പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് നീക്കം ചെയ്യാൻ ഇനി വിവാഹമോചന ഉത്തരവ് നിർബന്ധമല്ല; ഹൈക്കോടതി

2026 സെപ്റ്റംബർ 24 • 05:33 PM
അകം ന്യൂസ് ഡെസ്ക്
പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് നീക്കം ചെയ്യാൻ ഇനി വിവാഹമോചന ഉത്തരവ് നിർബന്ധമല്ല; ഹൈക്കോടതി

കൊച്ചി: വിവാഹമോചനത്തിന് ശേഷം പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന മുൻ പങ്കാളിയുടെ പേര് നീക്കം ചെയ്യുന്നതിനായി നിർബന്ധമായും കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് പാസ്‌പോർട്ട് അധികൃതർക്ക് ആവശ്യപ്പെടാനാകില്ലെന്ന് കേരള ഹൈക്കോടതി. പാസ്‌പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിർബന്ധം ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർണായക ഉത്തരവ്. 

കേസിന് പിന്നിലെ സാഹചര്യം

കാസർഗോഡ് സ്വദേശിനിയായ 28കാരി ആയിഷത്ത് ബുനയാത്തും മുൻ ഭർത്താവ് അബ്ദുൽ റഷീദ് അംബർ ഇബ്രാഹിമും തമ്മിലുള്ള വിവാഹബന്ധവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ്. ഇരുവരും തമ്മിലുള്ള വിവാഹം 2015 ഓഗസ്റ്റ് 31-നായിരുന്നു. പിന്നീട് ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ മുബാറാത്ത് നാമ മുഖേന 2025 ജൂലൈ 9ന് വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. 

വിവാഹബന്ധം അവസാനിച്ചതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കുമ്പോൾ മുൻ ഭർത്താവിന്റെ പേരും അതിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരുന്ന സ്വന്തം പേരിലെ മാറ്റവും തിരുത്താൻ യുവതി അപേക്ഷ നൽകി. എന്നാൽ, പാസ്‌പോർട്ട് അധികൃതർ കോടതിയിൽ നിന്നുള്ള വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. 

2024ലെ കേന്ദ്ര നിർദേശം എന്തായിരുന്നു?

2024 സെപ്റ്റംബർ 6ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് നീക്കം ചെയ്യുന്നതിനായി Divorce Order/Decree സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. പാസ്‌പോർട്ടിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനാണ് ഈ നിർദേശം കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. 

എന്നാൽ, ഈ നിർദേശം നിലവിലുള്ള Passport Rules, 1980-ലെ വ്യവസ്ഥകൾക്ക് മുകളിലായി പ്രയോഗിക്കാനാകുമോ എന്നതായിരുന്നു കേസിലെ പ്രധാന നിയമപ്രശ്നം.

ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം

പാസ്പോർട്ട് റൂൾസി-ന്റെ Schedule III-ലെ നിർദേശങ്ങൾ പരിശോധിച്ച കോടതി, വിവാഹമോചനത്തിന് ശേഷം നിലവിലുള്ള പാസ്‌പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യുന്നതിനായി കോടതിയുടെ വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് ചട്ടത്തിൽ പറയുന്നില്ല എന്ന് വ്യക്തമാക്കി.

ചട്ടത്തിൽ തന്നെ കോടതി ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ഒരു ഓഫീസ് മെമ്മോറാണ്ടം വഴി അത്തരമൊരു അധിക നിബന്ധന ഏർപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 

കൂടാതെ, മുസ്ലിം വ്യക്തിനിയമപ്രകാരം മുബാറാത്ത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന്റെ അംഗീകൃത രീതിയാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം വിവാഹമോചനത്തിന് കോടതിയുടെ മുദ്ര നിർബന്ധമല്ലെന്ന മുൻവിധികളും കോടതി പരിഗണിച്ചു. 

പാസ്‌പോർട്ട് ഓഫീസിന് നിർദേശം

ഹർജിക്കാരിയുടെ പാസ്‌പോർട്ട് അപേക്ഷയിൽ മുൻ ഭർത്താവിന്റെ പേര് നീക്കം ചെയ്യുന്നതിനുള്ള നടപടി കോടതിയുടെ വിവാഹമോചന ഡിക്രി നിർബന്ധമാക്കാതെ, നിയമാനുസൃതമായി പരിഗണിച്ച് പരമാവധി ഒരു മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കാനാണ് റീജിയണൽ പാസ്‌പോർട്ട് ഓഫീസർക്ക് ഹൈക്കോടതി നിർദേശം നൽകിയത്. 

അതേസമയം, ഈ വിധി എല്ലാ തരത്തിലുള്ള പാസ്‌പോർട്ട് അപേക്ഷകൾക്കും ബാധകമായ പൊതുതത്വമായി കാണരുതെന്നും, വിവാഹമോചിതരായ വ്യക്തികൾ നിലവിലുള്ള പാസ്‌പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് നീക്കം ചെയ്യുകയോ പേര് മാറ്റുകയോ ചെയ്യുന്ന സാഹചര്യമാണ് കോടതി പരിഗണിച്ചതെന്നും വിധിയിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.