ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന് ലഭിക്കുന്ന സബ്സിഡിയുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ. 2026 ഒക്ടോബർ 1 മുതൽ സബ്സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യണമെങ്കിൽ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ (BAA) പൂർത്തിയാക്കിയിരിക്കണം. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയ ഉപഭോക്താക്കൾ വീണ്ടും നടപടികൾ സ്വീകരിക്കേണ്ടതില്ല. സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 27.43 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കൾ, അതായത് 89.9 ശതമാനം പേർ, ഓതന്റിക്കേഷൻ പൂർത്തിയാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
എങ്ങനെ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാം?
ഓതന്റിക്കേഷൻ ഇതുവരെ പൂർത്തിയാക്കാത്തവർക്ക് നിരവധി മാർഗങ്ങളുണ്ട്.
- സിലിണ്ടർ വീട്ടിലെത്തിക്കുന്ന സമയത്ത് ഡെലിവറി ജീവനക്കാരന്റെ സഹായത്തോടെ
- ബന്ധപ്പെട്ട എൽപിജി വിതരണക്കാരന്റെ ഷോറൂമിൽ എത്തി
- ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി
ഇൻഡെയ്ൻ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, HP ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്നും നടപടികൾ പൂർത്തിയാക്കാം.
ഓതന്റിക്കേഷൻ ചെയ്യാത്തവർക്ക് ഗ്യാസ് ലഭിക്കുമോ?
ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിലും ഗാർഹിക എൽപിജി ലഭിക്കുന്നത് പൂർണമായി നിർത്തില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സബ്സിഡി നിരക്കിൽ സിലിണ്ടർ ലഭിക്കില്ല.
ഓതന്റിക്കേഷൻ നടത്താൻ താൽപര്യമില്ലാത്തവർക്കോ അതിന് കഴിയാത്തവർക്കോ ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്സ്ആപ്പ് ചാറ്റ്ബോട്ട്, IVRS തുടങ്ങിയ സംവിധാനങ്ങളിലൂടെ തങ്ങളുടെ തീരുമാനം രജിസ്റ്റർ ചെയ്യാം. തുടർന്ന് ലഭ്യതയ്ക്ക് വിധേയമായി 5 കിലോ അല്ലെങ്കിൽ 10 കിലോ സിലിണ്ടർ വിപണി വിലയ്ക്ക്, സബ്സിഡിയില്ലാതെ ലഭിക്കും.
എന്തിനാണ് പുതിയ നടപടി?
സബ്സിഡി അർഹരായ ഉപഭോക്താക്കളിലേക്ക് മാത്രം എത്തിക്കുക, ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ അർഹതയില്ലാത്ത കണക്ഷനുകൾ കണ്ടെത്തുക, സബ്സിഡിയുള്ള ഗാർഹിക സിലിണ്ടറുകൾ വാണിജ്യ-വ്യാവസായിക ആവശ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് തടയുക എന്നിവയാണ് ബയോമെട്രിക് ഓതന്റിക്കേഷന്റെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.
അതേസമയം, ബയോമെട്രിക് നടപടിക്രമം യഥാർഥ ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി നിഷേധിക്കുന്നതിനുള്ളതല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 1ന് മുമ്പ് ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയാൽ സബ്സിഡി നിരക്കിലുള്ള റീഫിൽ ബുക്കിംഗ് തുടരാം.
