തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരേണ്ടിവരുമെന്ന് കെഎസ്ഇബി. മഴക്കുറവും ഉയർന്ന ചൂടും മൂലം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും ആവശ്യത്തിന് പുറത്തുനിന്ന് വൈദ്യുതി ലഭ്യമാകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും വിശദീകരണവുമായി രംഗത്തെത്തിയത്. വൈദ്യുതി മുടങ്ങുന്ന സമയത്തെക്കുറിച്ച് ഇനി ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ പ്രതിസന്ധി 'സ്വിച്ചിട്ടതുപോലെ' ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ സർക്കാരും കെഎസ്ഇബിയും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെ തുടർന്ന് മഴ കുറഞ്ഞതും ചൂട് ഉയർന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇതോടെ സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപാദനത്തെ ബാധിക്കുകയും അതേസമയം വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ആവശ്യകത 3,794 മെഗാവാട്ടായിരുന്നെങ്കിൽ ഇത്തവണ അത് 5,200 മെഗാവാട്ട് വരെ ഉയർന്നതായി മന്ത്രി പറഞ്ഞു. നിലവിൽ ആവശ്യമായ വൈദ്യുതിയും ലഭ്യമായ വിതരണ ശേഷിയും തമ്മിൽ ഏകദേശം 900 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കേരളം ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 25 ശതമാനം മാത്രമാണ് സംസ്ഥാനത്തിനുള്ളിൽ ഉൽപാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതിക്കായി മറ്റ് സംസ്ഥാനങ്ങളെയും ഏജൻസികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉയർന്ന വില നൽകാൻ തയ്യാറായാലും വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നതാണ് കെഎസ്ഇബി നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ വൈകുന്നേരത്തെ പീക്ക് സമയങ്ങളിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈകുന്നേരം 6.30 മുതൽ രാത്രി വരെ വിവിധ മേഖലകളിൽ ഘട്ടംഘട്ടമായാണ് വൈദ്യുതി നിയന്ത്രണം തുടരുന്നത്. ഇത് ഔദ്യോഗിക പവർകട്ടല്ലെന്നും വൈദ്യുതി സംവിധാനത്തിന്റെ പ്രവർത്തനം താറുമാറാകുന്നത് ഒഴിവാക്കുന്നതിനുള്ള താൽക്കാലിക നിയന്ത്രണമാണെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. സെപ്റ്റംബർ 30 വരെ നിയന്ത്രണം തുടരേണ്ടിവരുമെന്നും ഒക്ടോബർ ഒന്നുമുതൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. അതേസമയം, നിയന്ത്രണങ്ങളുടെ സമയം മുൻകൂട്ടി അറിയിക്കാത്തതിനെതിരായ പരാതികൾ പരിഹരിക്കാൻ പുതിയ അറിയിപ്പ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി മുടങ്ങാൻ സാധ്യതയുള്ള സമയത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുൻകൂട്ടി വിവരം നൽകാനാണ് നീക്കം. കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുകയും മഴ ശക്തമാവുകയും ചെയ്താൽ ജലവൈദ്യുതി ഉൽപാദനത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ നിലവിലെ ആവശ്യകതയും വൈദ്യുതി ലഭ്യതയും തമ്മിലുള്ള വലിയ അന്തരമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ അവസാനിപ്പിക്കാൻ തടസ്സമാകുന്നത്. ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ പരമാവധി ജാഗ്രത പാലിച്ച് സഹകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
സമകാലികം
വൈദ്യുതി പ്രതിസന്ധി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരും;വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയിക്കുന്ന 'പവർകട്ട് അലർട്ട്' സംവിധാനം നാളെ മുതൽ
