തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ അടർത്തിമാറ്റി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ നീക്കം ഏകപക്ഷീയവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സതേൺ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മംഗലാപുരം ജങ്ഷനെ പാലക്കാട് ഡിവിഷനിൽനിന്ന് ഒഴിവാക്കുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെ ഗുരുതരമായി ബാധിക്കുമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവ് പാലക്കാട് ഡിവിഷന്റെ ഭാവി വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷന്റെ പ്രവർത്തനപരമായ പ്രാധാന്യവും വരുമാന ശേഷിയും കണക്കിലെടുക്കാതെയുള്ള ഇത്തരം മാറ്റങ്ങൾ കേരളത്തിന്റെ റെയിൽവേ വികസനത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗലാപുരം ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളും മേഖലകളും പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും റെയിൽവേ ബോർഡ് ഏകപക്ഷീയമായ തീരുമാനങ്ങളിൽനിന്ന് പിന്മാറണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.