ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; പ്രശംസയുമായി ജൂനിയർ എൻടിആർ

2026 സെപ്റ്റംബർ 30 • 03:30 PM
അകം ന്യൂസ് ഡെസ്ക്
ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; പ്രശംസയുമായി ജൂനിയർ എൻടിആർ

കൊച്ചി: ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും സിനിമാ തിരഞ്ഞെടുപ്പുകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ. ഫഹദ് നായകനാകുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു താരത്തിന്റെ പ്രശംസ.

കോവിഡ് കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചുവെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലത്ത് നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അത്തരം പ്രയാസകരമായ ഘട്ടത്തിൽ ഫഹദിന്റെ സിനിമകൾ ഓരോ വീട്ടിലേക്കും എത്തിച്ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ബാംഗ്ലൂർ ഡെയ്‌സ്’ കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോട് ആരാധന തോന്നിയതെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കി. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളുടെ പട്ടികയിൽ ഫഹദ് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും താരം പറഞ്ഞു. ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ ഏറെ ബഹുമാനിക്കുന്നതായും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരമാണ് ഫഹദെന്നും എൻടിആർ കൂട്ടിച്ചേർത്തു.

ഫഹദിന്റെ ആദ്യ തെലുങ്ക് നായകചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമായി മാറട്ടെയെന്നും സിനിമയ്ക്ക് വലിയ വിജയം ലഭിക്കട്ടെയെന്നും ജൂനിയർ എൻടിആർ ആശംസിച്ചു.

ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവ് എസ്.എസ്. കാർത്തികേയയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും എൻടിആർ സംസാരിച്ചു. എസ്.എസ്. രാജമൗലിയുടെ ആദ്യ ചിത്രം ‘സ്റ്റുഡന്റ് നമ്പർ 1’ മുതൽ രാജമൗലി കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് 17 വയസ്സും കാർത്തികേയയ്ക്ക് ഏകദേശം ഒമ്പത് വയസ്സുമായിരുന്നു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ കാർത്തികേയ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും ഒരു സഹോദരനുണ്ടെങ്കിൽ അത് കാർത്തികേയ മാത്രമാണെന്നും എൻടിആർ വികാരാധീനനായി പറഞ്ഞു. തന്റെ ആദ്യ ചിത്രമായ ‘നിന്നു ചൂടാലനി’യുടെ ഉദ്ഘാടന ചടങ്ങിൽ ഒറ്റപ്പെട്ടതായി തോന്നിയ അനുഭവവും അദ്ദേഹം പങ്കുവച്ചു. പിന്നീട് രാജമൗലിയുടെയും കീരവാണിയുടെയും കുടുംബങ്ങളെ ദൈവം തനിക്ക് നൽകിയ കുടുംബങ്ങളായി കാണുന്നുവെന്നും താരം പറഞ്ഞു.

കരിയറിൽ സിനിമകൾ പരാജയപ്പെട്ട പ്രയാസകരമായ ഘട്ടങ്ങളിലും കാർത്തികേയ ഒപ്പം നിന്നതായി എൻടിആർ പറഞ്ഞു. ‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ ചിത്രങ്ങളുടെ യാത്രയിലും കാർത്തികേയയുടെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാർത്തികേയയുടെ ആദ്യ നിർമ്മാണ സംരംഭമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രേക്ഷകർ ഏറ്റെടുക്കണമെന്നും ജൂനിയർ എൻടിആർ അഭ്യർഥിച്ചു.

ചിത്രത്തിന്റെ സംവിധായകൻ ശശാങ്ക് യെലേട്ടിയുടെ സിനിമയോടുള്ള ആത്മാർഥതയെയും വ്യക്തമായ കാഴ്ചപ്പാടിനെയും എൻടിആർ പ്രശംസിച്ചു. സംവിധായകനാകണമെന്ന ആഗ്രഹത്തോടെ സിനിമാരംഗത്തേക്ക് എത്തിയ ശശാങ്ക് തന്റെ ലക്ഷ്യത്തിലെത്തിയെന്നും ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം വ്യക്തമാകുന്നുണ്ടെന്നും താരം പറഞ്ഞു.

അതേസമയം, തന്റെ പുതിയ ചിത്രം ‘ഡ്രാഗണി’നെക്കുറിച്ചുള്ള വിവരങ്ങളും ജൂനിയർ എൻടിആർ ചടങ്ങിൽ പങ്കുവച്ചു. തോളിലെ ശസ്ത്രക്രിയയെ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന താരം പൂർണമായി സുഖം പ്രാപിച്ചതായും ഉടൻ ചിത്രീകരണം പുനരാരംഭിക്കുമെന്നും അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച സമയക്രമത്തിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഭാവനാ റിലീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കേരളത്തിൽ ചിത്രത്തിൻ്റെ പി ആർ ഒ പ്രതീഷ് ശേഖറാണ്

ഒക്ടോബർ 2ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.