കേരളത്തിൽ പുതിയ ജില്ലകൾ വരും!?

2026 ഓഗസ്റ്റ് 23 • 02:26 PM
അകം ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. മൂവാറ്റുപുഴയെ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഗൗരവമായി പരിശോധിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതിനു പിന്നാലെ, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും സജീവ ചർച്ചയാവുകയാണ്.

മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യം ഉയർന്നപ്പോൾ തനിക്ക് ചെറിയൊരു വിഷമം തോന്നിയെന്നും മുഖ്യമന്ത്രി മൂവാറ്റുപുഴയിൽ നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തിനിടയിൽ പറഞ്ഞു. 

«“മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. കാരണം എന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടു പോവുമല്ലോ എന്നാണ്. എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്.”»

ഇത് മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന അന്തിമ പ്രഖ്യാപനമല്ല. എന്നാൽ വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യം സർക്കാർ ഗൗരവത്തോടെ പരിഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം പുതിയ ജില്ലകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകുകയാണ്.

മലപ്പുറം വിഭജനവും ചർച്ചയിൽ ?!

മൂവാറ്റുപുഴയ്ക്ക് സമാനമായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവും ശക്തമാണ്. മലപ്പുറം വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. തിരൂർ, തിരൂരങ്ങാടി, പൊന്നാനി, താനൂർ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്ന നിർദേശങ്ങൾ വിവിധ ഘട്ടങ്ങളിൽ ഉയർന്നിട്ടുണ്ട്.

മലപ്പുറം ജില്ലയുടെ വലുപ്പവും ജനസംഖ്യയും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിഭജന ആവശ്യം ഉന്നയിക്കുന്നത്. ഭരണസംവിധാനം കൂടുതൽ ജനസൗഹൃദമാക്കാനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജില്ല വിഭജിക്കണമെന്നാണ് ആവശ്യം. 2026 ജൂണിലും മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് ശക്തമായി ഉയർന്നിരുന്നു.

ബജറ്റിൽ തന്നെ പുതിയ ജില്ലകളുടെ സൂചന

പുതിയ ജില്ലകളുടെ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത് 2026ലെ സംസ്ഥാന ബജറ്റോടെയാണ്. വലിയ ജില്ലകളുടെ ഭരണപരമായ പുനഃസംഘടനയും പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയും പഠിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക, എറണാകുളം ജില്ലയിൽ നിന്ന് ചില പ്രദേശങ്ങൾ വേർതിരിച്ച് മൂവാറ്റുപുഴ ജില്ല രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ചർച്ചയിലുള്ളത്. തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും ഇതിനൊപ്പം ഉയർന്നിട്ടുണ്ട്.

കേരളത്തിന്റെ ഭൂപടം മാറുമോ?

കാസർകോട് ജില്ല രൂപീകരിച്ചതിന് ശേഷം 1984 മുതൽ കേരളത്തിൽ 14 ജില്ലകളാണുള്ളത്. അതിനുശേഷം പല ഘട്ടങ്ങളിലായി പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നെങ്കിലും വലിയ ഭരണപരമായ പുനഃസംഘടന ഉണ്ടായിട്ടില്ല.

ഇപ്പോൾ സർക്കാർ നിയോഗിക്കുന്ന പഠനവും തുടർന്നുള്ള രാഷ്ട്രീയ തീരുമാനങ്ങളും നിർണായകമാകും. കമ്മീഷന്റെ ശുപാർശകൾ, ഭരണപരമായ സൗകര്യം, ജനസംഖ്യ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, സാമ്പത്തിക ബാധ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുക.

അതുകൊണ്ടുതന്നെ മൂവാറ്റുപുഴ ജില്ലയാകുമോ, മലപ്പുറം വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുമോ, നെയ്യാറ്റിൻകരയ്ക്ക് പുതിയ ജില്ല ലഭിക്കുമോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ കേരളത്തിന്റെ രാഷ്ട്രീയ-ഭരണ രംഗത്ത് ഉയരുന്നത്.

എന്നാൽ നിലവിൽ ഇവയൊന്നും അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ജില്ലകളുടെ രൂപീകരണം സംബന്ധിച്ച സാധ്യതകൾ പഠിക്കുന്ന ഘട്ടത്തിലാണ് സർക്കാർ.