കണ്ണൂർ: ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ലിറ്റററി ഫെസ്റ്റ് 2026 ഒക്ടോബർ 2, 3, 4 തീയതികളിൽ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒക്ടോബർ 2ന് വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
‘അക്ഷരങ്ങളുടെ ഉത്സവത്തിലേക്ക് സ്വാഗതം!’ എന്ന സന്ദേശവുമായി നടക്കുന്ന ഫെസ്റ്റിൽ സാഹിത്യം, സംസ്കാരം, സംഗീതം, ജീവിതം, സിനിമ, പരിസ്ഥിതി തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ചയാകും. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഒക്ടോബർ 2: എഴുത്തും ജീവിതവും ചർച്ചയാകും
ഫെസ്റ്റിവലിന്റെ ആദ്യദിനമായ ഒക്ടോബർ 2ന് രാവിലെ 10ന് ‘ഗാന്ധിജിയുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ എം.എൻ. കാരശ്ശേരി സംസാരിക്കും. 11.30ന് ‘Gen Z – കാലം, കലാപം’ എന്ന വിഷയത്തിൽ എൻ.പി. സജീഷ് പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2ന് ‘എഴുത്തും ജീവിതവും’ എന്ന വിഷയത്തിൽ ഡോ. സോണിയ ചെറിയാനും ഡോ. എ.കെ. ജയശ്രീയും പങ്കെടുക്കുന്ന ചർച്ച നടക്കും. എൻ.സി. നമിത മോഡറേറ്ററാകും.
വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ടി.ഒ. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. അടൂർ ഗോപാലകൃഷ്ണൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ സി.വി. ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തും.
ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ് മുഖ്യാതിഥിയെ ആദരിക്കും. കണ്ണൂർ എം.പി. കെ. സുധാകരൻ വിശിഷ്ടാതിഥിയാകും. ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതവും ജവഹർ ലൈബ്രറി വർക്കിങ് ചെയർമാൻ എം. രത്നകുമാർ നന്ദിയും രേഖപ്പെടുത്തും.
ഒക്ടോബർ 3: അടൂർ ഗോപാലകൃഷ്ണനുമായി മുഖാമുഖം
രണ്ടാം ദിവസമായ ഒക്ടോബർ 3ന് രാവിലെ 10ന് അടൂർ ഗോപാലകൃഷ്ണനും സി.വി. ബാലകൃഷ്ണനും തമ്മിലുള്ള മുഖാമുഖം നടക്കും.
11ന് ‘പരിസ്ഥിതി – കൃഷി – വിത്ത്’ എന്ന വിഷയത്തിൽ പത്മശ്രീ ചെറുവയൽ രാമനും സി.ആർ. നീലകണ്ഠനും സംസാരിക്കും. ഉച്ചയ്ക്ക് 12ന് ‘ജീവചരിത്രം – എഴുത്തും വായനയും’ എന്ന വിഷയത്തിൽ ഡോ. കെ. ശ്രീകുമാറും ബൈജു ചന്ദ്രനും പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് ‘ഡിജിറ്റൽ സിനിമ’ എന്ന സെഷനിൽ ഡോ. സി.എസ്. വെങ്കിടേശ്വരൻ, പി. പ്രേമചന്ദ്രൻ, പി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും
തുടർന്ന് ‘മലയാളത്തിന് അപ്പുറം: ബംഗാളി-മലയാളി ബന്ധങ്ങൾ – സാഹിത്യത്തിലും ജീവിതത്തിലും’ എന്ന വിഷയത്തിൽ സൗനിൽ ഞാളിയത്ത്, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ പങ്കെടുക്കും.
തുടർന്ന് 3.30ന് ‘കവിതയുടെ വർത്തമാനം’ എന്ന സെഷനിൽ ശ്രീമതി വി.എം. ഗിരിജ, പി. രാമൻ, എസ്. കലേഷ്, ഡോ. ഷീജ വക്കം എന്നിവർ പങ്കെടുക്കും.
ഒക്ടോബർ 4: സമൂഹവും സാഹിത്യവും മുതൽ സിനിമ വരെ
ഫെസ്റ്റിവലിന്റെ മൂന്നാം ദിനമായ ഒക്ടോബർ 4ന് രാവിലെ 10ന് ‘അക്രമോത്സുകത – വ്യക്തിയിലും സമൂഹമനസ്സിലും’ എന്ന വിഷയത്തിൽ എ. ഹേമചന്ദ്രൻ, റിട്ട. ഐ.പി.എസ് സംസാരിക്കും.
11ന് ‘പത്രാധിപരുടെ അന്ത്യം’ എന്ന വിഷയത്തിൽ ആർ. രാജഗോപാലും കെ.ജി. ജ്യോതിർഘോഷും പങ്കെടുക്കും.
ഉച്ചയ്ക്ക് 12ന് ‘പ്രകാശിതമാകാത്ത പ്രസാധനമേഖല’ എന്ന വിഷയത്തിൽ കെ.ജെ. ജോണി, എ.വി. ശ്രീകുമാർ, കെ. നൗഷാദ് എന്നിവർ പങ്കെടുക്കും. കൈരളി ബുക്സ് എഡിറ്റർ. എ.വി. പവിത്രൻ മോഡറേറ്ററാകും.
വൈകിട്ട് 3ന് ‘അരങ്ങും ജീവിതവും’ എന്ന സെഷനിൽ പി പി കുഞ്ഞികൃഷ്ണൻ,രജിത മധു ഗീത വർമ്മ എന്നിവർ പങ്കെടുക്കും. വിനീതസുമം മോഡറേറ്ററാകും
വൈകിട്ട് 4ന് ‘കേരളത്തിന്റെ ഈണങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ശ്രീ വത്സൻ ജെ. മേനോൻ സംസാരിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിലൂടെ സാഹിത്യത്തിനും സമൂഹത്തിനുമിടയിലെ ബന്ധം, സമകാലിക കേരളത്തിന്റെ സാംസ്കാരിക ജീവിതം, സിനിമ, കവിത, പരിസ്ഥിതി, സംഗീതം തുടങ്ങിയ വിഷയങ്ങൾ ഫെസ്റ്റിവലിന്റെ വേദിയിൽ ചർച്ചയാകും.
തുടർന്ന് സമാപന സമ്മേളനം നടക്കും. ടി.ഒ. മോഹനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം. രത്നകുമാർ സ്വാഗതം പറയും. അഡ്വ. പി. ഇന്ദിര, അഡ്വ. പി. സന്തോഷ് കുമാർ എം.പി., ഡോ. വി. ശിവദാസൻ എം.പി. എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവൽ ഡയറക്ടർ സി.വി. ബാലകൃഷ്ണൻ ഫെസ്റ്റിവൽ അവലോകനം നടത്തും. സുധീർ പയ്യനാടൻ നന്ദി രേഖപ്പെടുത്തും.
