തിരുവനന്തപുരം മൃഗശാല വനപ്രദേശത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

2026 സെപ്റ്റംബർ 16 • 03:05 PM
അകം ന്യൂസ് ഡെസ്ക്
തിരുവനന്തപുരം മൃഗശാല വനപ്രദേശത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാലയെ കൂടുതൽ അനുയോജ്യമായ വനാതിർത്തി പ്രദേശത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. നഗരമധ്യത്തിൽ മൃഗശാല സ്ഥിതി ചെയ്യുന്നത് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നും, മൃഗങ്ങളുടെ ക്ഷേമം പരിഗണിച്ച് മാറ്റം ആവശ്യമാണെന്നുമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

നിലവിലെ മൃഗശാലയ്ക്ക് പകരം നെയ്യാർ പോലുള്ള വനപ്രദേശത്തോട് ചേർന്ന സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടുകൂടിയ മൃഗശാല ഒരുക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് കൂടുതൽ അടുത്തുനിൽക്കുന്ന അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും കഴിയുമെന്നാണ് നിർദേശം.

നിലവിലെ മൃഗശാല സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലെ സ്ഥലം മറ്റൊരു രീതിയിൽ വികസിപ്പിക്കണമെന്ന ആശയവും മുഖ്യമന്ത്രി പങ്കുവച്ചു. അമേരിക്കയിലെ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ പോലെയുള്ള മനോഹരമായ പൊതുസ്ഥലമായി ഈ പ്രദേശത്തെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ സ്വപ്നപദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് മൃഗശാല പ്രവർത്തിക്കുന്നതിനെക്കാൾ വനത്തോട് ചേർന്ന വിശാലമായ പ്രദേശത്തേക്ക് മാറ്റുന്നത് മൃഗങ്ങളുടെ പരിപാലനത്തിനും സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന ആശയമാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

‘റീ-ഇമാജിനിങ് കേരള’ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പുതിയ ആശയങ്ങൾക്കനുസരിച്ചുള്ള വികസന പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മൃഗശാല മാറ്റുന്നതിനുള്ള നിശ്ചിത സ്ഥലം, സമയക്രമം, പദ്ധതി ചെലവ് തുടങ്ങിയ വിശദാംശങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇത് മുഖ്യമന്ത്രിയുടെ ആശയവും നിർദേശവുമായാണ് പുറത്തുവന്നിരിക്കുന്നത്.