നടൻ പൃഥ്വിരാജിന് ടെന്നിസ് എൽബോ

2026 സെപ്റ്റംബർ 17 • 03:35 PM
അകം ന്യൂസ് ഡെസ്ക്
നടൻ പൃഥ്വിരാജിന് ടെന്നിസ് എൽബോ

മുംബൈ: ടെന്നിസ് എൽബോയെ തുടർന്ന് റിസ്റ്റ് ബ്രേസ് ധരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. പുതിയ ചിത്രം ‘ദായ്റ'യുടെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇടതുകൈയിൽ ബ്രേസ് ധരിച്ച നിലയിൽ താരം എത്തിയത്.

കൈയിലെ ബ്രേസിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ടെന്നിസ് എൽബോയുടെ ചെറിയ ബുദ്ധിമുട്ട് നേരിടുന്നതായി പൃഥ്വിരാജ് വ്യക്തമാക്കിയത്. കുറച്ച് നാളായി ഈ പ്രശ്നമുണ്ടെന്നും കുറച്ച് ദിവസത്തേക്ക് റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ബ്രേസ് അഴിച്ചുവയ്ക്കാമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ഉറങ്ങുമ്പോൾ പോലും അത് അഴിക്കരുതെന്ന് ഡോക്ടർ കർശനമായി നിർദേശിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ചികിത്സയുടെ ഭാഗമായാണ് ബ്രേസ് ധരിക്കുന്നതെന്നും താരം പറഞ്ഞു.

കൈമുട്ടിന് സമീപമുള്ള ടെൻഡോണുകളിൽ ആവർത്തിച്ചുള്ള ഉപയോഗമോ അമിത സമ്മർദമോ മൂലം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയുമാണ് ടെന്നിസ് എൽബോ എന്നറിയപ്പെടുന്നത്. ടെന്നിസ് കളിക്കാർക്ക് മാത്രമല്ല, കൈയും കൈമുട്ടും തുടർച്ചയായി ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം ഉണ്ടാകാം. കൈമുട്ടിന് സമീപമുള്ള വേദന, വസ്തുക്കൾ ഉയർത്തുമ്പോഴും പിടിക്കുമ്പോഴും വേദന കൂടുക, കൈമുട്ടിൽനിന്ന് കൈക്കുഴയിലേക്ക് വേദന അനുഭവപ്പെടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

അതേസമയം, പൃഥ്വിരാജും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ‘ദായ്റ’ റിലീസിന് ഒരുങ്ങുകയാണ്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. കുറ്റകൃത്യം, നിയമം, നീതി, ശിക്ഷ എന്നിവ പ്രമേയമാക്കുന്ന ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജും കരീനയും പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.