പഴയങ്ങാടി: യുവ എഴുത്തുകാരൻ വരുൺ ചെങ്ങൽ രചിച്ച ‘നിഴൽവേട്ട’ എന്ന നോവൽ പ്രകാശനം ചെയ്തു. ചെങ്കൽ വെസ്റ്റ് ഇ.കെ. നായനാർ സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ. പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ എ.വി. പവിത്രൻ പുസ്തകം ഏറ്റുവാങ്ങി.
ഗ്രന്ഥാലയം പ്രസിഡന്റ് എം. സതി അധ്യക്ഷത വഹിച്ചു. വി.പി.പി.എം.കെ.പി.എസ്. ജി.വി.എച്ച്.എസ്.എസ്. തൃക്കരിപ്പൂരിലെ അധ്യാപിക ബിന്ദു സി.ടി. പുസ്തക പരിചയം നടത്തി.
പുസ്തക പ്രകാശനത്തിന് ശേഷം സംസാരിക്കവെ, ഓരോ ദേശത്തും അവിടത്തെ സംസ്കാരവും ജനജീവിതവും ആവിഷ്കരിക്കുന്ന എഴുത്തുകാരുണ്ടാകുമെന്നും ഭാഷയും സംസ്കാരവും ജീവിതചര്യകളും എഴുത്തിൽ പ്രധാനമാണെന്നും എം. വിജിൻ എം.എൽ.എ. പറഞ്ഞു. സർക്കാർ കേന്ദ്രീകൃത പ്രസാധകർ മാത്രമല്ല, സാധാരണ പ്രസാധകരും പ്രധാനമാണെന്നും ഇതുമായി ബന്ധപ്പെട്ട് താൻ നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെക്കുറിച്ച് എം.എൽ.എ. പരാമർശിച്ചു.

ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മോഹനൻ, വാർഡ് മെമ്പർമാരായ ലേഖ ലിനേഷ് (14-ാം വാർഡ്), ശ്രീകല ശ്രീജിത്ത് (15-ാം വാർഡ്), ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. രമേഷ് കുമാർ, ലൈബ്രറി കൗൺസിൽ ഏഴോം വെസ്റ്റ് പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.പി. മനോജ്, ജ്ഞാനോദയ വായനശാല സെക്രട്ടറി പി. മുരളി, കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം സെക്രട്ടറി പി.പി. അജിത്ത്, എരിപുരം പബ്ലിക് ലൈബ്രറി സെക്രട്ടറി പി. നാരായണൻ കുട്ടി മാസ്റ്റർ, സിനിമ-നാടക പ്രവർത്തകൻ പ്രകാശൻ ചെങ്ങൽ, സി.പി.ഐ.(എം) ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം പി. ദിനേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നോവലിസ്റ്റ് വരുൺ ചെങ്ങൽ മറുപടി പ്രസംഗം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി നാരായണൻ കെ.വി. സ്വാഗതവും കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ കെ.വി. നന്ദിയും രേഖപ്പെടുത്തി.
വായനശാലാ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
