തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് സമരത്തിലേക്ക് നീങ്ങാൻ തീരുമാനം. ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ സംസ്ഥാന സമിതിയാണ് എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് സമരത്തിലേക്ക് പോകാൻ തീരുമാനിച്ചത്. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ഒരിക്കൽ കൂടി കാണുമെന്ന് ബസുടമകൾ അറിയിച്ചു.
സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ മേഖലയെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നിർദേശങ്ങളില്ലെന്നാണ് ബസുടമകളുടെ ആരോപണം. ഇതാണ് സർവീസ് നിർത്തിവെച്ച് സമരത്തിലേക്ക് പോകാൻ തീരുമാനിച്ചതിന് പ്രധാന കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ മറ്റ് സ്വകാര്യ ബസ് സംഘടനകളുമായും സമരവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.
മിനിമം ചാർജ് 15 രൂപയാക്കണം
നിലവിലെ മിനിമം യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ ശക്തമാക്കിയിട്ടുണ്ട്. 2022ൽ നിശ്ചയിച്ച നിരക്ക് വർധിപ്പിക്കണമെന്നാണ് ആവശ്യം. മിനിമം ചാർജ് 15 രൂപയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രാ നിരക്ക് പരിഷ്‌കരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
ഡീസലിന് സബ്‌സിഡി അനുവദിക്കണമെന്നും സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 15 വർഷമായി ഉന്നയിച്ചുവരുന്നതായും ബസുടമകൾ പറയുന്നു.
സർക്കാർ നിലപാട് നിർണായകം
സമരത്തിന്റെ തുടർനടപടികൾ സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്ന നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് സൂചന.
സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തിയാൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ അത് കാര്യമായി ബാധിക്കും. വിദ്യാർഥികളടക്കമുള്ള വലിയൊരു വിഭാഗം യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ സമരം നീണ്ടാൽ യാത്രാക്ലേശം രൂക്ഷമാകാനും സാധ്യതയുണ്ട്.
