കണ്ണൂർ: മാതൃഭൂമി ബുക്സ് സംഘടിപ്പിക്കുന്ന ‘മീറ്റ് ദി ഓഥർ’ പരിപാടി സെപ്റ്റംബർ 26ന് കണ്ണൂരിൽ നടക്കും. എഴുത്തുകാരി സോണിയ ചെറിയാനാണ് പരിപാടിയിലെ അതിഥി. കണ്ണൂർ സിറ്റി സെന്ററിലെ മാതൃഭൂമി ബുക്സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സോണിയ ചെറിയാന്റെ ‘ഇന്ത്യൻ റെയിൻഫോറസ്റ്റ്’, ‘സ്നോലോട്ടസ്’ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി വായനക്കാരുമായി എഴുത്തുകാരി സംവദിക്കും. പുസ്തകങ്ങളുടെ രചനാനുഭവങ്ങളും കൃതികൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും സോണിയ ചെറിയാൻ പങ്കുവെക്കും.
ഡോ. ദീപമോൾ മാത്യു പരിപാടിയുടെ മോഡറേറ്ററാകും.
മാതൃഭൂമി ബുക്സ് സംഘടിപ്പിക്കുന്ന മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവൽ (MBIFL’27)-ന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യപ്രേമികൾക്കും വായനക്കാർക്കും എഴുത്തുകാരിയുമായി നേരിട്ട് സംവദിക്കാനും കൃതികളെക്കുറിച്ച് കൂടുതൽ അറിയാനും പരിപാടിയിലൂടെ അവസരമൊരുങ്ങും.
