കൊച്ചി: യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (CCI) സമീപിച്ചു. ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് പുതിയ നിയമപോരാട്ടത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റവുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്. ഹർജിയിലെ പ്രധാന ആരോപണങ്ങൾ: * വിപണിയിലെ സമത്വത്തിന് എതിര്: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെ.എസ്.ആർ.ടി.സിക്ക് മാത്രം നേട്ടമുണ്ടാക്കാൻ ഇടയാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. * വൻ സാമ്പത്തിക നഷ്ടം: സൗജന്യ യാത്ര ലഭ്യമായതോടെ പ്രൈവറ്റ് സ്റ്റേജ് കാര്യേജുകളിൽ നിന്ന് വൻതോതിൽ സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറി. ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ വൻതോതിൽ ബാധിക്കുകയും സർവീസ് നടത്തിപ്പ് സാമ്പത്തികമായി നഷ്ടത്തിലാക്കുകയും ചെയ്തു. * ബസ് സർവീസുകൾ നിർത്തലാക്കുന്നു: സാമ്പത്തിക നഷ്ടം കാരണം ഇതിനകം 750-ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. * തൊഴിൽ നഷ്ടം: ഓരോ ദിവസവും കൂടുതൽ സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് ഒഴിയുന്നത് നഷ്ടം വർദ്ധിപ്പിക്കുന്നു. ബസ് സർവീസുകൾ നിലയ്ക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നതിനാണ് ഇടയാക്കുന്നത്. വിപണിയിലെ തുല്യ മത്സര അന്തരീക്ഷത്തിന് വിരുദ്ധമാണ് സർക്കാരിന്റെ ഈ പദ്ധതിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
സമകാലികം
പ്രിയദർശിനി സൗജന്യ ബസ് യാത്ര നിർത്തലാക്കുമോ?: പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസിഐക്ക് ഹർജി
