കാലവർഷം ദുർബലം;ചൂട് തുടരും

2026 സെപ്റ്റംബർ 8 • 07:18 AM
അകം ന്യൂസ് ഡെസ്ക്
കാലവർഷം ദുർബലം;ചൂട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ കാലവർഷം ദുർബലമാണെങ്കിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ചൂട് ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടും ഉയർന്ന അന്തരീക്ഷ ആർദ്രതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.പാലക്കാടും കൊല്ലത്തുമാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്

സെപ്റ്റംബർ 10 മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 10, 11 തീയതികളിൽ പല മേഖലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.

മഴയ്ക്കുള്ള സാധ്യത വർധിക്കുന്നതിനൊപ്പം ചൂടും ഈർപ്പവും തുടരുന്നത് ജനങ്ങൾക്ക് അസ്വസ്ഥത വർധിപ്പിച്ചേക്കാം. മഴ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.