ഷാർജ: ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ നടൻ മമ്മൂട്ടി നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. ഷാർജയിലെ രാജകൊട്ടാരത്തിലെത്തിയാണ് മമ്മൂട്ടി ഖാസിമി കുടുംബാംഗങ്ങളെ സന്ദർശിച്ച് ദുഃഖത്തിൽ പങ്കുചേർന്നത്. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്.ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുടെയും ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും സഹോദരനായിരുന്നു അദ്ദേഹം. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുമായി മമ്മൂട്ടിക്ക് ദീർഘകാലമായി സൗഹൃദബന്ധമുണ്ട്. അന്തരിച്ച ഉപഭരണാധികാരിക്ക് അനുശോചനം അറിയിക്കാനായി കൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഏകദേശം 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസവാക്കുകൾ പങ്കുവച്ചു. ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി എന്നിവരെയും മമ്മൂട്ടി നേരിൽ കണ്ട് അനുശോചനം അറിയിച്ചു. നിർമാതാവ് ആന്റോ ജോസഫും പ്രവാസി വ്യവസായി വി.ടി. സലീമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സാലം അൽ ഖാസിമിയുടെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് മമ്മൂട്ടി യുഎഇയിലെത്തിയത്. മലയാള സിനിമയുമായി യുഎഇയ്ക്കുള്ള ദീർഘകാല സാംസ്കാരിക ബന്ധത്തിന്റെയും മമ്മൂട്ടിക്ക് യുഎഇ ഭരണകുടുംബങ്ങളുമായുള്ള സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം ശ്രദ്ധേയമാകുന്നത്.
സിനിമ
ഷാർജ ഉപഭരണാധികാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ നേരിട്ട് എത്തി മമ്മൂട്ടി
ചിത്രം:സ്പെഷിൽ അറേജ്മെൻ്റ്