കേരളം-അമേരിക്കൻ സഹകരണം ശക്തമാക്കുന്നു; കൊച്ചിയിൽ യു.എസ് അംബാസഡറുമായി നിർണായക ചർച്ച

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
കേരളം-അമേരിക്കൻ സഹകരണം ശക്തമാക്കുന്നു; കൊച്ചിയിൽ യു.എസ് അംബാസഡറുമായി നിർണായക ചർച്ച

വിദ്യാഭ്യാസം, ടൂറിസം, തുറമുഖ വികസനം, നിക്ഷേപം; യു.എസ് ഇൻവെസ്റ്റ് ഡെസ്ക് സ്ഥാപിക്കും

കൊച്ചി: കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ നിർണായക നീക്കങ്ങൾ. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറുമായി (Sergio Gor) മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും കൊച്ചിയിൽ ഉന്നതതല കൂടിക്കാഴ്ച നടത്തി. വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, തുറമുഖ വികസനം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് പുതിയ സഹകരണങ്ങൾ

അമേരിക്കൻ സ്ഥാപനങ്ങളും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. സംയുക്ത ഗവേഷണം, സർവകലാശാലാ പങ്കാളിത്തം, അക്കാദമിക് കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനാണ് തീരുമാനം.

ടൂറിസത്തിനും സാംസ്കാരിക ബന്ധത്തിനും ഊന്നൽ

കേരളത്തിന്റെ ടൂറിസം സാധ്യതകൾ അമേരിക്കയിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിനൊപ്പം വെൽനെസ് ടൂറിസം, ആയുർവേദ ടൂറിസം മേഖലകളിൽ സഹകരണം വർധിപ്പിക്കും. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ‘സിസ്റ്റർ സിറ്റീസ്’ ആശയം നടപ്പാക്കുന്നതും പരിഗണിക്കും.

വിഴിഞ്ഞവും കൊച്ചിയും നിക്ഷേപ ലക്ഷ്യങ്ങളിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കൊച്ചി തുറമുഖവും കേന്ദ്രീകരിച്ച് കൂടുതൽ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് റിപ്പയർ, ഗ്രീൻ ബങ്കറിംഗ്, ആധുനിക സപ്ലൈ ചെയിൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം ലക്ഷ്യമിടുന്നത്.

അമേരിക്കയിൽ ‘യു.എസ് ഇൻവെസ്റ്റ് ഡെസ്ക്’

കേരളത്തിലേക്ക് അമേരിക്കൻ നിക്ഷേപം ആകർഷിക്കുന്നതിനായി അമേരിക്കയിൽ പ്രത്യേക ‘യു.എസ് ഇൻവെസ്റ്റ് ഡെസ്ക്’ സ്ഥാപിക്കാനും തീരുമാനമായി. അമേരിക്കൻ നിക്ഷേപകരെ കേരളവുമായി ബന്ധിപ്പിക്കുന്നതിനും യു.എസ് ബിസിനസുകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും പ്രവാസി മലയാളികളുമായുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ഡെസ്ക് സഹായകമാകും.

കേരളത്തിന്റെ വികസന സാധ്യതകൾക്ക് അന്താരാഷ്ട്ര നിക്ഷേപവും സാങ്കേതിക സഹകരണവും കൂടുതൽ ലഭ്യമാക്കുന്നതിന് കേരള-അമേരിക്കൻ പങ്കാളിത്തം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ചർച്ചകളിൽ ഉയർന്നുവന്ന പദ്ധതികളെ ദീർഘകാല സഹകരണങ്ങളാക്കി മാറ്റുന്നതിനുള്ള തുടർനടപടികൾ ഇരുവിഭാഗവും സ്വീകരിക്കും.