൽകിയ വിവാഹമോചന ഹർജി ഭാര്യ സംഗീത സ്വർണലിങ്കം പിൻവലിച്ചു. ചെങ്കൽപ്പട്ട് കുടുംബ കോടതി ഇന്ന് ഹർജി പരിഗണിച്ചതിന് പിന്നാലെയാണ്, കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും ഹർജി പിൻവലിക്കുകയാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്.

​നിലവിൽ തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മുഖ്യമന്ത്രി വിജയ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. വിജയിക്ക് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകനാണ് കോടതിയിലെത്തിയത്. ലണ്ടനിലുള്ള സംഗീത ഓൺലൈൻ മാർഗ്ഗത്തിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹർജി പിൻവലിക്കുന്നതിനുള്ള തുടർ നിയമനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്ന് അറിയിച്ചു.

​27 വർഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. ജീവനാംശവും ദമ്പതികളുടെ നീലാങ്കരൈയിലെ വസതിയിൽ താമസിക്കാനുള്ള അവകാശവും ഹർജിയിലൂടെ അവർ ആവശ്യപ്പെട്ടിരുന്നു. 2021-ൽ വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന വിവരം അറിഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് പാലിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

​എന്നാൽ, കോടതി നടപടികൾക്കിടയിൽ പെട്ടെന്നുണ്ടായ ഈ പിന്മാറ്റത്തോടെ വിഷയത്തിൽ തുടർ നിയമനടപടികൾ അവസാനിക്കുകയാണ്.