ന്യൂഡൽഹി: യുപിഐ (UPI) ഇടപാടുകൾക്ക് മെർച്ചന്റ് ചാർജുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെ വിഷയത്തിൽ പൂർണ്ണ വ്യക്തത വരുത്തി പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). സാധാരണ ഉപഭോക്താക്കൾക്ക് യുപിഐ സേവനം പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും ചെറുകിട വ്യാപാരികളിൽ നിന്ന് യാതൊരു വിധ ചാർജുകളും ഈടാക്കില്ലെന്നും പിസിഐ അറിയിച്ചു.
2016-ൽ സേവനം ആരംഭിച്ചത് മുതൽ വ്യക്തിഗത ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമാണ്. നിലവിൽ ഇതിന് ഫീസ് ഏർപ്പെടുത്താൻ യാതൊരു നിർദ്ദേശവുമില്ലെന്ന് ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ പിസിഐ വ്യക്തമാക്കി.
ചെറുകിട വ്യാപാരികൾക്ക് ബാധ്യതയില്ല
ഡിജിറ്റൽ പേയ്‌മെന്റുകൾ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുകിട വ്യാപാരികൾ യുപിഐ വഴി പണം സ്വീകരിക്കുന്നതിന് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) നൽകേണ്ടതില്ല. ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളെ അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ഡിജിറ്റൽ രംഗത്തേക്ക് കൊണ്ടുവരാൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സിസ്റ്റത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
ചർച്ചകൾ സംവിധാനത്തിന്റെ നിലനിൽപ്പിനായി
ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനച്ചെലവും ദീർഘകാല നിലനിൽപ്പും ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് തുക ഈടാക്കുന്നതിനെക്കുറിച്ചല്ല ഇതെന്നും പിസിഐ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ റിയൽ ടൈം പേയ്‌മെന്റ് സിസ്റ്റമായി യുപിഐ മാറിയതോടെ സാങ്കേതിക നവീകരണം, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ എന്നിവയ്ക്കുള്ള ചെലവുകളും വർദ്ധിച്ചിട്ടുണ്ട്. ബാങ്കുകൾ, പേയ്‌മെന്റ് കമ്പനികൾ, ഫിൻടെക് സ്ഥാപനങ്ങൾ, എൻപിസിഐ, റിസർവ് ബാങ്ക് എന്നിവർ ചേർന്ന് കെട്ടിപ്പടുത്ത ഈ സംവിധാനം ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും ബാധിക്കാത്ത രീതിയിൽ എങ്ങനെ നിലനിർത്താമെന്നാണ് അധികൃതർ പരിശോധിക്കുന്നത്.
