പുതിയ വാഹന ഇൻഷൂറൻസ് പദ്ധതി ചെലവ് കുറയും, ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കും

2026 സെപ്റ്റംബർ 26 • 01:47 PM
അകം ന്യൂസ് ഡെസ്ക്
പുതിയ വാഹന ഇൻഷൂറൻസ് പദ്ധതി ചെലവ് കുറയും, ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭിക്കും

ന്യൂഡൽഹി: പുതിയ വാഹനം വാങ്ങുന്നവർക്ക് മോട്ടോർ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന തരത്തിൽ ഇൻഷുറൻസ് വിതരണരീതിയിൽ വലിയ മാറ്റങ്ങൾക്ക് നിർദേശവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). പുതിയ നിർദേശങ്ങൾ നടപ്പായാൽ വാഹന ഡീലർഷിപ്പിൽ നിന്ന് മാത്രം ഇൻഷുറൻസ് എടുക്കേണ്ട സാഹചര്യം ഒഴിവാകുകയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും പോളിസി തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. IRDAI പുറത്തിറക്കിയ ‘Recalibrating the Economics of Insurance Distribution’ എന്ന കൺസൾട്ടേഷൻ പേപ്പറിലാണ് മോട്ടോർ ഇൻഷുറൻസ് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ നിലവിൽ നിർദേശങ്ങൾ മാത്രമാണ്; അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ് മാറ്റങ്ങൾ ഉണ്ടായേക്കാം. ബിമ സുഗം വഴി ഇൻഷുറൻസ് തിരഞ്ഞെടുക്കാം പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് എടുക്കുന്നതിനായി Bima Sugam പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പോളിസികൾ ലഭ്യമാക്കാനാണ് നിർദേശം. വാഹന ഡീലർമാർ ഇത്തരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യത ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കണം. ഇതിനായി ഷോറൂമുകളിൽ QR കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. ഇതോടെ ഡീലർ നിർദേശിക്കുന്ന ഇൻഷുറൻസ് പോളിസി മാത്രം പരിഗണിക്കാതെ വിവിധ ഓപ്ഷനുകൾ പരിശോധിച്ച് പോളിസി തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് കൂടുതൽ അവസരം ലഭിക്കും. ഡീലർമാരുടെ കമ്മിഷനിലും നിയന്ത്രണം പുതിയ വാഹനങ്ങളുടെ മോട്ടോർ ഇൻഷുറൻസിൽ ഡീലർമാർക്കും മറ്റ് വിതരണക്കാർക്കും ലഭിക്കുന്ന പ്രതിഫലത്തിന് പരിധി നിശ്ചയിക്കാനും IRDAI നിർദേശിച്ചിട്ടുണ്ട്. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ പ്രതിഫലം പൂജ്യമായും സ്വന്തം വാഹനത്തിനുള്ള (Own Damage) ഇൻഷുറൻസിലും അനുബന്ധ കവറുകളിലും പരമാവധി 5 ശതമാനമായും പരിമിതപ്പെടുത്താനാണ് നിർദേശം. ഇത്തരം മാറ്റങ്ങൾ ഇൻഷുറൻസ് വിതരണച്ചെലവിലും ഡീലർമാരുടെ വരുമാനത്തിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. വാഹന ഡീലർമാർ, വാഹന നിർമാതാക്കളുമായി ബന്ധപ്പെട്ട ബ്രോക്കർമാർ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവരെയാണ് പ്രധാനമായും പുതിയ സംവിധാനത്തിലെ മാറ്റങ്ങൾ ബാധിക്കുക. MISP സംവിധാനത്തിന് പകരം പുതിയ സംവിധാനം നിലവിലുള്ള Motor Insurance Service Provider (MISP) സംവിധാനത്തിന് പകരം കൂടുതൽ വിപുലമായ Insurance Distribution Entity (IDE) സംവിധാനം കൊണ്ടുവരാനും നിർദേശമുണ്ട്. ആവശ്യമായ യോഗ്യതകൾ പാലിക്കുന്ന വാഹന ഡീലർമാർക്ക് IDE ആയി രജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് വിൽക്കാം. യോഗ്യത നേടാത്ത ഡീലർമാർക്ക് IDEയുടെ Point of Sales Person ആയി പ്രവർത്തിക്കുകയോ അനുവദനീയമായ മറ്റ് സംവിധാനങ്ങളിലൂടെ ഇൻഷുറൻസ് വിതരണം നടത്തുകയോ ചെയ്യേണ്ടിവരും. ക്യാഷ്‌ലെസ് സർവീസിനും മാറ്റമില്ല ഇൻഷുറൻസ് പോളിസി ഡീലർഷിപ്പിൽ നിന്ന് വാങ്ങിയില്ലെന്ന കാരണത്താൽ മാത്രം ഉപഭോക്താവിന് ക്യാഷ്‌ലെസ് വാഹന അറ്റകുറ്റപ്പണി സേവനം നഷ്ടപ്പെടരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അതായത്, ഇൻഷുറൻസ് എവിടെ നിന്നാണ് വാങ്ങിയതെന്നതും വാഹനത്തിന്റെ ക്യാഷ്‌ലെസ് റിപ്പയർ സൗകര്യവും തമ്മിലുള്ള ബന്ധം കുറയ്ക്കുകയാണ് ലക്ഷ്യം. പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ മോട്ടോർ ഇൻഷുറൻസ് വിപണിയിൽ കൂടുതൽ ഡിജിറ്റൽ ഇടപെടലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ അന്തിമ ചട്ടങ്ങൾ പുറത്തുവരുന്നതുവരെ നിർദേശങ്ങളിലെ വ്യവസ്ഥകൾ മാറാൻ സാധ്യതയുണ്ട്.