ഒക്ടോബറിലും വൈദ്യുതി സർചാർജ്; യൂണിറ്റിന് 3 പൈസ അധികം ഈടാക്കും

2026 സെപ്റ്റംബർ 28 • 07:30 PM
അകം ന്യൂസ് ഡെസ്ക്
ഒക്ടോബറിലും വൈദ്യുതി സർചാർജ്; യൂണിറ്റിന് 3 പൈസ അധികം ഈടാക്കും

തിരുവനന്തപുരം : വൈദ്യുതി ഉപഭോക്താക്കൾക്ക് വീണ്ടും അധികബാധ്യത. ഒക്ടോബർ മാസത്തിലും വൈദ്യുതി ബില്ലിൽ സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) തീരുമാനിച്ചു. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് അധികമായി ഈടാക്കുക.

ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബിക്ക് 6.88 കോടി രൂപ അധികമായി ചെലവായതിനെ തുടർന്നാണ് സർചാർജ് ഈടാക്കുന്നത്. ഈ അധിക ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനായാണ് ഒക്ടോബറിലും യൂണിറ്റിന് മൂന്ന് പൈസ സർചാർജ് ചുമത്തുന്നത്.

ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ തന്നെ പുതിയ സർചാർജ് ഉൾപ്പെടുത്തും. പ്രതിമാസ, രണ്ടുമാസ ബിൽ നൽകുന്ന ഉപഭോക്താക്കൾക്ക് ഒരേ നിരക്കായിരിക്കും സർചാർജ് ബാധകമാകുക.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിലെ കുറവും ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതും കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് അധിക സർചാർജ് തുടർച്ചയായി ഏർപ്പെടുത്തുന്നത്. സെപ്റ്റംബറിലും യൂണിറ്റിന് മൂന്ന് പൈസ സർചാർജ് ഈടാക്കിയിരുന്നു.

വൈദ്യുതി പ്രതിസന്ധിക്കിടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ദിവസേന കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അധിക ചെലവിന്റെ ഭാഗം സർചാർജ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്.