എല്ലാ ദിവസവും രാവിലെ 9:30 മുതൽ മേള ആരംഭിക്കും
കോട്ടയം: സംസ്ഥാന ലൈബ്രറി കൗൺസിൽ കേരളത്തിൽ ഉടനീളം നടത്തുന്ന പുസ്തകോത്സവത്തിന് കേട്ടയത്ത് തുടക്കമായി. കേട്ടയത്ത് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സാഹിത്യകാരൻ പ്രൊഫ. എം. കെ. സാനുവിന്റെ പേരിൽ ഒരുക്കിയ ‘എം. കെ. സാനു നഗറി’ലാണ് പുസ്തകോത്സവം നടക്കുന്നത്. സെപ്റ്റംബർ 25 മുതൽ 27 വരെയാണ് പുസ്തകോത്സവം.

വെള്ളിയാഴ്ച രാവിലെ 9.30ന് സോപാന സംഗീതാലാപനത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. ഫ്രാൻസിസ് ജോർജ് എം.പി. പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് സംഭാവന നൽകിയ അഞ്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
പുസ്തക വിൽപ്പനയ്ക്കൊപ്പം വിവിധ സാംസ്കാരിക പരിപാടികളും ചർച്ചകളും സംഗമങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബാലവേദിയുടെ നേതൃത്വത്തിൽ ബാലവേദി സംഗമവും വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും നടക്കും. ‘മാണിക്കമ്പെണ്ണ്’ നാടൻപാട്ട്, രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന ‘പാട്ടും പറച്ചിലും’, കവിയരങ്ങ്, എസ്. ജാനകിയെ അനുസ്മരിച്ചുള്ള ഗാനാഞ്ജലി തുടങ്ങിയ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
എട്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവത്തിൽ നടക്കും. മുരളീധരൻ തഴക്കരയുടെ ‘മണ്ണിൽതൊട്ട പഴമൊഴികൾ’, ജോർജ് സെബാസ്റ്റ്യന്റെ ‘ഇന്നലെ പെയ്ത മഴയിൽ’, കെ. ഗിരീഷിന്റെ ‘രംഗപാഠം’, അജയ് പി. മങ്ങാട്ടിന്റെ ‘കാണാതായ എന്റെ കുതിര’, എം. ആർ. രേണുകുമാറിന്റെ ‘വീണ്ടെടുക്കപ്പെടുന്ന തനിമകൾ’, അഭിനന്ദ് മോഹന്റെ ‘ഓഫ് ദ് റെക്കോർഡ്’, പ്രസന്നൻ ചമ്പക്കരയുടെ ‘രഘുകുലം’, അനിയൻ തലയാറ്റുംപിള്ളിയുടെ ‘യൂറോപ്പിന്റെ ഹൃദയഭൂമിയിലൂടെ’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
കേരളത്തിലെ 60 പ്രമുഖ പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ചരിത്രം, തത്ത്വചിന്ത, വിവർത്തനം, ബാലസാഹിത്യം, ശാസ്ത്ര-സാങ്കേതികം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. കണ്ണൂർ ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രസാധകരായ കൈരളി ബുക്സിന്റെ മുന്നൂറോളം പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് കൈരളി ബുക്സ് ഒരുക്കിയിരിക്കുന്നത്.
പുസ്തകങ്ങൾക്ക് 35 മുതൽ 50 ശതമാനം വരെ വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകൃത ഗ്രന്ഥശാലകൾക്ക് ലഭിക്കുന്ന വാർഷിക പുസ്തക ഗ്രാന്റ് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങുന്നതിനും മേള സൗകര്യമൊരുക്കുന്നു. ഗ്രാമീണ മേഖലയിലെ ഉൾപ്പെടെ വിവിധ ഗ്രന്ഥശാലകൾക്ക് പുതിയ പുസ്തകങ്ങൾ ശേഖരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
