ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.3 കോടി നഷ്ടപരിഹാരം നൽകണം

2026 സെപ്റ്റംബർ 1 • 08:23 PM
അകം ന്യൂസ് ഡെസ്ക്
ചെക്ക് കേസിൽ മാണി സി. കാപ്പന് ഒരു വർഷം തടവ്; 5.3 കോടി നഷ്ടപരിഹാരം നൽകണം

മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് നാല് കേസുകളിൽ മാണി സി. കാപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. നാല് കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം തുക അടയ്ക്കണം. തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

മുംബൈ വ്യവസായിയും പ്രവാസി മലയാളിയുമായ ദിനേശ് മേനോൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ടതാണ് കേസുകൾ. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികൾ കൈപ്പറ്റിയെന്നും പിന്നീട് നൽകിയ ചെക്കുകൾ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയെന്നുമായിരുന്നു പരാതി. 2015 മുതൽ കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുകയായിരുന്നു.

2010ൽ ദിനേശ് മേനോനിൽ നിന്ന് രണ്ട് കോടി രൂപ വായ്പയായി വാങ്ങിയെന്നും ഇതിൽ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ചുനൽകിയതെന്നുമാണ് പരാതിയിലെ ആരോപണം. തുടർന്ന് 2013ൽ പലിശ ഉൾപ്പെടെ 3.25 കോടി രൂപ തവണകളായി തിരിച്ചുനൽകാമെന്ന് ധാരണയുണ്ടാക്കിയതായി പരാതിക്കാരൻ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയെങ്കിലും അവ ബാങ്കിൽ പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു.

ചെക്കുകൾ മടങ്ങിയതിന് പിന്നാലെയാണ് ദിനേശ് മേനോൻ ബോറിവലി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നാല് ചെക്ക് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പരിഗണിച്ചത്.

അതേസമയം, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നതാണെന്നും തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അദ്ദേഹം ആരോപിച്ചു. താൻ ആർക്കും പണം നൽകാനില്ലെന്നും കാപ്പൻ വ്യക്തമാക്കി.

നിയമസഭാംഗത്വത്തിൽ ഉടൻ അയോഗ്യതയുണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വിധിച്ച തടവ് ഒരു വർഷമായതിനാൽ, ജനപ്രാതിനിധ്യ നിയമത്തിലെ രണ്ട് വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിച്ചാൽ ഉണ്ടാകുന്ന അയോഗ്യത ഇവിടെ ബാധകമാകില്ലെന്നാണ് നിയമവിശകലനം.