അപകടസാധ്യതാ മേഖലകൾ കണ്ടെത്തി അടിയന്തര പരിഹാരം; രണ്ടാഴ്ചയിലൊരിക്കൽ അവലോകന യോഗം
കണ്ണൂർ: ദേശീയപാത 66-ൽ റോഡപകടങ്ങൾ കുറച്ച് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കണ്ണൂർ ജില്ലയിൽ ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പോലീസ് മേധാവി കൺവീനറുമായാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനം.
എ.ഡി.എം., നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ, എക്സിക്യൂട്ടീവ് എൻജിനീയർ, ആർ.ടി.ഒ., ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർമാർ തുടങ്ങിയവരാണ് ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങൾ.
ഇതോടൊപ്പം തഹസിൽദാർമാർ കൺവീനർമാരായുള്ള താലൂക്ക് തല ടാസ്‌ക് ഫോഴ്‌സുകളും പ്രവർത്തിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ൽ അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ സുരക്ഷാ നടപടികൾ വേഗത്തിൽ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
അപകടസാധ്യതാ മേഖലകൾ കണ്ടെത്തും
ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും. നിലവിലെ ദേശീയപാതയിൽ ആവശ്യമായ ഇടങ്ങളിലെല്ലാം സൂചക ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
റോഡിലെ പ്രകാശ സംവിധാനത്തിന്റെ അപര്യാപ്തത, വാഹന ഗതാഗതത്തിന് തടസ്സമാകുന്ന മറ്റ് സാഹചര്യങ്ങൾ തുടങ്ങിയവയും പരിശോധനയുടെ ഭാഗമായി വിലയിരുത്തും. കണ്ടെത്തുന്ന പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബർ 13നകം സമർപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ യോഗം നിർദേശം നൽകി.
കൈയേറ്റങ്ങളും ഗതാഗത തടസ്സങ്ങളും നിരീക്ഷിക്കും
ദേശീയപാതയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ടാസ്‌ക് ഫോഴ്‌സ് നിർണായക പങ്കുവഹിക്കും. ഗതാഗത സൗകര്യങ്ങൾ, അപകടസാധ്യതയുള്ള പ്രദേശങ്ങൾ, വാഹന ഗതാഗതത്തിന് തടസ്സമാകുന്ന കൈയേറ്റങ്ങൾ, മറ്റ് തടസ്സങ്ങൾ എന്നിവ നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
ദേശീയപാതയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഢി, റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ദേശീയപാത അതോറിറ്റി അധികൃതർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
