കൊച്ചി: കേരള ഹൈക്കോടതി വളപ്പിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും പൂർണ നിരോധനം ഏർപ്പെടുത്തി പുതിയ മാർഗനിർദേശങ്ങൾ. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അഭിഭാഷകർ, കക്ഷികൾ, ഇന്റേണുകൾ, അഭിഭാഷകരുടെ ക്ലർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും നിയന്ത്രണം ബാധകമായിരിക്കും.
കോടതി ഹാളുകൾ, ജഡ്ജിമാരുടെ ചേംബറുകൾ, രജിസ്ട്രി ഓഫീസുകൾ, വിവിധ സെക്ഷനുകൾ, റെക്കോർഡ് റൂമുകൾ, സെക്യൂരിറ്റി കൺട്രോൾ റൂമുകൾ, സെർവർ റൂമുകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവദിക്കില്ല.
ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ചിത്രീകരണത്തിനും നിയന്ത്രണം
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോട്ടോയും വീഡിയോയും എടുക്കുന്നത് രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ ഏജൻസികൾക്കോ മാത്രമായിരിക്കും. ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ പുറത്തുവിടാനും പാടില്ല.
ഹൈക്കോടതി വളപ്പിൽനിന്ന് പകർത്തിയ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീം എന്നിവ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലും അപ്ലോഡ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്. ഔദ്യോഗിക ചടങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികൾ മാധ്യമങ്ങൾക്ക് കവർ ചെയ്യണമെങ്കിലും പ്രത്യേക അനുമതി ആവശ്യമാണ്.
കോടതിനടപടികളുടെ ചിത്രീകരണത്തിനും അനുമതി വേണം
കോടതി നടപടികളുടെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്.
അതേസമയം, ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാൾ, ആട്രിയം തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടികൾ നടക്കുമ്പോൾ ബന്ധപ്പെട്ട അനുമതിയോടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കാൻ സാധിക്കും.
അനധികൃതമായി ചിത്രീകരണം നടത്തുന്നത് തടയാൻ രജിസ്ട്രി ഉദ്യോഗസ്ഥർക്കും സുരക്ഷാ വിഭാഗത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരവും പുതിയ മാർഗനിർദേശങ്ങളിൽ നൽകിയിട്ടുണ്ട്.
