കൊച്ചി:ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’ സിനിമയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവാദം. ചിത്രത്തിന്റെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ സൗണ്ട് ഡിസൈനറും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ അജയൻ അടാട്ട് നടത്തിയ കമന്റാണ് ചർച്ചയായത്. ചിത്രം ആർഎസ്എസ് അനുഭാവ സിനിമയാണെന്ന തരത്തിലായിരുന്നു അജയന്റെ പരാമർശം. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ രതീഷ് വേഗയും അണിയറപ്രവർത്തകരും രംഗത്തെത്തി.
‘ഓപ്പറേഷൻ ത്രാൾ’ സൗണ്ട് ഡിസൈനർ ആർ.എസ്. വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടീസർ സൗണ്ട് ഡിസൈൻ മേക്കിങ് വീഡിയോയ്ക്ക് താഴെയാണ് അജയൻ അടാട്ട് കമന്റിട്ടത്. അജയന്റെ പരാമർശത്തിന് പിന്നാലെ ആർ.എസ്. വിക്കി തന്നെ പ്രതികരിക്കുകയും ചെയ്തു. സഹപ്രവർത്തകന്റെ വർക്കിനോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നായിരുന്നു വിക്കിയുടെ ചോദ്യം.
തുടർന്നാണ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് വേഗ പ്രതികരണവുമായി എത്തിയത്. ഒരേ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളിൽനിന്ന് ഇത്തരമൊരു കമന്റ് കണ്ടതിൽ നിരാശയുണ്ടെന്ന് രതീഷ് വേഗ പറഞ്ഞു. ഒരു സിനിമ ഒരുക്കുന്നതിനുപിന്നിലെ കഠിനാധ്വാനവും പരിശ്രമവും അജയൻ അടാട്ടിന് അറിയാമെന്നിരിക്കെ ഇത്തരം പ്രതികരണം ഉണ്ടായതിൽ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ സഹപ്രവർത്തകരായ കലാകാരന്മാരോട് കുറച്ചെങ്കിലും ബഹുമാനം പുലർത്തണമെന്നാണ് വിശ്വസിക്കുന്നതെന്നും രതീഷ് വേഗ പ്രതികരിച്ചു.
സംവിധായകന്റെ പ്രതികരണത്തിന് പിന്നാലെ സൗണ്ട് ഡിസൈനറും റീ-റെക്കോർഡിങ് മിക്സറുമായ എം.ആർ. രാജാകൃഷ്ണനും അജയൻ അടാട്ടിന്റെ കമന്റിനെതിരെ രംഗത്തെത്തി. വ്യവസായത്തിലെ മികച്ച സാങ്കേതിക പ്രവർത്തകരിലൊരാളായ അജയനിൽനിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായതിൽ ആശ്ചര്യമുണ്ടെന്നും കമന്റിന് പിന്നിലെ കാരണം അറിയാൻ ആഗ്രഹിക്കുന്നുവെന്നും രാജാകൃഷ്ണൻ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജും പ്രതികരിച്ചു.
‘രാഷ്ട്രീയ പ്രചാരണ സിനിമയല്ല’; ഔദ്യോഗിക വിശദീകരണവുമായി അണിയറപ്രവർത്തകർ
വിവാദം ശക്തമായതിന് പിന്നാലെ ‘ഓപ്പറേഷൻ ത്രാൾ’ ടീമും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി.
‘ഓപ്പറേഷൻ ത്രാൾ’ ഒരു യഥാർഥ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സിനിമയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ദേശീയ സുരക്ഷ, ധീരത, രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻപോലും മാറ്റിവെക്കുന്ന മനുഷ്യരുടെ കഥ എന്നിവയാണ് സിനിമയുടെ പ്രമേയമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽനിന്നാണ് ചിത്രത്തിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്. ഇന്ത്യയെക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള കഥ പറയാനാണ് സിനിമ ശ്രമിക്കുന്നതെന്നും ടീം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, സിനിമയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഒരു രാഷ്ട്രീയ പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള അധിക്ഷേപകരവും രാഷ്ട്രീയ വിദ്വേഷം നിറഞ്ഞതുമായ കമന്റുകൾ വന്നത് നിരാശാജനകമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായങ്ങളും ആശയപരമായ വിശ്വാസങ്ങളും പ്രകടിപ്പിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് സിനിമയിൽ ഇടമുണ്ടെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കലും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനുള്ള കാരണമാകരുതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ചലച്ചിത്ര രംഗത്ത് അവാർഡ് നേടിയിട്ടുള്ള ഒരാളിൽനിന്ന് ഇത്തരമൊരു കമന്റ് ഉണ്ടായത് കൂടുതൽ ദൗർഭാഗ്യകരമാണെന്നും സിനിമാ ടീം വ്യക്തമാക്കി. മറ്റുള്ളവരുടെ ജോലിയോടും തെരഞ്ഞെടുപ്പുകളോടും ബഹുമാനം പുലർത്തുന്നതിലൂടെയാണ് ഒരാളുടെ പദവിയും അനുഭവസമ്പത്തും പ്രതിഫലിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
‘ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ലെന്നും, യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തെ സംരക്ഷിക്കുന്നതിലെ ധീരത, പ്രതിബദ്ധത, ത്യാഗം എന്നിവയെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ അധിക്ഷേപങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും സിനിമയ്ക്ക് പിന്നിലെ ആത്മാർത്ഥമായ ശ്രമത്തെ രാഷ്ട്രീയ അധിക്ഷേപമായി മാറ്റുന്നതും അംഗീകരിക്കാനാകില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓപ്പറേഷൻ ത്രാൾ’ ദേശീയ സുരക്ഷയും എൻഐഎ അന്വേഷണവും പ്രമേയമാക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ എൻഐഎ ഉദ്യോഗസ്ഥനായാണ് ജയസൂര്യ എത്തുന്നത്. റിതിക സിങ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
അജയൻ അടാട്ടിന്റെ കമന്റിനെ തുടർന്നുണ്ടായ വിവാദത്തിൽ, സിനിമയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള ചർച്ചയും ഒരു സഹപ്രവർത്തകന്റെ സൃഷ്ടിയോടുള്ള പ്രതികരണത്തിന്റെ രീതിയെക്കുറിച്ചുള്ള ചോദ്യങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അതേസമയം, തങ്ങളുടെ ചിത്രം രാഷ്ട്രീയ പ്രചാരണത്തിനുള്ളതല്ലെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയാണിതെന്നുമാണ് ‘ഓപ്പറേഷൻ ത്രാൾ’ ടീമിന്റെ ഔദ്യോഗിക വിശദീകരണം.
