നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ ഷൂട്ടിങ് സംഘത്തിൽ ഇടം നേടി മലയാളി താരം വിദർശ വിനോദ് ചരിത്രനേട്ടം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടമാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ സ്വന്തമാക്കിയത്.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. 1898.0 പോയിന്റ് നേടിയ ഇന്ത്യൻ സംഘത്തിൽ വിദർശ വിനോദിനൊപ്പം ഇളവേനിൽ വാളറിവാൻ, സോനം മസ്കർ എന്നിവരും മത്സരിച്ചു.
ഇന്ത്യൻ സംഘത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയത് സോനം മസ്കറാണ്. 634.1 പോയിന്റാണ് സോനം നേടിയത്. ഇളവേനിൽ വാളറിവാൻ 633.5 പോയിന്റും വിദർശ വിനോദ് 630.5 പോയിന്റും നേടി. മൂന്ന് താരങ്ങളുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് 1898.0 പോയിന്റുമായി വെള്ളി മെഡൽ സമ്മാനിച്ചത്.
ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് തുടക്കമിട്ട സംഘത്തിൽ അംഗമാകുന്നതിനൊപ്പം മലയാളി ഷൂട്ടിങ്ങിനും ചരിത്രത്തിൽ ഇടം നേടിക്കൊടുത്തിരിക്കുകയാണ് വിദർശ.
