ആറുവരി ദേശീയപാതയിൽ റൂട്ട് ബസുകൾക്ക് വിലക്ക്; കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് ഇളവ്

2026 സെപ്റ്റംബർ 14 • 04:35 PM
അകം ന്യൂസ് ഡെസ്ക്
ആറുവരി ദേശീയപാതയിൽ റൂട്ട് ബസുകൾക്ക് വിലക്ക്; കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് ഇളവ്
ഫോട്ടോ: അകംന്യൂസ്; തളിപ്പറമ്പ് ബക്കളം ദേശിയപാതമേൽ പാലത്തിലൂടെ പോകുന്ന ബസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണം പൂർത്തിയാകുന്ന ആറുവരി ദേശീയപാതകളിൽ സാധാരണ റൂട്ട് ബസ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിലെ പ്രധാന പാതയായ മെയിൻ ക്യാരേജിലൂടെ സ്വകാര്യ റൂട്ട് ബസുകൾക്കും കെഎസ്ആർടിസിയുടെ സാധാരണ സർവീസുകൾക്കും ഇനി സർവീസ് നടത്താനാകില്ല. ഇവ സർവീസ് റോഡുകൾ വഴിയാക്കണമെന്നാണ് പുതിയ നിർദേശം.

ദേശീയപാതയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തടസ്സം കുറയ്ക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന റൂട്ട് ബസുകളെ സർവീസ് റോഡുകളിലേക്ക് മാറ്റുന്നതിലൂടെ ദേശീയപാതയിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

ദീർഘദൂര കെഎസ്ആർടിസി സർവീസുകൾക്ക് ഇളവ്

അതേസമയം, ദീർഘദൂര യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് സർവീസുകൾക്ക് നിയന്ത്രണത്തിൽ ഇളവ് നൽകിയിട്ടുണ്ട്. സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, മിന്നൽ, ഡീലക്സ് തുടങ്ങിയ ദീർഘദൂര സർവീസുകൾക്ക് ആറുവരി ദേശീയപാതയുടെ പ്രധാന പാതയിലൂടെ തന്നെ സർവീസ് നടത്താൻ അനുമതിയുണ്ടാകും.

അതിനാൽ ആറുവരി ദേശീയപാതയിൽ കെഎസ്ആർടിസിക്ക് പൂർണ വിലക്കാണ് ഏർപ്പെടുത്തിയതെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. സാധാരണ റൂട്ട് സർവീസുകൾക്കാണ് നിയന്ത്രണം ബാധകമാകുക; ദീർഘദൂര സൂപ്പർക്ലാസ് സർവീസുകൾക്ക് യാത്ര തുടരാം.

സ്വകാര്യ ബസുകൾക്കും നിയന്ത്രണം

ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും സമാന നിയന്ത്രണമുണ്ട്. പ്രാദേശിക സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന റൂട്ട് സർവീസുകൾ പ്രധാന ദേശീയപാതയിൽ നിന്ന് മാറി സർവീസ് റോഡുകൾ ഉപയോഗിക്കേണ്ടിവരും.

ദേശീയപാതയുടെ പ്രധാന പാതയിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറുവരി പാതയുടെ രൂപകൽപ്പന തന്നെ ഉയർന്ന വേഗതയിലുള്ള തുടർച്ചയായ ഗതാഗതം ലക്ഷ്യമിട്ടുള്ളതായതിനാൽ പ്രാദേശിക സ്റ്റോപ്പ് അടിസ്ഥാനത്തിലുള്ള ബസ് സർവീസുകൾ സർവീസ് റോഡുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

നിയമലംഘിച്ചാൽ കടുത്ത നടപടി

പുതിയ നിർദേശം ലംഘിച്ച് സാധാരണ റൂട്ട് ബസുകൾ ആറുവരി ദേശീയപാതയിലെ പ്രധാന പാതയിലൂടെ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമലംഘനം കണ്ടെത്തിയാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനും ഉത്തരവാദികളായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ദേശീയപാത 66 ആറുവരിയാക്കുന്ന പ്രവൃത്തികൾ വിവിധ ഭാഗങ്ങളിൽ പൂർത്തിയാകുകയും പുതിയ പാതകൾ ഗതാഗതത്തിനായി തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഇതോടെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസിക്കും സർവീസ് ക്രമീകരണങ്ങളിൽ മാറ്റം വരും.

പുതിയ സംവിധാനം യാത്രക്കാരുടെ സുരക്ഷയും ദേശീയപാതയിലെ ഗതാഗത വേഗവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും, സർവീസ് റോഡുകളുടെ നിലവാരം, അവിടുത്തെ ഗതാഗതത്തിരക്ക്, ബസ് സ്റ്റോപ്പുകളുടെ സൗകര്യം തുടങ്ങിയവ യാത്രക്കാരെ സംബന്ധിച്ച് നിർണായകമാകും.