റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കൽ പ്രതിഷേധം മാത്രം പോര, തീരുമാനം തിരുത്തിക്കണം

2026 ഓഗസ്റ്റ് 23 • 09:50 AM
അകം ന്യൂസ് ഡെസ്ക്

പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ വേർപെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ തീരുമാനം കേരളത്തിന്റെ റെയിൽവേ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമായി മാറിയിരിക്കുകയാണ്. സംസ്ഥാന സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെ, കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ ഉണ്ടായ തീരുമാനത്തിനെതിരെ പ്രതിഷേധം കേരളം ഒട്ടാകെ ശക്തമാക്കണം

ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം റിപ്പോർട്ട് തേടിയതെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞത് സ്വാഗതാർഹമായ ഇടപെടലാണ്.

അതുപോലെ പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിനെതിരെ യുഡിഎഫ് എംപിമാർ തിരുവോണ ദിവസം പാലക്കാട് ഡിവിഷൻ ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്താൻ തീരുമാനിച്ചതും ശ്രദ്ധേയമാണ്.

എന്നാൽ ഇവിടെ ഒരു കാര്യം വളരെ വ്യക്തമായി പറയേണ്ടതുണ്ട് കേരളത്തിന് വേണ്ടത് പ്രതിഷേധത്തിന്റെ വാർത്തയല്ല വേണ്ടത് വെട്ടിമുറിക്കൽ തീരുമാനത്തിന്റെ തിരുത്തലാണ് ഉണ്ടാവേണ്ടത്.

യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം ഒരു രാഷ്ട്രീയ പരിപാടിയായി മാത്രം മാറരുത്. അത് കേന്ദ്ര സർക്കാരിനുമേൽ ഫലപ്രദമായ സമ്മർദമായി മാറണം. കേന്ദ്ര റെയിൽവേ മന്ത്രിയുടെ റിപ്പോർട്ട് തേടൽ നടപടിയിൽ നിന്ന് വിഷയം അവസാനിക്കാതെ, റെയിൽവേ ബോർഡിന്റെ തീരുമാനത്തെ തിരുത്തിക്കാൻ കഴിയണം

ഒരു ദിവസം ഉപവസിച്ചു, ഒരു നിവേദനം നൽകി, ഒരു വാർത്താസമ്മേളനം നടത്തി, വിഷയം അവസാനിക്കുന്നതുകൊണ്ട് കേരളത്തിന് യാതൊരു ഗുണവുമില്ല.

കേരളത്തിന്റെ റെയിൽവേ താൽപര്യത്തിന് അനുകൂലമായ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാഷ്ട്രീയ ഇടപെടൽ തുടരേണ്ടതുണ്ട്.

യുഡിഎഫ് എംപിമാർ ഈ വിഷയത്തിൽ മുന്നോട്ടുവന്നതിനെ രാഷ്ട്രീയ എതിരാളികൾ എന്ന നിലയിൽ മാത്രം കാണേണ്ട കാര്യമില്ല. കേരളത്തിന്റെ താൽപര്യത്തിനായി ഒരു രാഷ്ട്രീയ മുന്നണി ഇടപെടുമ്പോൾ അതിന് ആവശ്യമായ പിന്തുണ നൽകേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്.

അതേ സമയം യുഡിഎഫിനോടും ഒരു കാര്യം പറയേണ്ടതുണ്ട്.

ഈ ഇടപെടൽ പേരിന് മാത്രം കണ്ണിൽപ്പെടുന്ന പ്രതിഷേധമായി മാറരുത്.

സത്യഗ്രഹത്തിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ വരുന്നതിലും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതിലും കാര്യമില്ല. കേന്ദ്ര സർക്കാരുമായി തുടർച്ചയായ ചർച്ചകൾ നടത്തുകയും റെയിൽവേ മന്ത്രാലയത്തെയും റെയിൽവേ ബോർഡിനെയും തീരുമാനം മരവിപ്പിക്കാൻ നിർബന്ധിതരാക്കുകയും വേണം.

കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരും ഒരേ നിലപാടിൽ നിൽക്കണം. പാർലമെന്റിനകത്തും പുറത്തും വിഷയം തുടർച്ചയായി ഉന്നയിക്കണം. കേന്ദ്ര മന്ത്രിമാരുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തണം. പാലക്കാട് ഡിവിഷന്റെ വരുമാനം, പനമ്പൂർ ഗുഡ്സ് യാർഡിന്റെ പ്രാധാന്യം, മംഗളൂരു മേഖലയിലെ യാത്രക്കാരുടെ എണ്ണം, നിലവിലുള്ള ട്രെയിൻ സർവീസുകൾ, മലബാറിന്റെ ഭാവി റെയിൽ ആവശ്യകതകൾ എന്നിവ കണക്കുകളോടെ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കണം.

പ്രതിഷേധം തീരുമാനത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയ സമ്മർദമായി മാറുമ്പോഴാണ് അതിന് അർഥമുണ്ടാകുന്നത്.


ഇത് യുഡിഎഫിന്റെയോ എൽഡി എഫിൻ്റെയോ മാത്രം വിഷയമല്ല കേരളത്തിൻ്റെ മൊത്തമായിട്ടുള്ള വിഷയമായി ഈ സംഭവത്തെ കാണണം. അതുപോലെ തന്നെ കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ഏതെങ്കിലും ഒരു മുന്നണിയുടെ രാഷ്ട്രീയ ഉത്തരവാദിത്തമായി ചുരുക്കുന്നത് കേരളത്തിന് തന്നെ ദോഷകരമാണ് എന്ന് ഓർക്കുന്നത് നന്നായിരിക്കും.

സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കൂടുതൽ ശക്തമായി ഇടപെടണം. മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയുമായി സംസാരിക്കുകയും കേരളത്തിന്റെ ആശങ്കകൾ രേഖാമൂലം അറിയിക്കുകയും വേണം. കേരളത്തിലെ മുഴുവൻ എംപിമാരെയും എം എൽ എ മാരെയും ഉൾപ്പെടുത്തി സർവകക്ഷി പ്രതിനിധി സംഘത്തെ ഡൽഹിയിൽ എത്തിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം.

യുഡിഎഫ് എംപിമാർ സമരം പ്രഖ്യാപിച്ചിരിക്കുമ്പോൾ എൽഡിഎഫ് എംപിമാരും അതിനൊപ്പം നിൽക്കണം. അതേ ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിക്കണം. പാർലമെന്റിൽ വിഷയം ഉയർത്തണം.

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്. കേന്ദ്ര സർക്കാരിന്റെ ഭാഗമായിരിക്കുന്ന ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിന്റെ ആശങ്ക കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുന്നിൽ ശക്തമായി അവതരിപ്പിക്കണം. റെയിൽവേ തീരുമാനം കേരളത്തിന് ദോഷകരമാണെങ്കിൽ അത് തിരുത്തണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തോട് ഉന്നയിക്കണം. അതിൽ തിരുത്തൽ വരുത്തിക്കണം

ബിജെപി സംസ്ഥാന അധ്യക്ഷനും ഈ വിഷയത്തിൽ മൗനം പാലിക്കരുത്. കേന്ദ്ര സർക്കാരിനോടും റെയിൽവേ മന്ത്രാലയത്തോടും കേരളത്തിന്റെ ആവശ്യം വ്യക്തമാക്കണം.

കേരളത്തിന്റെ റെയിൽവേ വിഷയത്തിൽ കേന്ദ്രത്തോടൊപ്പം നിൽക്കുന്നതാണോ, കേരളത്തോടൊപ്പം നിൽക്കുന്നതാണോ എന്നത് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ട സമയമാണിത്.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം മാത്രം കൊണ്ട് ഈ പോരാട്ടം വിജയിക്കണമെന്നില്ല. ഇതിൽ

മലബാറിലെ റെയിൽ യാത്രക്കാർ തന്നെ ശക്തമായ ജനകീയ സമ്മർദമായി മാറണം.

ദിവസേന ട്രെയിനിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ, വ്യാപാരികൾ, രോഗികൾ, സ്ത്രീകൾ, മുതിർന്നവർ — എല്ലാവരുടെയും യാത്രാദുരിതം ഈ വിഷയത്തിന്റെ ഭാഗമാകണം.

മലബാറിൽ ആവശ്യത്തിന് ട്രെയിനുകളില്ല. നിലവിലുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ്. പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നു. സർവീസുകളുടെ എണ്ണം വർധിപ്പിക്കേണ്ട സമയത്ത് പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി തന്നെ കുറയ്ക്കുന്ന തീരുമാനം വന്നാൽ ഭാവിയിലെ ട്രെയിൻ വികസനത്തിന് അത് തിരിച്ചടിയാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.

അതുകൊണ്ട് യാത്രക്കാരുടെ സംഘടനകൾ ഒരു 'മലബാർ റെയിൽവേ ചാർട്ടർ' തയ്യാറാക്കണം.

പുതിയ ട്രെയിനുകൾ, അധിക സർവീസുകൾ, സമയക്രമ പരിഷ്കരണം, സ്റ്റേഷൻ വികസനം, യാത്രക്കാരുടെ സുരക്ഷ, ചരക്കുനീക്ക സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ കൃത്യമായി രേഖപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കണം.

മംഗളൂരു തുറമുഖവും പനമ്പൂർ ഗുഡ്സ് യാർഡും മലബാറിന്റെയും കേരളത്തിന്റെയും വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് കൂടി കിടക്കുന്ന   സംവിധാനങ്ങളാണ്. ചരക്കുനീക്കം, വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ മേഖലകളെല്ലാം റെയിൽവേയുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു

അതുകൊണ്ട് വ്യാപാരി-വ്യവസായി സംഘടനകളും വ്യവസായ സ്ഥാപനങ്ങളും ലോജിസ്റ്റിക്സ് മേഖലയിലുള്ളവരും ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണം.

റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നത് കേരളത്തിന്റെ വ്യാപാര സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് കണക്കുകളോടെ കേന്ദ്ര സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കണം.

ഇത്തരം വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ വലിയ ശക്തിയാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിൽ മാത്രം അത് ഒതുങ്ങരുത്.

യാത്രക്കാരുടെ യഥാർഥ അനുഭവങ്ങൾ, ട്രെയിനുകളിലെ തിരക്ക്, സീറ്റ് ലഭിക്കാത്ത അവസ്ഥ, പുതിയ ട്രെയിനുകൾക്കായുള്ള ആവശ്യങ്ങൾ, മലബാറിന്റെ റെയിൽ യാത്രാ ദുരിതം എന്നിവ വീഡിയോ രൂപത്തിൽ പുറത്തുകൊണ്ടുവരണം.

#SavePalakkadDivision

#SaveMalabarRailways

#RailwayJusticeForKerala

പോലുള്ള ക്യാംപയിനുകളിലൂടെ കേരളത്തിന്റെ ശബ്ദം ദേശീയതലത്തിലെത്തിക്കണം.

വ്യാജ കണക്കുകളോ രാഷ്ട്രീയ അധിക്ഷേപങ്ങളോ അല്ല, കൃത്യമായ വിവരങ്ങളും ജനങ്ങളുടെ അനുഭവങ്ങളും ആയിരിക്കണം ഈ പ്രചാരണത്തിന്റെ അടിസ്ഥാനം.

യുഡിഎഫ് എംപിമാർ പ്രഖ്യാപിച്ച സത്യഗ്രഹം ഈ വിഷയത്തിൽ ഒരു തുടക്കമാകട്ടെ. അതിന്റെ പേരിൽ എൽഡിഎഫ് മാറിനിൽക്കരുത്. ബിജെപി കേന്ദ്ര സർക്കാരിന്റെ ഭാഗമാണെന്ന പേരിൽ മൗനം പാലിക്കരുത്. മറ്റ് രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും വ്യാപാരി-വ്യവസായി സമൂഹവും ഈ പോരാട്ടത്തിന്റെ ഭാഗമാകണം.

കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഒരു സർവകക്ഷി പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണണം.

ഒറ്റ പാർട്ടിയുടെ നിവേദനമല്ല, കേരളത്തിന്റെ സംയുക്ത ആവശ്യം കേന്ദ്ര സർക്കാരിന്റെ മുന്നിലെത്തണം.

അപ്പോഴാണ് ഈ പ്രതിഷേധത്തിന് രാഷ്ട്രീയമായ ഒന്ന് എന്നതിന് അപ്പുറം കേരളത്തിൻ്റെ ശബ്ദമായി മാറുക.

ഇപ്പോൾ വേണ്ടത് ആരുടെ സമരമാണ് വലുതെന്ന് തെളിയിക്കാനുള്ള മത്സരമല്ല.

ആരാണ് ആദ്യം പ്രസ്താവന നടത്തിയത് എന്ന തർക്കവുമല്ല.

ആരാണ് കൂടുതൽ പോസ്റ്ററുകൾ ഇറക്കിയത് എന്ന മത്സരവുമല്ല.

മംഗളൂരു ഉൾപ്പെടെയുള്ള മേഖലകൾ പാലക്കാട് ഡിവിഷനിൽ നിലനിർത്താനുള്ള സാധ്യത പരിശോധിക്കുക. അതിന് സാധ്യമല്ലെങ്കിൽ കേരളത്തിന്റെ യാത്രാ-വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ബദൽ സംവിധാനങ്ങൾ ഉറപ്പാക്കുക. മലബാറിന് പുതിയ ട്രെയിനുകളും കൂടുതൽ സർവീസുകളും ലഭ്യമാക്കുക. പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി തകർക്കുന്ന സാഹചര്യം ഒഴിവാക്കുക.

യുഡിഎഫ് എംപിമാരുടെ ഇപ്പോഴത്തെ ഇടപെടൽ അതിലേക്ക് നയിക്കുന്നുവെങ്കിൽ അത് സ്വാഗതം ചെയ്യണം. പക്ഷേ അത് അവിടെ അവസാനിക്കരുത്. എൽഡിഎഫും ബിജെപിയും മറ്റ് രാഷ്ട്രീയ കക്ഷികളും അതിനൊപ്പം ചേരണം. യാത്രക്കാരും വ്യാപാരികളും അവരുടെ ശബ്ദം ഉയർത്തണം. സംസ്ഥാന സർക്കാർ ഏകോപനം ഏറ്റെടുക്കണം.

ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയം എന്നതിലുപരി കേരളത്തിന്റെ റെയിൽവേ അവകാശങ്ങളുടെ വിജയമാണ് ഇവിടെ ആവശ്യം.

പാലക്കാട് ഡിവിഷന്റെ ഭൂപടത്തിൽ വരയ്ക്കുന്ന ഒരു രേഖ കേരളത്തിന്റെ റെയിൽവേ ഭാവിയെ നിർണയിക്കരുത്.

ഇന്ന് മംഗളൂരു നഷ്ടപ്പെടുമ്പോൾ നാളെ മലബാറിന് പുതിയ ട്രെയിൻ ചോദിക്കാനുള്ള അവകാശം പോലും ദുർബലമാകുന്ന സാഹചര്യം ഉണ്ടാകരുത്.

അതുകൊണ്ട് പ്രതിഷേധം ഉണ്ടാകണം.

രാഷ്ട്രീയ ഇടപെടൽ വേണം.

ജനകീയ സമ്മർദം ശക്തമാക്കണം.

വ്യാപാര സമൂഹത്തിന്റെ ശബ്ദം ഉയരണം.

സോഷ്യൽ മീഡിയ ക്യാംപയിൻ വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടാകുന്നത് വരെ തുടരണം.

കേരളത്തിന്റെ റെയിൽവേ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ കേന്ദ്ര തീരുമാനം തിരുത്തുന്നതുവരെ ഈ പോരാട്ടം അവസാനിക്കരുത് അതിനായി കേരളജനത ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണം.