കൊച്ചി: ‘വാഴ 2’ന്റെ വൻ വിജയത്തിന് പിന്നാലെ ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ‘ഞൊടി – വൺ മോർ ടൈം’ ചിത്രീകരണത്തിലേക്ക്. നവാഗതനായ ജെ.എസ്. ജിതിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ അവറാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ നടന്ന പൂജയോടെയാണ് ചിത്രത്തിന് തുടക്കമായത്. ‘വാഴ 2’ന് ശേഷം ഹാഷിറിന്റെ നായകവേഷത്തിലുള്ള അടുത്ത ചിത്രമെന്ന നിലയിൽ പ്രഖ്യാപനം തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
സൂപ്പർ ഡൂപ്പർ ഫിലിംസും മിഡ്നൈറ്റ് സൺ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും, മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് നിർമ്മാണം.
‘വാഴ’, ‘എക്കോ’, ‘വാഴ 2’ തുടങ്ങിയ ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ ‘ഞൊടി’യുടെ കഥയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ‘Looping Soon!’, ‘One More Time’ തുടങ്ങിയ സൂചനകളാണ് പോസ്റ്ററിലുള്ളത്. ഇതോടെ ചിത്രം ടൈം-ലൂപ്പ് പ്രമേയത്തിലുള്ളതാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ചിത്രത്തിന്റെ കഥയോ വിഭാഗമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
‘വാഴ 2’ന് ശേഷം ഹാഷിറും അമീനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഞൊടി’. ഇരുവരുടെയും കൂട്ടുകെട്ടിനൊപ്പം ലുക്മാൻ അവറാനും ചന്തു സലിംകുമാറും എത്തുന്നത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ സോഷ്യൽ മീഡിയ താരങ്ങളിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഹാഷിറിന്റെ നായകനായുള്ള അടുത്ത ചുവടെന്ന നിലയിൽ ‘ഞൊടി’ എത്രത്തോളം ശ്രദ്ധ നേടുമെന്നാണ് ഇനി അറിയാനുള്ളത്.
