കോഴിക്കോട്: നാടക-ചലച്ചിത്ര താരം സാവിത്രി ശ്രീധരൻ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സാവിത്രി ശ്രീധരൻ കോഴിക്കോട്ടെ മാങ്കാവിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം
മലയാള സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല എന്ന കഥാപാത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമാരംഗത്ത് ശ്രദ്ധേയയാകുന്നത്. ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടിക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.
സിനിമയിലെത്തുന്നതിന് ഏറെ മുമ്പേ നാടകവേദിയിൽ സജീവമായിരുന്നു സാവിത്രി. അഞ്ച് പതിറ്റാണ്ടോളം നാടക രംഗത്ത് പ്രവർത്തിച്ച അവർ കെ.ടി. മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കലിംഗ, ചിരന്തന തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ തുടങ്ങിയ പ്രമുഖ നാടകസംഘങ്ങളുടെയും ഭാഗമായി പ്രവർത്തിച്ചു.
‘ഇതു ഭൂമിയാണ്’, ‘കാഫർ’, ‘സൃഷ്ടി’, ‘ദീപസ്തംഭം മഹാശ്ചര്യം’, ‘അച്ഛനും ബാപ്പയും’, ‘സാക്ഷാത്ക്കാരം’, ‘കുചേലവൃത്തം’, ‘സമന്വയം’, ‘രാജസഭ’ തുടങ്ങിയ നാടകങ്ങളിൽ സാവിത്രി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘രാജസഭ’യിലെ ഐഷക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സംസ്ഥാന സർക്കാരിന്റെ മികച്ച നാടക നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് പിന്നാലെ ‘ഡാകിനി’, ‘വൈറസ്’, ‘മേരാ നാം ഷാജി’, ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’, ‘ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന’, ‘പട’, ‘പാപ്പൻ’, ‘ക്രിസ്റ്റി’ തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രീധരൻ വേഷമിട്ടു.
നാടകവേദിയിലെ ദീർഘകാല അനുഭവവും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് മലയാള സിനിമയിൽ വേറിട്ട ഇടം നേടിയ സാവിത്രി ശ്രീധരന്റെ വിയോഗം കലാരംഗത്തിന് വലിയ നഷ്ടമാണ്.
