സ്ത്രീ വേഷത്തിൽ, സഹോദരിയുടെ തിരിച്ചറിയൽ രേഖയുമായി; 8 വർഷം പൊലീസിനെ വെട്ടിച്ച് നടന്ന പ്രതി പിടിയിൽ

2026 സെപ്റ്റംബർ 16 • 03:23 PM
അകം ന്യൂസ് ഡെസ്ക്
സ്ത്രീ വേഷത്തിൽ, സഹോദരിയുടെ തിരിച്ചറിയൽ രേഖയുമായി; 8 വർഷം പൊലീസിനെ വെട്ടിച്ച് നടന്ന പ്രതി പിടിയിൽ

ഇസ്താംബുൾ: ശിക്ഷ ഒഴിവാക്കാൻ എട്ട് വർഷത്തോളം പൊലീസിനെ വെട്ടിച്ച് നടന്ന തുർക്കി സ്വദേശി ഒടുവിൽ പിടിയിൽ. സ്ത്രീ വേഷം ധരിച്ചും സ്വന്തം സഹോദരിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുമാണ് ഇയാൾ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുർക്കിയിലെ ഇസ്താംബുൾ നഗരത്തിലെ കദിക്കോയ് ജില്ലയിൽ നിന്നാണ് തുഗ്രുൽ ബഷാർ എന്നയാളെ പൊലീസ് പിടികൂടിയത്. 2010ൽ സാംസണിൽ ഔദ്യോഗിക പദവി ഇല്ലാതിരുന്നിട്ടും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മോഷണം നടത്തിയ കേസുകളിൽ ഇയാൾക്കെതിരെ മൂന്ന് ശിക്ഷകൾ നിലവിലുണ്ടായിരുന്നു. ആകെ 7 വർഷവും 11 മാസവും തടവുശിക്ഷ ലഭിച്ചിരുന്ന ഇയാൾ 2018 ഫെബ്രുവരി 28 മുതൽ പൊലീസിന്റെ തിരച്ചിലിലായിരുന്നു.

പിടിയിലാകാതിരിക്കാൻ ഇയാൾ രൂപത്തിലും വേഷത്തിലും വലിയ മാറ്റങ്ങൾ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീ വേഷത്തിൽ സഞ്ചരിക്കുകയും സഹോദരിയുടെ തിരിച്ചറിയൽ രേഖ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ പഴയ പൊലീസ് രേഖകളിലെ ചിത്രവുമായി ഇയാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ ഇയാൾ ഇസ്താംബൂളിലെ കദിക്കോയ് മേഖലയിൽ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിനും പരിശോധനകൾക്കും പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം സഹോദരിയുടെ തിരിച്ചറിയൽ രേഖയും കണ്ടെത്തി.

സഹോദരിയുടെ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ചതിന് ഇയാൾക്കെതിരെ മറ്റൊരാളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ചതിനുള്ള അധിക നിയമനടപടിയും ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാളെ കദിക്കോയ് ഇസ്കെലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.