ബിഷ്‌കെക്: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് യാതൊരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ മുഴുവൻ ആവാസവ്യവസ്ഥയും തകർക്കണമെന്നും ഭീകരവാദത്തെ ഒരു രാജ്യവും തന്ത്രപരമായ നേട്ടത്തിനുള്ള ഉപാധിയായി കാണരുതെന്നും മോദി പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയിലായിരുന്നു മോദിയുടെ ശക്തമായ പരാമർശങ്ങൾ.
ഭീകരത മനുഷ്യരാശി നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഭീകരാക്രമണം നടന്നതിന് പിന്നാലെ പ്രതികരിക്കുന്ന ‘ആക്ഷൻ-റിആക്ഷൻ’ സമീപനം മാത്രം പോരെന്നും ഭീകരവാദത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതയുടെ ധനസഹായം, റിക്രൂട്ട്‌മെന്റ്, തീവ്രവാദ ആശയവൽക്കരണം, സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടുന്ന മുഴുവൻ സംവിധാനവും തകർക്കണം. ഇക്കാര്യത്തിൽ എല്ലാ രാജ്യങ്ങളും ഒരേ ശബ്ദത്തിൽ നിലപാട് പ്രഖ്യാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തെ ‘സ്റ്റേറ്റ് പോളിസി’യുടെ ഭാഗമായി ഉപയോഗിക്കുകയും ഭീകരർക്ക് അഭയവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഭീകരത ഒരിക്കലും ഒരു രാജ്യത്തിന്റെയും ‘തന്ത്രപരമായ ആസ്തി’യായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധങ്ങൾക്ക് പരിഹാരം യുദ്ധക്കളത്തിലല്ല
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെയും റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ലോകത്തെ സംഘർഷങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവർത്തിച്ചു.
ഒരു പ്രദേശത്തെ സംഘർഷം അവിടെ മാത്രം ഒതുങ്ങുന്നില്ലെന്നും അത് ആഗോള ഊർജസുരക്ഷ, സമുദ്രവ്യാപാരം, വിതരണശൃംഖല എന്നിവയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കളത്തിൽ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനാകില്ലെന്നും സംഭാഷണവും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴി എന്നും മോദി വ്യക്തമാക്കി.
എസ്‌സിഒയുടെ അടുത്ത 25 വർഷം
ഷാങ്ഹായ് സഹകരണ സംഘടനയുടെ 25 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മോദി, അടുത്ത 25 വർഷം സഹകരണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യമാക്കേണ്ടതെന്ന് പറഞ്ഞു.
യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, സംരംഭകർക്ക് പുതിയ വിപണികൾ തുറക്കുക, കർഷകർക്ക് സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുക തുടങ്ങിയവയാണ് എസ്‌സിഒയുടെ പ്രവർത്തനങ്ങളുടെ യഥാർഥ വിജയമാനദണ്ഡമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നോട്ടുവച്ച എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിന്റെ ആദ്യ സമ്മേളനം ഇന്ത്യയിൽ നടക്കുമെന്നും മോദി അറിയിച്ചു. സർക്കാരുകൾ മാത്രം നയിക്കുന്ന സഹകരണത്തിൽ നിന്ന് ജനങ്ങൾ നയിക്കുന്ന പങ്കാളിത്തത്തിലേക്ക് എസ്‌സിഒ മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വേദിയിൽ സന്നിഹിതനായിരിക്കെയാണ് മോദിയുടെ ഭീകരവിരുദ്ധ പരാമർശങ്ങൾ എന്നതും ശ്രദ്ധേയമായി. പാകിസ്താന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ഭീകരവാദത്തിന് അഭയവും പിന്തുണയും നൽകുന്ന രാജ്യങ്ങൾക്കെതിരെ മോദി ശക്തമായ നിലപാട് വ്യക്തമാക്കിയത്.
