എഐ ഇനി ‘സൂപ്പർ ഇന്റലിജൻസ്’; ഔദ്യോഗികമായി പേര് മാറ്റി ട്രംപ്

2026 സെപ്റ്റംബർ 30 • 10:16 AM
അകം ന്യൂസ് ഡെസ്ക്
എഐ ഇനി ‘സൂപ്പർ ഇന്റലിജൻസ്’; ഔദ്യോഗികമായി പേര് മാറ്റി ട്രംപ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന പദത്തിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence–SI) എന്ന പദം ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. സെപ്റ്റംബർ 29-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

യുഎസ് ഭരണകൂടത്തിന്റെ ഔദ്യോഗിക കത്തിടപാടുകൾ, പൊതുജന ആശയവിനിമയങ്ങൾ, വെബ്സൈറ്റുകൾ, റിപ്പോർട്ടുകൾ, നയരേഖകൾ തുടങ്ങിയവയിൽ ‘Artificial Intelligence’, ‘AI’ എന്നീ പദങ്ങൾക്ക് പകരം ‘Super Intelligence’, ‘SI’ എന്നീ പദങ്ങൾ ഉപയോഗിക്കണമെന്നാണ് ഉത്തരവിലെ നിർദേശം. നിലവിലുള്ള നിയമങ്ങൾ, നേരത്തെ പുറത്തിറക്കിയ ചട്ടങ്ങൾ, കരാറുകൾ, ഗ്രാന്റുകൾ, ചരിത്രരേഖകൾ എന്നിവയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ സാങ്കേതിക സംവിധാനങ്ങളുടെ കഴിവുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പഴയ നിർവചനത്തെ മറികടന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. മനുഷ്യരുടെ കഴിവുകളെ വർധിപ്പിക്കാനും ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ പുതിയ സാധ്യതകൾ സൃഷ്ടിക്കാനും ആധുനിക എഐ സംവിധാനങ്ങൾക്ക് കഴിയുന്നുവെന്നും ഉത്തരവിൽ പറയുന്നു.

പുതിയ പദത്തിന് ഔദ്യോഗിക നിർവചനം രൂപപ്പെടുത്തുന്നതിനുള്ള നടപടികളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 60 ദിവസത്തിനകം ‘Super Intelligence’ എന്നതിന് ഫെഡറൽ തലത്തിൽ പുതിയ നിർവചനം കൊണ്ടുവരുന്നതിനുള്ള നിയമനിർദേശങ്ങൾ സമർപ്പിക്കാൻ പ്രസിഡന്റിന്റെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നിയമങ്ങളിലെ ‘AI’ പരാമർശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമോ എന്നതും നിർദേശത്തിൽ വിലയിരുത്തും.

വൈറ്റ് ഹൗസിൽ പ്രമുഖ ടെക്, എഐ കമ്പനികളുടെ മേധാവികളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉത്തരവ്. എഐ മേഖലയിലെ സുരക്ഷാ നടപടികളെക്കുറിച്ചും കമ്പനികൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. പ്രമുഖ കമ്പനികൾ സ്വമേധയാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള ധാരണയിലും എത്തിയതായി റിപ്പോർട്ടുകളുണ്ട്.

എഐയുടെ വളർച്ചയെ നിയന്ത്രിക്കുന്നതിനേക്കാൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റം നിലനിർത്തുന്നതിനാണ് ട്രംപ് ഭരണകൂടം ഊന്നൽ നൽകുന്നത്. ഈ സാങ്കേതികവിദ്യ വ്യാവസായിക വിപ്ലവത്തേക്കാളും ഇന്റർനെറ്റിനേക്കാളും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന നിലപാടും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.