ടാറ്റാ സൺസ്–ടാറ്റാ ട്രസ്റ്റ് തർക്കം കോടതിയിലേക്ക്; നിയമപോരാട്ടത്തിന് ഒരുങ്ങി ഇരുപക്ഷവും

2026 സെപ്റ്റംബർ 21 • 05:32 PM
അകം ന്യൂസ് ഡെസ്ക്
ടാറ്റാ സൺസ്–ടാറ്റാ ട്രസ്റ്റ് തർക്കം കോടതിയിലേക്ക്; നിയമപോരാട്ടത്തിന് ഒരുങ്ങി ഇരുപക്ഷവും

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിനുള്ളിലെ അധികാര–ഭരണ തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഇരുവിഭാഗവും രാജ്യത്തെ പ്രമുഖ നിയമവിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതാണ് നിലവിലെ തർക്കത്തിന്റെ പ്രധാന കാരണം.

സെപ്റ്റംബർ 17ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി ചെയർമാൻ പദവി നൽകാൻ തീരുമാനിച്ചത്. നാല് ഡയറക്ടർമാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ ടാറ്റാ ട്രസ്റ്റിന്റെ ചെയർമാനും ബോർഡിലെ ട്രസ്റ്റ് നോമിനിയുമായ നോയൽ ടാറ്റ എതിർത്തു. മറ്റൊരു ട്രസ്റ്റ് നോമിനിയായ വേണു ശ്രീനിവാസൻ ചന്ദ്രശേഖരന്റെ പുനർനിയമനത്തെ അനുകൂലിച്ചു. തുടർന്ന് ചെയർമാന്റെ കാസ്റ്റിങ് വോട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം അംഗീകരിച്ചതെന്നാണ് ടാറ്റാ സൺസിന്റെ നിലപാട്.

ടാറ്റാ ട്രസ്റ്റിന്റെ എതിർപ്പ് എന്ത്?

ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ വ്യവസ്ഥകൾ പ്രകാരം ട്രസ്റ്റുകൾക്ക് നോമിനേറ്റ് ചെയ്ത ഡയറക്ടർമാർക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്നാണ് ടാറ്റാ ട്രസ്റ്റിന്റെ വാദം. ഏകദേശം 66 ശതമാനം ഓഹരി ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണെന്നും, ട്രസ്റ്റ് നോമിനി ഡയറക്ടർമാരിൽ ആവശ്യമായ ഭൂരിപക്ഷ പിന്തുണയില്ലാതെ ചെയർമാന്റെ പുനർനിയമനം സാധുവാകില്ലെന്നുമാണ് ട്രസ്റ്റുകളുടെ നിലപാട്.

രണ്ട് ട്രസ്റ്റ് നോമിനി ഡയറക്ടർമാരിൽ ഒരാൾ എതിർത്ത സാഹചര്യത്തിൽ ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും, ബോർഡ് ചെയർമാന്റെ കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ആ കുറവ് പരിഹരിക്കാനാകില്ലെന്നും ട്രസ്റ്റുകൾ പറയുന്നു. സെപ്റ്റംബർ 17ലെ തീരുമാനം നിയമപരമായി പ്രാബല്യമില്ലാത്തതാണെന്നാണ് അവരുടെ വാദം.

അതേസമയം, ടാറ്റാ സൺസ് പക്ഷത്തിന്റെ നിയമവാദം വ്യത്യസ്തമാണ്. ട്രസ്റ്റ് നോമിനി ഡയറക്ടർമാർക്ക് പ്രത്യേക അവകാശങ്ങൾ ഉണ്ടെങ്കിലും, കമ്പനിയുടെ ഡയറക്ടർമാർക്ക് കമ്പനിയുടെ താൽപര്യത്തോടുള്ള ഫിഡ്യൂഷറി ബാധ്യതകൾ നിലനിൽക്കുമെന്നും, രണ്ട് നോമിനികൾക്കിടയിൽ ഭിന്നതയുണ്ടായാൽ ചെയർമാന്റെ കാസ്റ്റിങ് വോട്ട് പ്രയോഗിക്കാനാകുമെന്നുമാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുന്നോട്ടുവച്ചിരിക്കുന്ന വാദം.

വീണ്ടും ചർച്ചയാകുന്ന 2021ലെ സുപ്രീംകോടതി വിധി

നിലവിലെ തർക്കത്തിൽ 2021ലെ ടാറ്റാ–സൈറസ് മിസ്ത്രി കേസിലെ സുപ്രീംകോടതി വിധിക്കും വലിയ പ്രാധാന്യമുണ്ട്. ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ ഉൾപ്പെട്ടിരുന്ന ടാറ്റാ ട്രസ്റ്റ് നോമിനി ഡയറക്ടർമാരുടെ പ്രത്യേക ‘അഫർമേറ്റീവ് വോട്ടിങ്’ അവകാശം സുപ്രീംകോടതി അന്ന് അംഗീകരിച്ചിരുന്നു.

ഇതേ വ്യവസ്ഥകളെയാണ് ഇപ്പോഴത്തെ തർക്കത്തിലും ടാറ്റാ ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 2021ലെ വിധി നേരിട്ട് ചന്ദ്രശേഖരന്റെ ഇപ്പോഴത്തെ പുനർനിയമനം സാധുവാണോ എന്ന ചോദ്യം തീർപ്പാക്കിയിട്ടില്ല. നിലവിലെ വിഷയത്തിൽ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ വ്യവസ്ഥകൾ എങ്ങനെ വ്യാഖ്യാനിക്കണമെന്നതാണ് പ്രധാന നിയമചോദ്യം.

ഇരുവശത്തും പ്രമുഖ നിയമവിദഗ്ധർ

തർക്കം കോടതിയിലെത്താനുള്ള സാധ്യത വർധിച്ചതോടെ രാജ്യത്തെ പ്രമുഖ അഭിഭാഷകർ ഇരുപക്ഷത്തും അണിനിരക്കുകയാണ്.

ടാറ്റാ ട്രസ്റ്റിന്റെ ഭാഗത്ത് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി രംഗത്തെത്തിയിട്ടുണ്ട്. സിറിൽ അമർചന്ദ് മംഗൽദാസ് ഉൾപ്പെടെയുള്ള നിയമസംഘവും ട്രസ്റ്റിനെ ഉപദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ടാറ്റാ സൺസിനും എൻ. ചന്ദ്രശേഖരനും വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഉപദേശം നൽകുന്നതായാണ് റിപ്പോർട്ടുകൾ. അനഗ്രാം പാർട്ണേഴ്സിന്റെ ശുവ മണ്ടൽ ഉൾപ്പെടെയുള്ള നിയമവിദഗ്ധരും ടാറ്റാ സൺസ് പക്ഷത്തുണ്ട്.

ഇത് മറ്റൊരു പ്രത്യേകതയ്ക്കും വഴിവയ്ക്കുന്നു. സൈറസ് മിസ്ത്രിയുമായുള്ള മുൻ നിയമപോരാട്ടത്തിൽ ടാറ്റാ സൺസിനും ടാറ്റാ ട്രസ്റ്റിനും വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിരുന്ന പ്രമുഖ നിയമവിദഗ്ധരാണ് ഇപ്പോൾ രണ്ട് പക്ഷങ്ങളിലായി നിൽക്കുന്നത്.

ചെയർമാൻ നിയമനം മാത്രമല്ല, ടാറ്റാ സൺസിന്റെ ഭാവിയും ചർച്ചയിൽ

നിലവിലെ തർക്കം ചന്ദ്രശേഖരന്റെ പുനർനിയമനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ടാറ്റാ സൺസിന്റെ ഭാവി ഘടനയും, പ്രത്യേകിച്ച് കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമോ എന്നതും ഇരുവിഭാഗങ്ങൾക്കിടയിലെ പ്രധാന ഭിന്നതകളിലൊന്നാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ടാറ്റാ സൺസിന്റെ Core Investment Company രജിസ്ട്രേഷൻ സ്വമേധയാ അവസാനിപ്പിക്കാനുള്ള അപേക്ഷ അംഗീകരിക്കാതിരുന്നതോടെയാണ് ലിസ്റ്റിങ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ടാറ്റാ ട്രസ്റ്റുകൾ ലിസ്റ്റിങ്ങിന് പകരം മറ്റ് നിയമപരമായ മാർഗങ്ങൾ പരിശോധിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ടാറ്റാ സൺസ് ഒരു ആഗോള സ്ഥാപനമെന്ന നിലയിൽ കൂടുതൽ സുതാര്യമായ കോർപ്പറേറ്റ് ഘടനയിലേക്ക് മാറേണ്ടതുണ്ടെന്ന വാദമാണ് സാൽവെ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. ഈ വിഷയത്തിലും ഇരുപക്ഷത്തിന്റെയും നിലപാടുകൾ വ്യത്യസ്തമാണ്.

കോർപ്പറേറ്റ് ലോകം ഉറ്റുനോക്കുന്നു

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശ ഘടനയും ബോർഡ് അധികാരവും ട്രസ്റ്റുകളുടെ പ്രത്യേക അവകാശങ്ങളും സംബന്ധിച്ച നിർണായക നിയമചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കേസ് കോടതിയിലെത്തുകയാണെങ്കിൽ, ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റെ വ്യാഖ്യാനം, ട്രസ്റ്റ് നോമിനി ഡയറക്ടർമാരുടെ അധികാരം, ചെയർമാന്റെ കാസ്റ്റിങ് വോട്ടിന്റെ പരിധി തുടങ്ങിയ വിഷയങ്ങൾ പ്രധാനമാകും.

ഇപ്പോഴത്തെ ഘട്ടത്തിൽ ചന്ദ്രശേഖരന്റെ പുനർനിയമനം സാധുവാണോ അസാധുവാണോ എന്ന് കോടതി തീരുമാനിച്ചിട്ടില്ല. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകൾ ശക്തമായി മുന്നോട്ടുവയ്ക്കുന്നതിനിടെ, നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഭരണഘടനയെയും ഭാവി ഘടനയെയും ബാധിക്കാവുന്ന നിയമപോരാട്ടമായാണ് കോർപ്പറേറ്റ് ലോകം സംഭവവികാസങ്ങളെ ഉറ്റുനോക്കുന്നത്.