മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; അഞ്ചംഗ വിദഗ്ധ സംഘം അണക്കെട്ടിലെത്തി

2026 സെപ്റ്റംബർ 1 • 10:52 AM
അകം ന്യൂസ് ഡെസ്ക്
മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം; അഞ്ചംഗ വിദഗ്ധ സംഘം അണക്കെട്ടിലെത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി നിർദേശിച്ച സമഗ്ര പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (NHPC) മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്.

ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയിലെ കേരളത്തിന്റെ പുതിയ പ്രതിനിധി. ഗോപാൽ ധവാൻ, എം. എൽ. ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മൂന്ന് ദിവസം കുമളിയിൽ തങ്ങുന്ന സംഘം അണക്കെട്ടിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിശദമായ യോഗവും ചേരും. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ ഉന്നതതല യോഗവും നടക്കും.

എന്തെല്ലാം പരിശോധിക്കും?

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയ സുപ്രധാന ഘടകങ്ങളാണ് വിദഗ്ധ സംഘം പരിശോധിക്കുക. വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനയുടെ ഫലം ഏറെ നിർണായകമാണ്.

കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയെ തുടർന്നാണ് 2022ൽ മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്. പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം കേരളം തുടർച്ചയായി ഉന്നയിച്ചുവരികയായിരുന്നു.

പുതിയ ഡാമിനായി കേരളം; 152 അടി വരെ ജലനിരപ്പ് ഉയർത്താൻ തമിഴ്നാട്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കത്തിനിടയിലാണ് പുതിയ സുരക്ഷാ പരിശോധന നടക്കുന്നത്. നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി വരെ ഉയർത്തുമെന്ന നിലപാട് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കേരളത്തിൽ ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ പരിശോധനാ സമിതിയുടെ വിലയിരുത്തൽ കേരളത്തിന് അനുകൂലമല്ലെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ട് മുല്ലപ്പെരിയാർ വിഷയത്തിലെ അടുത്ത നിയമ-രാഷ്ട്രീയ നീക്കങ്ങളിലും നിർണായകമാകും.