വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണശ്രമങ്ങൾക്ക് പിന്നാലെ ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിച്ച് അമേരിക്ക. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കേന്ദ്രങ്ങളെയാണ് യുഎസ് സൈന്യം ലക്ഷ്യമിടുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ഓടെയാണ് യുഎസ് സൈന്യം ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം ആരംഭിച്ചതായി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കെതിരെ IRGC നടത്തിയതായി പറയുന്ന ആക്രമണശ്രമങ്ങളും മേഖലയിലുള്ള യുഎസ് സൈനികർക്കെതിരായ ആക്രമണശ്രമങ്ങളുമാണ് നടപടിക്ക് കാരണമെന്ന് അമേരിക്ക വ്യക്തമാക്കി.
ഒരു മാസത്തോളം സൈനിക നടപടികൾക്ക് ഇടവേള ഉണ്ടായതിന് ശേഷമാണ് ഇറാനിൽ യുഎസ് വീണ്ടും ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ഹോർമുസ് കടലിടുക്കിലെ ലാരക് ദ്വീപിലുള്ള റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ യുഎസ് ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാൻ ജോർദാനിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പ്രയോഗിച്ചെങ്കിലും അവ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. യുഎഇയുടെ ജലപരിധിയിൽ ഇറാന്റെ ഡ്രോൺ തടഞ്ഞതായും അധികൃതർ അറിയിച്ചിരുന്നു.
ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് സംഘർഷം രൂക്ഷമാകുന്നത് ആഗോള കപ്പൽ ഗതാഗതത്തെയും ഊർജവിപണിയെയും കൂടുതൽ സമ്മർദത്തിലാക്കുമെന്ന ആശങ്കയും ശക്തമാണ്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വഷളാകുന്നത് അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിച്ചേക്കും.
ഇറാനെതിരായ പുതിയ ആക്രമണത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങൾ, ആളപായം തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
