കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിന് നിർണായക ചുവടുവെപ്പ്. ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് മെട്രോ നീട്ടുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) സർക്കാരിന് സമർപ്പിച്ചു. ഏകദേശം 17.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നിർദിഷ്ട മൂന്നാംഘട്ടം. വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
നിലവിലെ ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദേശീയപാത 544ന് സമാന്തരമായി കരിയാട് വരെ എലിവേറ്റഡ് പാത, തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഏകദേശം 3 കിലോമീറ്റർ ഭൂഗർഭ പാത, പിന്നീട് വീണ്ടും എലിവേറ്റഡ് പാതയിലൂടെ അങ്കമാലിയിലേക്ക് എത്തുന്ന ഹൈബ്രിഡ് റൂട്ടിനാണ് ഡിപിആറിൽ മുൻഗണന നൽകിയിരിക്കുന്നത്.
വിമാനത്താവളത്തിന് സമീപം ഭൂഗർഭ സ്റ്റേഷൻ ഉൾപ്പെടുന്നതാണ് നിർദേശത്തിലെ പ്രധാന പ്രത്യേകത. വിമാനത്താവളത്തിന് ശേഷം നെടുമ്പാശേരി, നായത്തോട്, കാവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലൂടെ പാത അങ്കമാലി ടൗണിലേക്കും തുടർന്ന് കറയാംപറമ്പിലേക്കും നീളും.
ഡിപിആർ പ്രകാരം പദ്ധതിയിൽ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്. തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കാവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽഎഫ് ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര, കറയാംപറമ്പ് എന്നിവയാണ് നിർദിഷ്ട സ്റ്റേഷനുകൾ.
അങ്കമാലി റെയിൽവേ സ്റ്റേഷൻ ഒഴിവാക്കി
അതേസമയം, അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി നിലവിലെ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ല. സാധ്യതാപഠനത്തിൽ നിരവധി സാങ്കേതികവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതുമായ തടസ്സങ്ങൾ കണ്ടെത്തിയതാണ് ഇതിന് കാരണം.
റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ എത്തിക്കണമെങ്കിൽ വിമാനത്താവളത്തിൽ നിന്ന് വീണ്ടും ദേശീയപാത 544 ഭാഗത്തേക്ക് പാത തിരിച്ചുകൊണ്ടുവരേണ്ടിവരും. ഇത് പ്രത്യേകിച്ച് വിമാനത്താവള പരിസരത്ത് ഭൂമി ഏറ്റെടുക്കൽ ചെലവ് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ അങ്കമാലി റെയിൽവേ സ്റ്റേഷനെയും മെട്രോ ശൃംഖലയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ മെട്രോയുമായി ബന്ധിപ്പിച്ചാൽ അങ്കമാലിയെ മികച്ച മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി മാറ്റാനാകുമെന്നാണ് പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും നിലപാട്.
വിമാനത്താവള കണക്റ്റിവിറ്റി ഉറപ്പാക്കുന്നത് ദേശീയ മെട്രോ റെയിൽ നയത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം പദ്ധതിക്ക് നിർണായകമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി മെട്രോയുടെ ഔദ്യോഗിക പദ്ധതിവിവരങ്ങളിലും ആലുവ–അങ്കമാലി മൂന്നാംഘട്ടം ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മൂന്നാംഘട്ടത്തിന്റെ ഡിപിആർ സമർപ്പിച്ചിരിക്കുന്നത്. ഡിപിആറിന് സർക്കാർ അനുമതി ലഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ അടുത്ത വികസനഘട്ടത്തിലേക്കുള്ള നടപടികൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ.
-3.jpeg&w=3840&q=75)