ന്യൂഡൽഹി: ഓൺലൈനിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം (CSAM) കണ്ടെത്തുന്ന കേസുകളിൽ ഇന്ത്യൻ അധികൃതർക്ക് നേരിട്ട് വിവരങ്ങൾ കൈമാറുന്നതിനുള്ള നടപടിയുമായി ഗൂഗിൾ. നിലവിലുള്ള അന്താരാഷ്ട്ര റിപ്പോർട്ടിങ് സംവിധാനത്തിൽനിന്ന് മാറിയാണ് ഗൂഗിളിന്റെ പുതിയ നീക്കം.
നിലവിൽ ഗൂഗിൾ ഉൾപ്പെടെയുള്ള ടെക് കമ്പനികൾ കണ്ടെത്തുന്ന ഇത്തരം ഉള്ളടക്കങ്ങൾ അമേരിക്ക ആസ്ഥാനമായ National Center for Missing & Exploited Children (NCMEC)-ന്റെ CyberTipline-ലാണ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് NCMEC ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമനിർവഹണ ഏജൻസികൾക്ക് റിപ്പോർട്ടുകൾ കൈമാറുകയാണ് പതിവ്.
എന്നാൽ ഈ ഇടനില സംവിധാനം അടിയന്തര കേസുകളിൽ നടപടി വൈകിപ്പിക്കാനിടയാക്കുന്നുവെന്ന് ഇന്ത്യൻ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികൾക്ക് നേരിട്ട് അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രാദേശിക പൊലീസിന് വേഗത്തിൽ ഇടപെടാൻ കഴിയണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്.
ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (I4C)-ന് പ്രസക്തമായ വിവരങ്ങൾ കൈമാറുന്നതിനുള്ള സംവിധാനം നടപ്പാക്കാൻ ഗൂഗിൾ നിർദേശം നൽകിയതായി കമ്പനി വക്താവ് അറിയിച്ചു. ആവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കിയ ശേഷമായിരിക്കും ഇത് പ്രാവർത്തികമാക്കുക. നിലവിൽ ഇത് സർക്കാരുമായുള്ള ചർച്ചകളുടെ ഘട്ടത്തിലാണെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിളിന്റെ നീക്കം മെറ്റയുടെ സമാന തീരുമാനത്തിന് പിന്നാലെയാണ്. കഴിഞ്ഞ ആഴ്ച മെറ്റയും ഇന്ത്യയിലെ സൈബർ ക്രൈം പോർട്ടലിലേക്ക് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം കേസുകളിൽ നിയമനടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക് കമ്പനികളും ഇന്ത്യൻ അധികൃതരും റിപ്പോർട്ടിങ് സംവിധാനത്തിൽ മാറ്റം കൊണ്ടുവരുന്നത്. NCMEC-യുടെ കണക്കനുസരിച്ച് 2025-ൽ ലോകമെമ്പാടുനിന്നും കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 2.13 കോടിയിലധികം റിപ്പോർട്ടുകൾ സൈബർ ടിപ് ലൈനിൽ ലഭിച്ചിരുന്നു.
