ഐ.ടി.ഐ, ഡിപ്ലോമക്കാർക്കും ഇനി ബിരുദ പഠനം; പ്രവേശന മാനദണ്ഡങ്ങളിൽ വൻ മാറ്റവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ്

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
ഐ.ടി.ഐ, ഡിപ്ലോമക്കാർക്കും ഇനി ബിരുദ പഠനം; പ്രവേശന മാനദണ്ഡങ്ങളിൽ വൻ മാറ്റവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ്

 തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ പ്രവേശന മാനദണ്ഡങ്ങളിൽ നിർണായക മാറ്റം വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പുതിയ ഉത്തരവ് പ്രകാരം, ഇനി മുതൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ല. ഇതോടെ ഐ.ടി.ഐയും ഡിപ്ലോമയും പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടാൻ അവസരം ലഭിക്കും.

പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് താൽപര്യമുള്ള ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാനാകും. അതേസമയം, പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പന്ത്രണ്ടാം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം അനുവദിക്കും.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അനുസരിച്ചാണ് പുതിയ പ്രവേശന മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പുതിയ സംവിധാനം 2027–28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്കാരമെന്നാണ് വിലയിരുത്തൽ.

പ്രധാന മാറ്റങ്ങൾ

  • പ്ലസ് ടു നിർബന്ധമില്ലാതെ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ബിരുദ പ്രവേശനത്തിന് അവസരം.
  • പത്താം ക്ലാസിന് ശേഷം ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് ബിരുദത്തിന്റെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം.
  • പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്കും പന്ത്രണ്ടാം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി.
  • പുതിയ പ്രവേശന മാനദണ്ഡങ്ങൾ 2027–28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ.