സ്ക്രീനിൽ കൂടുതൽ സമയം; ഉറക്കം കുറയുന്നു, സമ്മർദം കൂടുന്നു: യുവാക്കളുടെ ജീവിതശൈലിയിൽ മാറ്റം

2026 സെപ്റ്റംബർ 29 • 02:57 PM
അകം ന്യൂസ് ഡെസ്ക്
സ്ക്രീനിൽ കൂടുതൽ സമയം; ഉറക്കം കുറയുന്നു, സമ്മർദം കൂടുന്നു: യുവാക്കളുടെ ജീവിതശൈലിയിൽ മാറ്റം

തിരുവനന്തപുരം: മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ജീവിതത്തിന്റെ ഭാഗമായതോടെ യുവാക്കളുടെ ഉറക്കശീലങ്ങളിലും ജീവിതക്രമത്തിലും വലിയ മാറ്റം. രാത്രിയിലും സ്ക്രീനിൽ തുടരുന്ന ശീലം ഉറക്കസമയം കുറയ്ക്കുന്നതിനൊപ്പം സമ്മർദത്തിനും ശ്രദ്ധക്കുറവിനും വഴിയൊരുക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

കേരള സംസ്ഥാന യുവജന കമ്മിഷൻ നടത്തിയ പഠനമാണ് യുവാക്കളുടെ മാറുന്ന ഉറക്കശീലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. 18 മുതൽ 25 വയസുവരെയുള്ള 1,969 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 86 ശതമാനത്തിലേറെ പേരും വൈകിയാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തി. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം ഇതിന് പ്രധാന കാരണങ്ങളിലൊന്നായി സർവേയിൽ ചൂണ്ടിക്കാട്ടുന്നു.

രാത്രികാല മൊബൈൽ ഉപയോഗമാണ് ഉറക്കക്രമത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ശീലങ്ങളിലൊന്ന്. സോഷ്യൽ മീഡിയ, ഓൺലൈൻ വീഡിയോകൾ, ഗെയിമുകൾ എന്നിവയ്ക്കായി രാത്രിയിലും ഫോണിൽ തുടരുന്നത് ഉറങ്ങുന്ന സമയം വീണ്ടും പിന്നോട്ടാക്കുന്നു. സർവേയിൽ പങ്കെടുത്ത 67 ശതമാനം യുവാക്കളും രാത്രി 11 മണിക്ക് ശേഷമാണ് ഉറങ്ങാൻ പോകുന്നതെന്ന് റിപ്പോർട്ട് ചെയ്തു.

ഉറക്കത്തിന്റെ ദൈർഘ്യത്തിലും ആശങ്കപ്പെടുത്തുന്ന കണക്കുകളുണ്ട്. പഠനത്തിൽ പങ്കെടുത്ത 29.6 ശതമാനം പേർക്ക് ദിവസവും ആറ് മണിക്കൂറോ അതിൽ താഴെയോ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. തുടർച്ചയായ ഉറക്കക്കുറവ് ദൈനംദിന പ്രവർത്തനങ്ങളെയും പഠനത്തെയും ജോലിയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗത്തെക്കുറിച്ചുള്ള യുവാക്കളുടെ പ്രതികരണവും ശ്രദ്ധേയമാണ്. സർവേയിൽ പങ്കെടുത്ത 45.8 ശതമാനം പേരും അമിതമായ ഗാഡ്ജറ്റ് ഉപയോഗം ഓർമശക്തി, ചിന്താശേഷി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതായി അഭിപ്രായപ്പെട്ടു.

അതേസമയം, വൈകിയുറങ്ങുന്നതിനുള്ള കാരണം സ്ക്രീൻ ഉപയോഗം മാത്രമല്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രമരഹിതമായ ജീവിതശൈലി, പഠനവുമായി ബന്ധപ്പെട്ട സമ്മർദം, ജോലി സംബന്ധമായ സമ്മർദം തുടങ്ങിയവയും യുവാക്കളുടെ ഉറക്കക്രമത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഡിജിറ്റൽ ഉപകരണങ്ങളെ പൂർണമായി ഒഴിവാക്കുക എന്നതല്ല പരിഹാരം. ഉപയോഗത്തിന് കൃത്യമായ നിയന്ത്രണം കൊണ്ടുവരികയാണ് പ്രധാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഉപയോഗം പരമാവധി കുറയ്ക്കുക, കൃത്യമായ ഉറക്കസമയം പാലിക്കുക, ദിവസത്തിൽ ഇടവേളകളെടുത്ത് സ്ക്രീനിൽ നിന്ന് മാറിനിൽക്കുക തുടങ്ങിയ ശീലങ്ങൾ സഹായകരമാകും.

ശാരീരിക പ്രവർത്തനങ്ങൾക്കും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള നേരിട്ടുള്ള ഇടപെടലുകൾക്കും കൂടുതൽ സമയം കണ്ടെത്തുന്നതും പ്രധാനമാണ്. ഡിജിറ്റൽ ലോകത്തെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിലും അത് ജീവിതത്തിന്റെ മുഴുവൻ സമയവും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറാതിരിക്കാനുള്ള ശ്രദ്ധയാണ് യുവാക്കൾ പുലർത്തേണ്ടത്.