മുംബൈ: ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം. എന്നാൽ അന്ന് വളരെ ചെറിയ പ്രായത്തിലായിരുന്ന മക്കളെ ഓർത്ത് ജീവിതത്തിലേക്ക് തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ആറ് തവണ ലോക ചാംപ്യനായ താരം പറഞ്ഞു.
ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസ് 20-ലെ സഹമത്സരാർത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മേരി കോം തന്റെ ജീവിതത്തിലെ വേദനാജനകമായ അനുഭവം പങ്കുവച്ചത്. ഇഷ റിഖി, റിഥി തിവാരി, അമ്രപാലി ദുബെ, കനിക മാൻ എന്നിവരോടായിരുന്നു മേരി സംസാരിച്ചത്.
റിങ്ങിനുള്ളിൽ താൻ ശക്തയായിരുന്നെങ്കിലും ജീവിതത്തിലെ ഒരു ഘട്ടത്തിൽ മാനസികമായി തകർന്നുപോയിരുന്നുവെന്ന് മേരി പറഞ്ഞു. ആ കാലയളവിൽ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്ത വരെ ഉണ്ടായിരുന്നുവെന്നും, എന്നാൽ കുട്ടികൾ ചെറുതായിരുന്നതിനാൽ അവർക്കായി ജീവിക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ചെറുപ്പം മുതൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും കുടുംബത്തിനും മണിപ്പുരിനും രാജ്യത്തിനുമായി നിരവധി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും മേരി പറഞ്ഞു. ജീവിതത്തിലെ വെല്ലുവിളികളാണ് തന്നെ കൂടുതൽ ശക്തയാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
ബോക്സിങ് കരിയറിനെക്കുറിച്ചും മേരി തുറന്നുപറഞ്ഞു. കൂടുതൽ മെഡലുകൾ നേടണമെന്ന ആഗ്രഹം ഇപ്പോഴും തനിക്കുണ്ടെന്ന് പറഞ്ഞ അവർ, ഒരു മെഡലോ രണ്ടോ മൂന്നോ മെഡലുകളോ കൊണ്ട് തൃപ്തിയാകാത്ത തരത്തിലുള്ള മത്സരവാശിയാണ് തനിക്കുള്ളതെന്നും വ്യക്തമാക്കി. എന്നാൽ പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മേരി പറഞ്ഞു.
വികാരങ്ങൾ തുറന്നുപറയുന്നതും കരയുന്നതും ഇപ്പോൾ തനിക്ക് ബുദ്ധിമുട്ടാണെന്നും മേരി പറഞ്ഞു. ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ കണ്ണീരിനെ ഉള്ളിലൊതുക്കാൻ പഠിക്കുകയാണെന്നും അവർ വ്യക്തമാക്കി.
മണിപ്പുരിൽ നിന്നുള്ള മേരി കോം ആറ് തവണ ലോക ചാംപ്യനായിട്ടുണ്ട്. 2012 ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡലും നേടിയിട്ടുണ്ട്. മുൻ ഭർത്താവ് ഓൺലർ കോമിനൊപ്പം മേരി കോമിന് നാല് മക്കളുണ്ട്.
