ആധുനികാനന്തര മലയാളകഥയിൽ വിഷയ സ്വീകരണത്തിലും ഭാഷാവബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്മയകരമായ ലാവണ്യം സൃഷ്ടിച്ച സി.വി. ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്തകം. എഴുത്തുകാരന്റെ രസാവബോധവും എഴുത്തിലെ രസതന്ത്രവും ഗരിമയോടെ സ്ഥാപിക്കുന്നു എന്നതാണ് ഈ കഥകളുടെ പൊതുവായ പ്രത്യേകത. ബഹുസ്വരതയാർന്നൊരു കഥാലോകത്തിൽ, രചനകളിലെല്ലാം സാർവലൗകിക മാനവികത സൃഷ്ടിച്ച് ഈ കഥാകാരൻ മലയാളഭാവനയിൽ കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും ഭാഷയിലും കലാത്മകമാക്കുന്നു. 'നവരസകഥകൾ' എന്നത് സി.വി. ബാലകൃഷ്ണന്റെ കഥാപ്രപഞ്ചത്തിലെ മുന്നൂറിലേറെ രചനകളിൽ നിന്നുള്ള പ്രതിനിധാനം മാത്രമാണ്. ജീവിതാവിഷ്‌കാരങ്ങളുടെ വായനയിൽ ലഭിക്കുന്ന അലൗകികമായ ആനന്ദമാണ്, വാസ്തവത്തിൽ രസാനുഭൂതി. കൃതിയുടെ ആത്മാവാണ് രസം എന്നു പൂർവസൂരികൾ നിരീക്ഷിച്ചിട്ടുണ്ട്. സ്ഥായിയായ ഭാവം ശോകസാന്ദ്രമാകുമ്പോഴും സർഗാത്മകവൃത്തിയിൽ രസം ആനന്ദാത്മകമാകണം എന്ന് ഭരതമുനിയുടെ രസവിചാരങ്ങളിലുണ്ട്. ആവിഷ്‌കാരങ്ങളിലെ ദുഃഖം ആസ്വാദകരിൽ മനോഹരമായി രൂപപ്പെടുത്തുന്നില്ലെങ്കിൽ അത് കലാപരമായ പരാജയമാണ്. പങ്കുവെച്ചാൽ ദുഃഖം സഹ്യമായിത്തീരും എന്നമട്ടിൽ കരുണം ഹൃദ്യമായ രസാനുഭൂതിയാകുമ്പോഴാണ് കലയുടെ സന്നിധാനം സൗന്ദര്യമയമാകുക. പൗരസ്ത്യ സാഹിത്യസിദ്ധാന്തങ്ങളിൽ പ്രാചീനവും പ്രാമാണികവുമാണ് രസസിദ്ധാന്തം. ഭരതമുനി തൊട്ട് ജഗന്നാഥപണ്ഡിതർവരെ/ എ.ആർ മുതൽ വി.സി. ശ്രീജൻ വരെ-പല കാലങ്ങളിൽ പല രീതിയിൽ സാഹിത്യമീമാംസകരിൽ രസാസ്വാദനം ചർച്ചാവിഷയമായിട്ടുണ്ട്. നൃത്തം, സംഗീതം, സാഹിത്യം എന്നിവയുടെ സംശ്ലേഷണമാണ് നാട്യമെന്നതും രസംകൊണ്ടാണ് രാഗദ്വേഷികളായ വികാരങ്ങളും ചിത്തൈകാഗ്രതയോടുകൂടിയ അനുഭവ പ്രകാശനങ്ങളും എന്ന് സമർഥിക്കേണ്ടതില്ല. വികാരാഭി സംക്രമണം തന്നെയാണ് രസബോധം. നാട്യശാസ്ത്രം ആറ്, ഏഴ് അധ്യായങ്ങളിലാണ് കാണുകയോ കേൾക്കുകയോ ഭവിപ്പിക്കുകയോ ചെയ്യുന്ന ആവിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള വിചാരങ്ങളുള്ളത്. 'വിഭാവാനുഭാവ വ്യഭിചാരിസംയോഗാത് രസനിഷ്പത്തി : എന്നാണ് ഭരതസൂത്രം. വിഭാവം, അനുഭാവം, വ്യഭിചാരി, സംയോഗം തുടങ്ങിയ സംജ്ഞകൾക്ക് വലിയ അർഥങ്ങളുണ്ട്. വിജ്ഞാനവും (വിഭാവം) അതിനുള്ള ചുറ്റുപാടുകളും (അനുഭാവം) വാചികാംഗികങ്ങളായ അവസ്ഥകളും (വ്യഭിചാരി) ചേർന്ന് രസംരൂപപ്പെടുത്തുമ്പോൾ ഏതൊരു സൃഷ്ടിയും ആസ്വാദ്യമായിത്തീരുന്നു. ശൃംഗാരം, ഹാസം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം എന്നു എട്ടുരസങ്ങളാണ് ഭരതമുനി നാട്യശാസ്ത്രത്തിൽ വിവരിക്കുന്നത്. അഭിനവഗുപ്തൻ ശാന്തത്തെ ആത്മാവിലുള്ള അഭിരതിയായി പരികല്പിച്ചതോടെ ഒമ്പതാം രസവും പൂർത്തീകരിക്കപ്പെട്ടു. ധ്വന്യാലോകത്തിൽ ആനന്ദവർധൻ രസധ്വനിയ്ക്കു ഇടം നൽകിയതോടെ രസവും ധ്വനിയും സാഹിത്യവ്യവഹാരത്തിലെ കാലാതിവർത്തിയായ രണ്ടുസിദ്ധാന്തങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. ഭരതമുനിക്കും ഭട്ടനായകനും അഭിനവഗുപ്തനും ധനഞ്ജയനും ഉൾപ്പെടെയുള്ളവരുടെ വ്യാഖ്യാനങ്ങളിൽ, അസാധാരണമായോ അസംഭവ്യമായതോ ആയ കാര്യങ്ങൾ സാധാരണവും സംഭവ്യവും ആസ്വാദ്യവുമാകുന്നിടത്താണ് രസാസ്വാദനം പൂർണമാകുക. അരിസ്റ്റോട്ടിൽ (പോയറ്റിക്‌സ്) പാശ്ചാത്യ സാഹിത്യതത്വശാസ്ത്രത്തിനു നൽകിയ വിചാരങ്ങളിൽ കഥാർസിസും സാധാരണീകരണവുമുണ്ട്. ഭയകരുണങ്ങളിലൂടെ സഞ്ചരിച്ച് വികാരവിമലീകരണം സാധ്യമാകണമെന്ന ലക്ഷ്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. പാശ്ചാത്യ പൗരസ്ത്യ ആശയങ്ങളെല്ലാം, ഒരു കൃതി ആസ്വാദക പ്രീതി നേടണമെങ്കിൽ രസഭാവങ്ങൾക്കും വർണങ്ങൾക്കും വ്യക്തമായ സ്വാധീനങ്ങളുണ്ട് എന്നു സംശയരഹിതമായിത്തന്നെ സമർഥിച്ചിട്ടുണ്ട്. ചിത്തവൃത്തി വിശേഷങ്ങളെ മറ്റൊരാളുടെ ഹൃദയാഹ്ലാദങ്ങൾക്കു നിദാനമാക്കുമ്പോൾ ഏതൊരു കലാകാരനും രസാവബോധം നിർണായകമാണ്. ആസ്വാദ്യമായി അനുഭവിപ്പിക്കുന്നതാണ് രസം; രസംകൂടാതെ ഒരു വിഷയവും ഇല്ല. എഴുത്തുകാരന്റെ കാഴ്ചപ്പാടും ആസ്വാദകന്റെ അനുഭവാനുഭൂതികളും അന്വയിക്കുന്ന സ്വീകരണതന്ത്രമെന്ന നിലയിൽ രസാസ്വാദനത്തെ കാണണം. ക്ലാസിക്കൽ കൃതികളെപ്പോലെയോ ചിലപ്പോൾ അതിനേക്കാൾ ഉയർന്നോ നിൽക്കുന്നതാണ് നവീനസാഹിത്യസംവർഗങ്ങളിലെ രസസങ്കല്പനങ്ങളും.
സി.വി. ബാലകൃഷ്ണന്റെ 'നവ'കഥകളെ മുൻനിർത്തിയുള്ള ആലോചനയ്ക്ക് ഇങ്ങനെയൊരു അടിസ്ഥാനവിവരണം പ്രസക്തമാകുന്നത്, അദ്ദേഹത്തിന്റെ കഥനകലയ്ക്ക് പാരമ്പര്യത്തിന്റെയും കാവ്യമീമാംസയുടെയും വലിയ അടിത്തറയുണ്ടെന്ന തിരിച്ചറിവിലാണ്. ഏറ്റവും നവീനമായ ആഖ്യാനത്തിനു പിന്നിലും ജ്ഞാനത്തിന്റെയും സംസ്‌കൃതിയുടെയും വലിയ പിൻബലമുണ്ടാകുമ്പോഴാണ് അത് സമകാലികതയുടെ അതിരുകൾ വിട്ട് മുന്നോട്ടുചരിക്കുക. വിശാലമായ ജീവിതനിരീക്ഷണവും സൗന്ദര്യശിക്ഷണങ്ങളും ഭാവനാത്മക ചിത്രണങ്ങളും ശ്രദ്ധയോടെയുള്ള ഗൃഹപാഠവും സി.വി.ബാലകൃഷ്ണന്റെ കഥകൾക്ക് ഉദാത്തതയും വൈവിധ്യവും വിശേഷപ്പെട്ട കലാത്മകതയും നൽകുന്നു. 'രസപ്രാധാന്യേന' എന്ന ലീലാതിലകകാരന്റെ വാദമനുസരിച്ച് ഒരു കൃതി ഒരു രസത്തിലൂന്നി തന്നെ രചിക്കപ്പെട്ടതാകില്ല; പല രസം പ്രകടമാക്കുന്നതിൽ ഏതിനാണ് പ്രാധാന്യം കല്പിക്കപ്പെടുന്നതിനനുസരിച്ചാണ് രസം നിർണയിക്കുക. രസാനുഭവം പ്രത്യക്ഷജ്ഞാനരൂപമാണ്. സ്ഥായിഭാവങ്ങൾക്ക് എഴുത്തുകാരനിലെന്നതുപോലെ ആസ്വാദകന്റെ ഉള്ളിലാണ് ഉറവും ഉണർവും.
'കരിമ്പിൻ പാടത്തെ ചാറ്റൽ മഴയിൽ' യാതനാനിർഭരമായ ജീവിതം നയിച്ചിരുന്ന കപ്യാരുടെ മകനായ ഐവാന്റെയും കരിമ്പിൻപാടത്തുവെച്ച് പരിചയപ്പെട്ട സൂസൻ എന്ന പെൺകുട്ടിയുടെയും കഥയാണ്. കരിമ്പിൻപാടത്ത് ഒരു മഴക്കാലത്ത് കൂണുകൾ പറിക്കാനിറങ്ങിയ ഐവാൻ, അതേ കാര്യത്തിന് അവിടെയെത്തിയ സൂസനെ കാണുക മാത്രമല്ല, ഒരു വിസ്മയമുഹൂർത്തത്തിൽ അവളെ ചുംബിക്കുകയും ചെയ്യുന്നു. പാവാടത്തുമ്പിൽ മടക്കിപ്പിടിച്ചു ശേഖരിച്ചിരുന്ന കൂണുകളെല്ലാം നനഞ്ഞ മണ്ണിലേക്കു വീണു. വർഷങ്ങൾക്കുശേഷം നഗരത്തിൽ കടൽക്കരയിലെ ഒരു ബംഗ്ലാവിൽ അഞ്ചുസുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന ഐവാനെ കാണുമ്പോൾ, കാറ്റും കടലിരമ്പവും പശ്ചാത്തലമൊരുക്കുന്നു. മദ്യത്തോടൊപ്പം ആഘോഷത്തിമർപ്പിനു സ്ത്രീയും. അംഗസംഖ്യ കൂടിയതിനാൽ നറുക്കെടുപ്പുണ്ടാകുന്നു. 'എനിക്കുവേണ്ട' എന്നാവർത്തിച്ചുപറഞ്ഞെങ്കിലും ആദ്യം ഐവാനുതന്നെ മുറിക്കകത്തേക്കു പോകേണ്ടിവരുന്നു. സംശയചിത്തനായി നിന്ന അവനെ സുഹൃത്തുക്കൾ മുറിയിലേക്കു തള്ളിയിട്ടതാണ്. കടലിനഭിമുഖമായി ജനാലയ്ക്കരികിൽ നിശാവസ്ത്രം ധരിച്ചു നിൽക്കുന്ന യുവതിയെ കണ്ടപ്പോൾ അയാൾ ഉത്തേജിതനായി. മുഖാമുഖം വന്നപ്പോൾ സൂസൻ! 'ഇരുവരുടെയും ഓർമയിൽ വിദൂരമായ കരിമ്പിൻപാടത്ത് ചാറ്റൽമഴ പെയ്തു.' സുഹൃത്തുക്കളുടെ തിടുക്കങ്ങളും ആക്രോശങ്ങളും ഒളിഞ്ഞുനോട്ടവും കൊണ്ട് പിന്നീടുള്ള നിമിഷങ്ങൾ സംഭവബഹുലമാകുകയാണ്. അപ്പോഴും 'ഐവാൻ വികാരവായ്‌പോടെ സൂസനെ തന്നോടു ചേർത്തുപിടിച്ച് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു.' കഥാന്ത്യമാകട്ടെ, 'കരിമ്പിൻപാടത്ത് ചാറ്റൽമഴ തുടർന്നു' എന്ന വാക്യത്തിലാണ്. സ്‌നേഹം കൊണ്ടുമുറിവേറ്റവരാണ് ഐവാനും സൂസനും. ഈ കഥയിൽ ഭിന്ന വിചിത്രഭാവങ്ങൾ ഉയർന്നുവരുന്നെങ്കിലും ശൃംഗാരമാണ് തീവ്രാനുഭവമാക്കുന്നത്. രസരാജപദവിയിലുള്ള ശൃംഗാരം അടിസ്ഥാനമാക്കുന്നത് കാമമാണ്. രതിജന്യമായ ഏത് അവസ്ഥാന്തരങ്ങളും ഇതിൽപെടും. അന്യോന്യാസക്തരായവരിലുള്ള രതിവാഞ്ഛ, മറ്റൊരാളെ പറഞ്ഞറിയിക്കുവാനാവാത്ത വികാരവും അനുഭൂതിയുമാണ്. സംഭോഗവും വിപ്രലംഭവും ഒന്നിക്കുന്ന ശൃംഗാരമാണിത്. ഉദ്ദീപനം സൗന്ദര്യമോ സവിശേഷസാഹചര്യമോ ആകാം. കടാക്ഷവും മന്ദഹാസവുമൊക്കെ രത്യവബോധത്തിന്റെ പ്രതീതിസാക്ഷ്യങ്ങളാണ്. കാമത്തിന്റെ കരുത്തും കാന്തിയും കരിമ്പിൻപാടവും മഴയും കാറ്റും ഉൾപ്പെടുന്ന നിരവധി സൂചകങ്ങളിൽ കൊണ്ടുവരുന്നുണ്ട്. രസഗംഗാധരത്തിൽ, സ്ത്രീപുരുഷസംയോഗവികാരത്തെ രതിയെന്നും അതിലുൾച്ചേർന്ന രസം ശൃംഗാരമെന്നും പ്രസ്താവമുണ്ട്. കഥയുടെ പ്രാരംഭത്തിലുള്ള വികാരംമുറ്റിയ കൗമാര പ്രേമവും അവസാനഭാഗത്തെ കാമരൂപിയായ തീക്ഷ്ണഭാവവും ശൃംഗാരത്തെ സമുജ്ജ്വലമാക്കുന്നു. ലൈംഗികത കലാപരമാകുന്നത് ഭോഗതൃഷ്ണയ്ക്കപ്പുറമുള്ള ഉൽക്കടമായ കാമം കൊണ്ടാണ്. ജീവിതം എന്ന അനുഭവസ്ഥലിയിൽ വെച്ചാണ് പ്രണയത്തെയും രതിമോഹത്തെയും സംലയിപ്പിക്കുന്നത്. ശൃംഗാരാവിഷ്‌കാരത്തിൽ കഥാകൃത്തു പുലർത്തുന്ന നിയന്ത്രണം അസൂയാവഹമാണ്. (കാരണം, കാമന്റെ പ്രാദുർഭാവം ശൃംഗവും അതിന്റെ ഉല്പത്തിക്കു നിദാനമായ രസം ശൃംഗാരവുമാകുമ്പോൾ ആലംബനവും ആശ്രയവും ഉദ്ദീപനവും അനുഭാവങ്ങളുമെല്ലാം നിയന്ത്രിതമാക്കപ്പെട്ടില്ലെങ്കിൽ ആഭാസമായി മാറുന്നു.) സർഗപ്രതിഭയുടെ ഹർഷത്തെ മാനിക്കുമ്പോഴാണ് അവതരണത്തിലെ വൈവിധ്യം തിരിച്ചറിയുക. ഹാസ്യം/ ഹാസം വ്യത്യസ്തമായ രസമാണ്. തന്റേതെന്നും പരസ്ഥമെന്നും വ്യവഹരിക്കാവുന്ന ഹാസ്യമുഹൂർത്തങ്ങളുണ്ട്. ദൈനംദിന ജീവിതാനുഭവങ്ങളിലെ വൈരുധ്യങ്ങളും പൊരുത്തക്കേടുകളും ഏങ്കോളിപ്പുകളും മാത്രമല്ല, ചില തുറിച്ചുനോട്ടങ്ങളും വിചിത്രകല്പനകളും ഹാസത്തിനു നിദാനമാകുന്നു. ഹാസത്തിന്റെ പ്രഭാവം ഹൃദ്യമായ നറുചിരിയാണ്. നിർദോഷമാകാം, ഉപഹാസമാകാം, ആക്ഷേപഹാസ്യമാകാം- എന്നാൽ ഹാസ്യം ജീവിതത്തിന്റെ സാരവത്തായ മുഹൂർത്തമാണെന്നുതന്നെ കരുതണം. 'കോഴിയങ്കം' മുത്തുവിന്റെയും മായാണ്ടിയുടെയും കോഴികളുടെ അങ്കക്കഥയാണ്. പകയും കലിയും മനുഷ്യരിലും കോഴികളിലും ഒരുപോലെ നിറയുന്ന അനുഭവം. അക്രാമകസാഹചര്യമാണിത്. അങ്കക്കലിയെടുത്തു കോഴികളെപ്പോലെതന്നെ ഉടമസ്ഥരും. പോലീസുകാരായ അപ്പുണ്ണിനായരും രാമൻകുട്ടിയും അവിടെയെത്തിയപ്പോൾ ആളുകളുടെ നെട്ടോട്ടം. ഇരുവരും പിടിക്കപ്പെട്ടു; നിയമലംഘനത്തിനു ശിക്ഷയും. തൊണ്ടിമുതലോടെ ഇരുവരെയും കൊണ്ടുള്ള നടത്തത്തിനിടയിൽ അവരുടെ കയ്യിലുള്ള സിഗരറ്റ് വാങ്ങിവലിച്ചും പോലീസുകാരുടെ നോട്ടവും.
ഒടുവിൽ -
മുത്തുവും മായാണ്ടിയും ആശ്വാസത്തോടെ നിന്നു. എന്നാൽ അല്പംകഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ അവരുടെ മുഖങ്ങൾ മ്ലാനമായിരുന്നു. കൈകൾ ശൂന്യവും.
അപ്പുണ്ണിനായരും രാമൻകുട്ടിയും ഓരോ കോഴിയെ കൈയിൽ തൂക്കിപ്പിടിച്ച് സോത്സാഹം നടന്നു. വഴി കരിമ്പനകൾക്കിടയിലൂടെ നീണ്ടുപോയി. ഒരു കാറ്റുവീശി.
ഈ സന്ദർഭം ഉയർത്തുന്ന ഹാസ്യത്തിന് മറ്റൊരു മാനം കൈവരുന്നത് പിന്നീടാണ്.
അപ്പുണ്ണിനായരും രാമൻകുട്ടിയുമായി പുതിയ ഉടമസ്ഥർ. മറ്റൊരു കോഴിയങ്കം ആരംഭിക്കുകയായി. ഇരുവരും പോലീസുകാരല്ലാതായി മാറി.
കരിമ്പനച്ചുവട്ടിൽ അവർ അങ്കം കുറിച്ചു. പുതിയ ഉടമസ്ഥർക്കുവേണ്ടി കോഴികൾ ക്രോധാവിഷ്ടരായി. കരിമ്പനച്ചുവട്ടിലുയർന്ന ആരവത്തിൽ ആസ്വാദകരിൽ ഉയരുന്ന ഹാസത്തിന് വെളുപ്പിനൊപ്പം കറുപ്പും നിറഭേദമുണ്ട്. കോഴിയങ്കം നിയമവിരുദ്ധമായതിനാൽ, കാണികളെ മുഴുവൻ ആട്ടിയോടിച്ചുള്ള പോലീസുകാരുടെ കൃത്യനിർവഹണവും പിന്നെ സിഗരറ്റും കോഴികളും വാങ്ങി ചാർജുചെയ്യാതെ വിടുന്നതിലുമുയരുന്ന നർമത്തിന് ശുഭ്രാഭയുണ്ട്. അവിടെവച്ച് കഥ അവസാനിക്കുന്നില്ല. ഹാസത്തെ ഉത്തമമായും അധമമായും അവതരിപ്പിക്കാം. പഴത്തൊലി ചവിട്ടി വീഴുന്നതും പട്ടി ഓടിക്കുമ്പോൾ ചാണകക്കുഴിയിൽ വീഴുന്നതും ദുർബലമായ, അധമമായ ഹാസ്യബോധമാണ്. അവിടെനിന്നും മാറി ഉൽക്കൃഷ്ടമായ വികാരമായി ഹാസം മാറുന്നത് 'കോഴിയങ്ക'ത്തിലുണ്ട്; അതാണ് ഈ കഥയുടെ ശില്പഭംഗിയും ഭാഷാഘടനയും.
കരുണം അത്യന്തം സഹൃദയഹൃദയസ്പർശിയായ രസമാണ്. സ്ഥായിയായ ഭാവം ശോകമാണ്. കരുണത്തെ പ്രകൃതിരസമെന്ന് ഭവഭൂതി വിശേഷിപ്പിക്കുന്നുണ്ട്. ഇഷ്ടനാശത്തെയോ, അനിഷ്ടങ്ങളെയോ ഹൃദയത്തിനുണ്ടാകുന്ന ക്ഷോഭത്തെയോ ശോകം സാക്ഷ്യപ്പെടുത്തുന്നു. സാന്ദ്രമോ ഘനീഭൂതമോ ആയ അത്തരമവസ്ഥയുടെ ചിത്രണമാണ് കരുണത്തിന്റെ ആലേഖനങ്ങൾ. 'മക്കൾ' കരുണമൊരു രസം താൻ എന്ന് ഓർമിപ്പിക്കുന്ന വ്യത്യസ്തകഥയാണ്. റെയിൽവേ സ്റ്റേഷനിൽ അച്ഛനെകാത്ത് സഹോദരങ്ങളിരിക്കുന്നതും അച്ഛന്റെ വരവും കാർയാത്രയിലെ വിരസത ഉണ്ടാക്കുന്ന ഈർഷ്യയും അവജ്ഞയും പെരുമാറ്റത്തിലെ ക്രുദ്ധതയും ആദ്യഘട്ടത്തിൽ പാരുഷമായ അനുഭവം നൽകുന്നുവെങ്കിൽ പിന്നീട് കഥ മാറുകയാണ്. അമ്മ മരണപ്പെട്ടു. സ്‌കൂളിലേക്ക് നാട്ടിൽനിന്ന് ആളെത്തി, വീട്ടിലെത്തിയപ്പോഴേക്കും അമ്മയുടെ ചിത കത്തിയടങ്ങാറായിരിക്കുന്നു. 'അമ്മപോയി' എന്നസഹോദരന്റെ വാക്കുകളിൽ ആശ്രയമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്ന സൂചനയുണ്ട്. അത്യന്തം സ്‌നേഹവാത്സല്യങ്ങളും കരുണാർദ്രമായ മുഹൂർത്തങ്ങളുമാണ് കഥയിൽ വന്നുചേരുന്നത്. കുട്ടികൾ ഉറങ്ങിയപ്പോൾ തീയാളുന്ന ഉടലുമായി അമ്മവരുന്നു. മുലപ്പാലിന്റെ മണം നിറഞ്ഞ മുറി.... പിന്നീട് അമ്മയെ അച്ഛൻ കൊന്നതാണ് എന്ന അറിവും. ദുഃഖസാന്ദ്രമാണ് 'മക്കൾ' എന്ന കഥ. ഒരു ഘട്ടത്തിൽ ജ്യേഷ്ഠന് പറയേണ്ടിവരുന്നു, നമ്മൾ രണ്ടുപേരും ചേർന്ന് അച്ഛനെ ഒരു ദിവസം....' അപ്പോഴാണ് മുറിയിൽ മൂന്നാമതൊരാൾ ഉണ്ടാകുന്നത്. വിതുമ്പലോടെ ആ ശബ്ദം : ''അരുത്... മക്കളേ.... അരുത്.... അരുത്...'' അത്യന്തം ശോകമൂകമായ അന്ത്യം മാത്രമല്ല, പശ്ചാത്തലവും ഈ കഥയ്ക്കുണ്ട്. കാത്തിരിപ്പിൽ ആരംഭിക്കുന്ന കഥയിൽ വ്യാപിച്ചുകിടക്കുന്ന വിഷാദത്തിന്റെ തവിട്ടുനിറവും മഴയുടെ ദുഃഖം പോലെ കനത്തഭാവവും അച്ഛന്റെ മൂകസാന്നിധ്യവും കരുണത്തെ രൂഢമാക്കുന്നു. അതേസമയം, അമ്മയുടെ നിശ്ശബ്ദനിലവിളിയും സാന്ത്വനവും ചേർന്ന് കരുണത്തെ വികാരവിമലീകരണത്തിന് പ്രാപ്തിയുണ്ടാക്കുന്നിടത്ത് രസാസ്വാദനത്തിന് ഉയർന്ന ഇടം ലഭ്യമാകുന്നു. കരുണം നൈരാശ്യത്തിന്റെ ഭാവപ്രകാശനമല്ല. അരിസ്റ്റോട്ടിലിന്റെ കഥാർസിസ് പോലെ വികാരവിരേചനദൗത്യം ഒരു കലാസൃഷ്ടിയെ ശ്രേഷ്ഠമാക്കുന്നു. 'മക്കൾ' സി.വി. കഥകളിൽ കരുണാർദ്രമാണെന്നു മാത്രമല്ല, ഒരു രസബോധത്തെ തികഞ്ഞ മാനുഷികവികാരമാക്കി മാറ്റുന്നതിന്റെ പ്രത്യക്ഷീകരണവുമാണ്.
ക്രോധത്തിന്റെ പ്രകർഷമാണ് രൗദ്രം. അന്യരുടെ അവിനയം, അവരാധം എന്നിവയാൽ ഉണ്ടാകുന്ന അവമാനം നിസ്സാരമല്ല. അമർഷം, മോഹം, മദം, ഉഗ്രത, ഗർവം, ആവേശം എന്നിങ്ങനെ ഒട്ടനവധി സഞ്ചാരി പ്രകൃതങ്ങൾ രൗദ്രത്തിലുണ്ട്. 'ഉറങ്ങാൻ വയ്യ' ഉജ്ജ്വലമായ പലഭാവങ്ങളുടെയും പ്രകാശനമായിരിക്കെ രൗദ്രത്തിന്റെ പ്രവാഹമാണ്. ഒരു വൃദ്ധനിൽ ഉറങ്ങിക്കിടക്കുന്ന ആസക്തിയുടെ അഗ്നിനാളങ്ങൾ പല വിതാനങ്ങളിൽ പുറത്തുവിടുകയാണ് കഥാകൃത്ത്. നാഗരികരെന്നു പറയാവുന്ന യുവതിയും യുവാവും അയാളുടെ വീട്ടിലെത്തുകയാണ്. അനാസക്തിയുടെ അടയാളമായി മാറിയ ഭാര്യയെ വിട്ട്, യുവകാമുകരുടെ കാമലീലകളിൽ ആകൃഷ്ടനായി- എന്നാൽ ശരീരമോ മനസ്സോ അനുവദിക്കാത്ത ഒരിടത്തേക്ക് അയാൾ പലായനം ചെയ്യുന്നു. അത് നായാട്ടാണ്. ഉറക്കം കെടുത്തുന്ന പക്ഷികളും യുവതിയും പരിസരത്തിന്റെ വന്യപ്രകൃതിയും അയാളിലുണർത്തുന്ന ക്രോധത്തിനും അതിന്റെ വിപുലമായ ഭാവരസങ്ങൾക്കും കണക്കില്ല. അയാളുടെ അന്തഃക്ഷോഭവും നീരസവും എരണ്ടകളെക്കുറിച്ചുള്ള സൂചനകളും സൃഷ്ടിക്കുന്ന നിഗൂഢമായ ആഖ്യാനതന്ത്രം കഥയുടെ പ്രമേയത്തെ ഗൗരവമയമാക്കുന്നതോടൊപ്പം മനോവികാരത്തിന്റെ ദുരൂഹതലങ്ങളാണ്. 'ഇരയറിയാതെ അതിനെ പിന്തുടരുന്ന ഒരു വന്യമൃഗത്തിന്റെ കരുതലോടെ' വൃദ്ധന്റെ മനസ്സും ശരീരവും ഇങ്ങനെയാണ് മുന്നോട്ടു നീങ്ങുന്നത്. കാട്ടുപക്ഷികളുടെ ചിറകടികളും വെടിയേറ്റ എരണ്ടകളുടെ നിലവിളികളും നിറയുന്ന കഥാപരിസരം രൗദ്രനടനത്തിന്റെ ക്രോധാവേഗങ്ങൾ നിറഞ്ഞവയാണ്. മനുഷ്യമനസ്സിന്റെ വിഹ്വലതകൾ മാത്രമല്ല, ഇച്ഛാപൂർത്തീകരണത്തിലെ തടസ്സങ്ങളും ക്രോധഭാവങ്ങൾക്കു നിമിത്തമാകുമെന്ന് 'ഉറങ്ങാൻ വയ്യ' ഓർമപ്പെടുത്തുന്നു. കഥയുടെ പ്രമേയത്തിലൂന്നി മാത്രമുള്ള ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന വിധം, അതിന്റെ പശ്ചാത്തലം ഗൗരവത്തോടെ നിരീക്ഷിക്കണമെന്ന സൂചനയാണ് 'ഉറങ്ങാൻ വയ്യ' യെ മികച്ച സർഗാത്മകരചനയാക്കുന്നത്. സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' എന്ന മാസ്റ്റർപീസ് നോവലിന്റെ അടിയാധാരം 'ഉറങ്ങാൻ വയ്യ' യിൽ കണ്ടെത്താം. ഭാഷയിലും ആഖ്യാനത്തിലും എഴുത്തുകാരന്റെ സൂക്ഷ്മശ്രദ്ധ ഇത്രത്തോളം പതിഞ്ഞിട്ടുള്ള കഥകൾ മലയാളഭാഷയിൽ അധികമൊന്നും ഉദാഹരിക്കാനില്ല.

ലേഖകൻ കഥാകൃത്തിനൊപ്പം
'ചാവുകടലിന്റെ തീരത്തെ ഗുഹകളിൽ ചരിത്രപ്രധാനമായ തുകൽച്ചുരുളുകൾ കണ്ടെത്തിയതുപോലെ കുരിശുങ്കൽ ഔസേപ്പ് ഒരു ദിവസം ഉച്ചതിരിഞ്ഞനേരത്ത് തന്റെ വീടിന്റെ തട്ടിൻപുറത്തുനിന്ന് വളരെ യാദൃച്ഛികമായി ഒരു പഴയഗ്രന്ഥം കണ്ടെടുത്തു' എന്ന വാക്യത്തോടെ ആരംഭിക്കുന്ന 'ചുഴലിക്കാറ്റിന്റെ വരവ്' ശീർഷകം സൂചിപ്പിക്കുന്നതുപോലെ വീരോത്സാഹത്തിന്റെ ആഞ്ഞുവീശലാണ്. ആത്മാഭിമാനം എത്രത്തോളം ഉദാത്തതയിലേക്കുയരുമെന്നും വീരം ഉജ്ജ്വലരസമായി ആവിഷ്‌കരിക്കപ്പെടുമെന്നും ഈ കഥ വെളിപ്പെടുത്തുന്നു. മെഴുകുതിരി വെട്ടത്തിൽ കണ്ടുകിട്ടിയത് കുടുംബ ബൈബിളാണെന്നു മനസ്സിലാക്കിയപ്പോൾ, ഉൽപ്പത്തി പുസ്തകത്തിലെ ചില ഭാഗങ്ങൾ വായിച്ചുകൊണ്ടുതന്നെ താളുകൾ മറിച്ച് അവസാനമായപ്പോൾ വടിവുറ്റ കൈപ്പടയിൽ എഴുതിയ വാക്യങ്ങളിലെത്തി. ഓരോ വാക്കും ഉള്ളറിഞ്ഞു. വായിച്ചപ്പോൾ ഔസേപ്പിന്റെ 'വല്യപ്പൂപ്പനായ കുരിശുങ്കൽ ഇട്ട്യേര ഹൃദയപരമാർഥതയോടെ' കുറിച്ച കുടുംബവിവരങ്ങളാണതെന്നും തിരിച്ചറിഞ്ഞു. വായനയ്ക്കിടയിൽ ഒരു വാക്യം അയാളെ അമ്പരപ്പിക്കുകയോ വലിയ പ്രതിസന്ധിയിലാഴ്ത്തുകയോ ചെയ്തു. വീണ്ടും വായിച്ച് വ്യക്തത നേടി; 'കളപ്പുരയ്ക്കൽ ഈശോവർക്കിക്ക് എഴുപത്തഞ്ചുരൂപ എട്ടണ സഹായമായി നൽകി.' തങ്ങളുമായി നിതാന്ത ശത്രുത പുലർത്തുന്ന കളപ്പുരയ്ക്കൽ കുടുംബത്തിലെ ഒരാൾക്ക് അന്നത്തെക്കാലത്തെ വലിയൊരുതുക സഹായം നൽകിയത് ഔസേപ്പിനെ അത്ഭുതംകൊള്ളിച്ചു. വലിയ ഞെട്ടലോടെ തട്ടിൻപുറത്തുനിന്നുതന്നെ ഭാര്യയെ വിളിച്ചു. ഉച്ചമയക്കത്തിലാണ്ടിരുന്ന ശോശാമ്മ ചാടിയെണീറ്റു. താഴെയിറങ്ങിയ പാടെ ഗ്രന്ഥം ഭാര്യയ്ക്കുനൽകി ആ വാക്യം വായിക്കുവാൻ പറഞ്ഞു; ഫലമോ? അവൾ ആശ്ചര്യചകിതയായി. ഔസേപ്പിന്റെ വീരം ശോശാമ്മയിലേക്കു പലഭാവങ്ങളിൽ പകർന്നപ്പോഴേക്കും മകൾ റീത്താമ്മയും അപൂർവരേഖയിലെ ചരിത്രവാക്യത്തിനു സാക്ഷിയായി. കളപ്പുരയ്ക്കൽ അവിരാച്ചൻ എന്ന ധനാഢ്യനും കുടുംബവും 'വേറെയേതോ ലോകത്തു' നിന്നുള്ളവരായി അവരുടെ മുന്നിൽവന്നു; കുരിശിങ്കൽ കുടുംബത്തിന്റെ മുന്നില് ഒരു കാലത്ത് കൈനീട്ടിനിന്നവരാണ് അവരെന്നുള്ളത് ആ കുടുംബത്തിന്റെ ഉത്സാഹത്തിന് മാറ്റുകൂട്ടി. കള്ളവാറ്റുമായി നടക്കുന്ന അനുജൻ കുഞ്ഞൂഞ്ഞിന്റെ അടുത്ത് പ്രമാണഗ്രന്ഥവുമായി ഔസേപ്പ് എത്തി. വാറ്റിയ ചാരായം മോന്തിക്കൊണ്ട് ഇരുവരും കളപ്പുരയ്ക്കൽ കുടുംബത്തിന്റെ അളവറ്റസമ്പത്ത് തങ്ങളുടെ കുടുംബത്തിൽ നിന്നു ചോർന്നുപോയതാണെന്ന് ഉദാഹരണസഹിതം ചർച്ചചെയ്തു. അബ്കാരി കോൺട്രാക്ടറും ആഭരണക്കടയുടെ ഉടമയും ബാർ അറ്റാച്ച്ഡ് ഹോട്ടലും സിനിമാവിതരണക്കമ്പനിയുമൊക്കെ കുരിശിങ്കൽ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടതു തന്നെയെന്ന തിരിച്ചറിവിനിടയിൽ 'അവിരാച്ചനെ അങ്ങനെവിട്ടാൽ പറ്റുകേല' എന്ന് കുഞ്ഞൂഞ്ഞിന്നൊരു വെളിപാട്. ഔസേപ്പിനു മറുത്തൊരു വിചാരമില്ല. ഇരുവരും കളപ്പുരയ്ക്കലേക്കു പുറപ്പെട്ടു.
''കുരിശിങ്കൽ കുടുംബത്തിലെ മരിച്ചുപോയവരത്രയും ദാ നമ്മുടെ പിന്നാലെയുണ്ട്!'' കുടുംബ ബൈബിൾ വലതുകൈയിൽ മുറുകെപിടിച്ചു നടക്കുന്നതിനിടയിൽ ഇടതുകൈകൊണ്ട് പിറകോട്ട് ചൂണ്ടിക്കൊണ്ട് ഔസേപ്പു പറഞ്ഞു:
''എല്ലാവരും കൂടിയൊരു ചുഴലിക്കാറ്റുപോലെ അല്ലേ?'' കുഞ്ഞൂഞ്ഞ് മുഴങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു. ഈ ചുഴലിക്കാറ്റിന്റെ വരവാണ് അടഞ്ഞുകിടന്നിരുന്ന ഗെയ്റ്റ് തള്ളിത്തുറന്നതിലും വീടിനുനേരെയുള്ള കനത്ത കാൽവയ്പുകളിലുമുള്ളത്.
തട്ടിൻപുറത്തുനിന്നു കിട്ടിയ ഗ്രന്ഥം മെഴുകുതിരിവെട്ടത്തിൽ വായിക്കുന്നിടത്തുതന്നെ കഥ വീരത്തിന്റെ സ്വർണകാന്തി പടർത്തുന്നുണ്ട്. ആത്മബോധത്തിന്റെയും തറവാടിത്തഘോഷണത്തിന്റെയും പ്രചണ്ഡമാരുതൻ തന്നെയാണ് കഥയിലുടനീളം ചീറ്റിയടിക്കുന്നത്. ആദ്യവാക്യം തൊട്ടുയർന്നുയർന്നു പോകുന്ന ആഖ്യാനഗതി ഉദ്വേഗത്തോടെ 'പിന്നിലൊരു ചുഴലിക്കാറ്റിന്റെ ഇരമ്പലുയർന്നു' വിൽ അവസാനിക്കുമ്പോൾ ഒരു സ്‌ഫോടനത്തിന്റെ ശബ്ദായമാനത കഥ സൃഷ്ടിക്കുന്നുണ്ട്. വീരരസത്തിന്റെ സ്ഥായിഭാവം ഉത്സാഹമാണ്. ശൂരതയുടെ ചിഹ്നങ്ങൾ വാക്കുകളിൽ, പാത്രങ്ങളുടെ ആംഗ്യങ്ങളിലും ചേഷ്ടകളിലും തിളക്കത്തോടെ കഥയിൽ നിരന്നുകിടപ്പുണ്ട്. ധൃതി, മതി, ഗർവം, സ്മൃതി, തർക്കം തുടങ്ങിയ വ്യഭിചാരിഭാവങ്ങൾ ചുഴലിക്കാറ്റിന്റെ വരവിൽ കൃത്യമായ വിധം സമന്വയിക്കപ്പെട്ടിടത്താണ് കഥാകൃത്തിന്റെ രസാവബോധവും ഉയർന്ന ആഖ്യാനശേഷിയും അറിയുന്നത്. സാധാരണ വായനയിൽത്തന്നെ, വംശപ്പോരിമയുടെ സുന്ദരാവിഷ്‌കാരമായി ഈ കഥ നിൽക്കുന്നുണ്ട്. രസാസ്വാദനവുമായി ബന്ധപ്പെട്ട് വീണ്ടും കഥയിലേക്കു ചെല്ലുമ്പോൾ തുറന്നിടുന്ന ഭാവസ്വരൂപം, 'വീര'രസത്തിന്റെ അത്യപൂർവമാതൃകയായി പുതിയൊരു നാട്യശാസ്ത്രആട്ടപ്രകാരമായി നിൽക്കുന്നു.
തെളിവും പ്രസരിപ്പും ഒഴുക്കുമുള്ള, കൃത്രിമത്വമില്ലാത്ത പ്രസന്നഗംഭീരമായൊരു രചനയാണ് കാവ്യാദർശനചിന്തയിൽ ഈ കഥ. ധർമരക്ഷ, നീതിപാലനം, ജനസേവനം എന്നിവയെ മുൻനിർത്തി സ്വത്വബോധത്തിൽ ഉണ്ടാവുന്ന കർമോന്മുഖതയാണ് ഉത്സാഹമെന്നും അതിന്റെ പ്രകർഷമാണ് വീരം എന്ന രസമെന്നും പണ്ഡിതന്മാർ പലകാലങ്ങളായി നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധവീരം, ദയാവീരം, ദാനവീരം, ധർമവീരം എന്നിങ്ങനെ വീരത്തിന് നാല് പ്രകാരഭേദങ്ങളുണ്ട്. ശത്രുവും ശത്രുവിന്റെ പോർവിളിയും ആശ്രിതത്വവും ദാനശീലവും ഹർഷധൈര്യക്ഷമാദികളും സത്യവീരം, കർമവീരം തുടങ്ങിയ അവസ്ഥാന്തരങ്ങളും ഭരതമുനിയും ഭവഭൂതിയും ഭോജനും ധനഞ്ജയനും ഉൾപ്പെടെയുള്ള ഭാരതീയ പണ്ഡിതന്മാർ വിലയിരുത്തിയിട്ടുണ്ട്. ആധുനികാനന്തരകാലത്തെ ഒരെഴുത്തുകാരൻ ഭാരതീയകാവ്യമീമാംസയിൽ ഇത്രകണ്ട് ബദ്ധശ്രദ്ധനാകുന്നത് വേറിട്ടൊരു അനുഭവമാണ്. ഭാഷയുടെയും കലാസാഹിത്യപാരമ്പര്യത്തിന്റെയും അറിവടയാളങ്ങളെയും പാണ്ഡിത്യത്തെയും ഇത്രകണ്ട് സ്വാംശീകരിച്ച എഴുത്തുകാരൻ ആധുനികാനന്തര കാലത്ത് വേറെയില്ലെന്നത് അത്യുക്തിയല്ല; പരിമിതമായ നിരീക്ഷണം മാത്രമാണ്. പലപ്പോഴും ഭാഷാവിന്യാസത്തിലും അർഥകല്പനകളുടെ യുക്തിയിലും നൈരന്തര്യത്തിലും സമകാലിക എഴുത്തുകാർ ധാരാളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പാരമ്പര്യവും ആധുനികതയും പിന്നീടുള്ള ഭാഷാ സൗന്ദര്യവികാസങ്ങളും സി.വി. ബാലകൃഷ്ണൻ എന്ന എഴുത്തുകാരനോളം ഗഹനമായി ഗ്രഹിച്ച ഒരു എഴുത്തുകാരനെ മലയാളത്തിൽ കണ്ടെത്താനില്ലെന്നത് സത്യം മാത്രമാണ്.
അനിഷ്ടശങ്കയാലുണ്ടാകുന്ന ഒരു തരം ഹൃദയദൗർബല്യം ഭയത്തിനു വഴിയൊരുക്കും. ഭയാനകം എന്ന രസത്തിന്റെ ഉല്പത്തി ഭയത്തിൽ നിന്നാണ്. ഒഴിവാക്കപ്പെടലും ശൂന്യതയും മോഹവും മരണവും ആവേശങ്ങളും വ്യഭിചാരിഭാവങ്ങളായി നിൽക്കുന്നു. വൈവർണ്യം, സ്വരഭംഗം, പലായനം, മൂർച്ഛ തുടങ്ങിയ അനുഭാവങ്ങളും ത്രാസം, ദൈന്യം, ആവേശം എന്നിവ സഞ്ചാരിഭാവങ്ങളുമാണ്. 'ചിത്രശാല' ഭയാശങ്കകളുടെ സ്വപ്നഭൂമികയാണ്. ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥയും ചിത്രകാരിയുമായ ശശികലയും ഭർത്താവ് ബുക്സ്റ്റാൾ ഉടമ ബാലുവും രണ്ടുമക്കളും ചേർന്നുള്ള കുടുംബം ഒരു ഭാഗത്തും ശശികലയും മുൻഭർത്താവ് മാർട്ടിൻ ഫെർണാണ്ടസും ചേരുന്ന മറ്റൊരു ജീവിതലോകവും ഈ കഥയിലുണ്ട്. ദീപാങ്കുരന് അച്ഛൻ മാർട്ടിൻ ഫെർണാണ്ടസിനോട് ഒരു ആഭിമുഖ്യവുമില്ല. മകനെ അച്ഛന്റെ അന്ത്യനിമിഷങ്ങളിൽ അടുത്തെത്തിക്കുവാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെടുന്നുണ്ട്. സരളവും ചടുലവും അതേ സമയം ഭാവപ്രകാശനത്തിന്റെ വേറിട്ടമുഖവും കഥയിലുണ്ട്. ശശികലയുടെ ആന്തരികവൈരുധ്യങ്ങളെ വളരെ നിശിതമായ വാക്കും പ്രതീകങ്ങളും ഉപയോഗിച്ചാണ് കഥാകൃത്ത് അവതരിപ്പിക്കുന്നത്. ദീപാങ്കുരനും ഇഷയും തമ്മിലുള്ള ബന്ധവും ശശികലയുടെ സുഹൃത്ത് സുചിത്രയും രേഖപ്പെടുത്തുന്ന വ്യക്തിബന്ധത്തിന്റെ നിഗൂഢതലങ്ങളും കഥയിൽ മറ്റൊരു ഭയാനകസ്വരമുയർത്തുന്നു. വാഹനത്തിൽ മാർട്ടിൻ ഫെർണാണ്ടസിനെ ഇരുത്തി ഹോസ്റ്റൽമുറിയിലെത്തിയ ശശികലയെ ദീപൻ അവഗണിക്കുകയാണ്. അവരുടെ മടക്കയാത്രയുടെ ചിത്രവും സങ്കീർണമാണ്. 'ഗോവണിയിറങ്ങവേ അതിന്റെ പരുപരുത്ത ഓരോ പടിയും തന്നെ കൊണ്ടുപോകുന്നത് അപരിചിതമായ വേറെ എവിടേക്കോ ആണെന്ന്, ഇരുട്ടും തണുപ്പും നിറഞ്ഞ നിരാലംബമായ ഒരു ഗർത്തം തന്നെ കാത്തിരിക്കുന്നുവെന്ന് ശശികല ഭയന്നു. മുമ്പൊന്നും നിലവിളി കേട്ടിട്ടില്ലാത്ത ഹോസ്റ്റൽ കെട്ടിടം ആദ്യത്തെ നിലവിളിക്കായി ചെവിയോർത്തു.'
ഭയാനകരസത്തിന്റെ ഭയരാശി കഥയിൽ പടർത്തുന്ന വ്യത്യസ്ത മനോഭാവങ്ങൾ ശ്രദ്ധേയമാണ്. ചിത്രകലയും സിനിമയും നാഗരികജീവിതമുദ്രകളും തലമുറകളുടെ ജീവിതനിലപാടുകളും 'ചിത്രശാല' യിലെ വ്യത്യസ്ത പെയിന്റിങ്ങുകളാക്കുന്നു. ഒരു ആർട്ട് ഗാലറിയിലെ കാഴ്ചക്കാരനായി വായനാസമൂഹം മാറുകയും വിവിധ പെയിന്റിങ്ങുകൾ നൽകുന്ന വരകളും വർണങ്ങളും തന്നെയാണ് ജീവിതത്തിനുമെന്നും കഥാകൃത്ത് സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ ഗതിവിഗതികളെ സമഗ്രമായി ഒരു ചെറുകഥയ്ക്കകത്തു കൊണ്ടുവരിക ദുഷ്‌കരമാണ്. 'ചിത്രശാല' ജീവിതത്തിന്റെ ഒരു പ്രദർശനശാലയായാണ് അനുഭവപ്പെടുക. വെറുപ്പ്, ക്രോധത്തിന്റെ ഒരു കനൽ, എഴുന്ന ഞരമ്പുകൾ തുടങ്ങിയ ബിംബ പ്രതീകങ്ങളെ മറന്നുപോവരുതല്ലോ. വാക്കുകളുടെ സ്വരൗചിത്യം മനസ്സിലാക്കിയ എഴുത്തുകാരൻ ആശയവിനിമയത്തേക്കാൾ ഭാഷാപരമായ ചാർച്ചയുണ്ടാക്കി സഹൃദയരിൽ ആകർഷണീയത സൃഷ്ടിക്കുവാൻ സദാ ശ്രമിക്കുമെന്നതിന് 'ചിത്രശാല'യുടെ ആഖ്യാനം ഉദാഹരണമാണ്.
ജുഗുപ്‌സ എന്ന വികാരത്തിന്റെ രസാവിഷ്‌കാരമാണ് ബീഭത്സം. ചേഷ്ടകളും ചില പെരുമാറ്റക്രമങ്ങളുമാണ് പ്രത്യക്ഷീകരണം. 'ദൈവം കെട്ട് മഹോത്സവം' എന്ന കഥ വായിക്കുമ്പോൾ ബീഭത്സത്തിന്റെ ബഹുയാനങ്ങളിലായിരിക്കും വായനക്കാർ. പട്ടണത്തിലെ ബാങ്കിൽ ഉദ്യോഗസ്ഥനായ മകനെ ദേർമൻപണിക്കർ കാണാനെത്തുകയാണ്. ദേശത്തെ കാവിലെ കളിയാട്ടത്തിന് തീച്ചാമുണ്ഡി കെട്ടുവാൻ മകനെ ഏല്പിക്കുവാനാണ് പണിക്കരുടെ വരവ്. ജനകീയ പഴമകളോ നാട്ടറിവുകളോ തോറ്റംവരികളോ മറന്ന മകൻ, ഭാര്യയുടെയും അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങി കോലധാരിയാകുവാൻ തീരുമാനിച്ചു. തീവ്രമായ വ്രതചര്യ, രാത്രി തോറ്റംപാടിയും അനുഗ്രഹവാക്കുകളോതിയും ശിക്ഷണം പൂർത്തിയാക്കിയ ഭാസ്‌കരൻ കോലം ധരിയ്ക്കുവാൻ പൂർണമായും തയ്യാറെടുത്തു. കൃത്യമായ അനുഷ്ഠാനങ്ങൾ കഥാവിഷയത്തിലെന്നതുപോലെ ആഖ്യാനത്തിലും ഈ കഥയിൽ സജീവമായിത്തീരുന്നു. പുലർച്ചയ്ക്കു തീത്തെയ്യത്തിന്റെ പുറപ്പാട്. ഓലച്ചൂട്ടുവെളിച്ചത്തിൽ, ചെണ്ടയുടെ രൗദ്രതാളത്തിൽ അഗ്നിപ്രവേശം നൂറ്റൊന്നു തവണയും കഴിഞ്ഞ് ഭാസ്‌കരൻ ആവേശഭരിതനായി. മുടിയഴിച്ചുകഴിഞ്ഞാൽ ഭാസ്‌കരനായി മാറി, കുടുംബത്തോടൊപ്പം പട്ടണത്തിലെത്തി ബാങ്കിലെ ജോലിയും മറ്റുമായി പഴയജീവിതത്തിലേക്കു മടങ്ങാം. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. തീത്തെയ്യത്തിന്റെ രൗദ്രവീരനടനങ്ങൾക്കുശേഷം ബീഭത്സം നിറഞ്ഞ കാഴ്ചയിലേക്കാണ് എല്ലാവരുമെത്തിയത്. 'തീച്ചാമുണ്ഡി കനലുകളിൽ അമർന്നു കിടന്നു.' എന്ന വാക്യത്തിലെത്തുമ്പോൾ കഥയിൽ ഉയരുന്ന വികാരം വെളിപ്പെടുത്താനാവാത്തത്രയും ആഴവും പരപ്പുമുള്ളതാകുന്നു. ഉത്തരകേരളത്തിലെ തെയ്യക്കാവുകളിലെ അനുഷ്ഠാനപരമായ ഒരു സന്ദർഭത്തെ കേവല മനുഷ്യന്റെയും ദിവ്യരൂപത്തിന്റെയും അംശമേകി വിചിത്രമായ രസാനുഭൂതിയാക്കുകയാണ് കഥാകൃത്ത്. ഭയഭക്തി ബഹുമാനങ്ങൾ നിറഞ്ഞ പൗരാണികചേതനയുടെ കാഴ്ചപ്പാടുകളിൽനിന്ന് കാലവും ജീവിതവും ഏറെ മാറിയിരിക്കുന്നു. പുതിയ അനുഷ്ഠാനങ്ങളും പുതിയ ദൈവശാസ്ത്രങ്ങളും സംജാതമായിരിക്കുന്നു. യാഥാർഥ്യങ്ങളെ കഥയിൽ ഭാവനാത്മകമുഹൂർത്തങ്ങളായി ആവിഷ്‌കരിച്ചിരിക്കുന്നതിലാണ് കഥാകൃത്തിന്റെ നൈപുണ്യം തരിച്ചറിയുക.
ലോകോത്തരമോ അസാധാരണമോ ആയ വസ്തുക്കളുടെ ദർശനശ്രവണാദികളാൽ മനസ്സിലുണ്ടാവുന്ന വിസ്മയജന്യമായ ഏതൊരനുഭവത്തെയും അത്ഭുതമെന്നു പറയാം. മൂക്കത്തു വിരൽവെക്കുക, കണ്ണുതുറിക്കുക, സ്വരഭംഗം, സ്തംഭം, രോമാഞ്ചം ഉൾപ്പെടെയുള്ള അനുഭാവങ്ങളും ഭ്രാന്ത്, ഹർഷം, ആവേശം തുടങ്ങിയ സഞ്ചാരിഭാവങ്ങളും ചേർന്നാണ് അത്ഭുതം രൂപപ്പെടുന്നത്. ഗൃഹാതുരസ്മൃതിയുണർത്തുന്ന ഹൃദ്യമായ കഥാനുഭവമാണ് 'കുളിര്.' മൂത്തമ്മയും കൊച്ചുമകനും തെയ്യം കാണുവാൻ മാഹിയിൽ നിന്നും ഗ്രാമത്തിലെത്തുന്നതും നാട്ടുവിശേഷങ്ങളിൽ മുഴുകുന്നതും പരദേവതയുടെ തോറ്റം ഉറഞ്ഞപ്പോഴും ചെണ്ടമേളം മുറുകിയപ്പോഴും കാവിൽപ്പോകാതെ വീട്ടിൽത്തന്നെ ഉറങ്ങാൻ കിടക്കുന്നതുമായ ആഖ്യാനത്തിൽ ജീവിതത്തിന്റെ സമസ്തരസങ്ങളിലൂടെ സഞ്ചരിച്ച് അത്ഭുതത്തിൽ വിലയിക്കുന്ന അനുഭവമുണ്ട്.
'മറ്റുള്ളവരെല്ലാം തെയ്യത്തിനു പോയപ്പോൾ
മൂത്തമ്മ കുഞ്ഞിനെ ചേർത്തുപിടിച്ചു കിടന്നു.
നല്ല കുളിര് മൂത്തമ്മ ഉറങ്ങി' കഥാന്ത്യത്തിലെത്തുമ്പോൾ അത്ഭുതം നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കഥാകൃത്ത് സൃഷ്ടിച്ചിട്ടുള്ളത്. തന്റെമാത്രം അനുഭവപരിസരത്തിൽ നിന്നും രൂപപ്പെട്ട ജീവിതദർശനമാണ് മൂത്തമ്മയുടേത്.
ഒരു നാട്ടുമ്പുറത്തുകാരിയുടെ ആത്മകഥ, നിഷ്‌കളങ്കമായ ഒരു ജനത, ചേതോഹരമായ ഗ്രാമക്കാഴ്ചകൾ, ഒപ്പം പ്രാദേശികസ്വത്വത്തെ വീണ്ടെടുത്തും കുളിര് ആകർഷണീയമാണ്. മൂത്തമ്മയെ സംബന്ധിച്ചിടത്തോളം ഗ്രാമവും ആളുകളും ചുറ്റുപാടുകളിലെ ചെറിയ ചെറിയ കാഴ്ചകളും (വെയിലത്തു കിടക്ക നിവർത്തിയിടുന്ന ഉമ്മ ഗർഭിണിയാണെന്ന കണ്ടെത്തൽ....) വീരതയാർന്നതാണ്. വീരത്തിൽനിന്ന് അത്ഭുതം എന്നൊരു ജനകജന്യബന്ധം ഭരതന്റെ മൗലികരസവിചിന്തനത്തിലുണ്ട്. ചിത്തവൃത്തിക്കനുസരിച്ച് ആസ്വാദനത്തിൽ ഗണ്യമായ വ്യതിചലനമുണ്ടാകാം.
'ഉൾത്തളങ്ങൾ' പുതുതലമുറയുടെ സ്വത്വപ്രതിസന്ധികളും ഗാർഹിക-ദാമ്പത്യബന്ധങ്ങളുടെ സങ്കീർണതകളും പ്രവചനബോധത്തോടെ രചിക്കപ്പെട്ട കഥയാണ്. രണ്ടു ദശകം മുമ്പ്, ഈ കഥ പ്രസിദ്ധീകരിച്ചുവന്ന കാലത്ത് വിവരസാങ്കേതിക വിദ്യയുടെയും ടെക്‌നോ പാർക്കുകളുടെയും ഇലക്‌ട്രോണിക് സിറ്റികളുടെയും ഗംഭീരത്തുടക്കങ്ങളായിരുന്നു. വലിയ കുതിച്ചുകയറ്റങ്ങളുണ്ടായെങ്കിലും സാങ്കേതികമേഖല യാന്ത്രികസംസ്‌കൃതിയെ സൃഷ്ടിച്ചതുപോലെ അവിടങ്ങളിൽ ജോലിചെയ്യുന്നവരുടെ ജീവിതവും യാന്ത്രികമോ തീർത്തും ഔപചാരികമോ ആയിമാറിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ വ്യക്തിബന്ധങ്ങളും സ്ത്രീപുരുഷ പ്രണയ-ദാമ്പത്യബന്ധങ്ങളും പഠനങ്ങൾക്കു വിധേയമായിട്ടുണ്ട്. ക്ഷണികവും വിരസവും വികാരശൂന്യവുമാണ് ഒട്ടുമിക്കബന്ധങ്ങളും. പ്രതീതി യാഥാർഥ്യങ്ങളിൽ പകൽമുഴുവൻ അഭിരമിക്കുന്ന ഹർഷവർധനന് അശ്വിനിയെ വിവാഹം ചെയ്യുന്നതും ഒട്ടും സുഖകരമല്ലാത്ത അവരുടെ ബന്ധങ്ങളും കഥയ്ക്കകത്തുണ്ടാക്കുന്ന വിരസത ഒരു കലാതന്ത്രമായി വരുന്നുണ്ട്. അമ്മയുടെ മരണശേഷം ഒറ്റപ്പെട്ട തുരുത്തായി ഹർഷവർധനൻ മാറുകയാണ്. തന്നെക്കൊണ്ടോ മക്കളെക്കൊണ്ടോ അയാൾക്കു ശല്യമുണ്ടാകരുതെന്നു ശഠിച്ചാണ് അശ്വിനിയുടെ ഇടപെടലുകളെല്ലാം. വീടും പരിസരവും കുട്ടികളും നിറഞ്ഞ സ്വച്ഛ ശാന്തപ്രകൃതിയിൽ അവൾ ജീവിതം നിറയ്ക്കുകയാണ്. ഓഫീസുവിട്ടാൽ വീട്ടിലെത്തി തന്റെ മുറിയിൽ തടവുകാരനെപ്പോലെ കഴിയുന്ന ഹർഷവർധനനിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം അത്യപൂർവമായ പരിണാമമാണ് കഥയ്ക്കുണ്ടാക്കുന്നത്. മാംസനിബദ്ധമായ, ഒരുതരം യാന്ത്രികലൈംഗികതയാണ് ഹർഷവർധനനിലുള്ളതെന്നറിയുന്ന അശ്വിനി ഒരു നിശ്ശബ്ദ അതിജീവനമെന്ന മട്ടിലാണ് പ്രകൃതിയെ പരിചരിക്കുന്നത്. അമരവള്ളി പടർന്ന പരിസരം, കടുംപച്ച ഇലകളും പൂക്കളും കായ്കളും നിറഞ്ഞലോകം അവളുടെ സ്വാസ്ഥ്യമാണ്. പെട്ടെന്നൊരുദിവസം, ഹർഷവർധനന്റെ ശ്രദ്ധയിൽ അമരവള്ളികൾ വരികയാണ്. അതുവരെയും കാണാത്ത മുഖഭാവമായിരുന്നു അയാൾക്ക്. ശാന്തസ്വരൂപിയായ മനുഷ്യൻ! സാങ്കേതികകാര്യങ്ങളിലെ യാന്ത്രികത വിട്ട് പ്രകൃതിയുടെയും മാനുഷികതയുടെയും പച്ചപ്പിലേക്ക് ഇറങ്ങിവരുന്ന അനുഭവം ഇവിടെയുണ്ട്. ഭാഷകൊണ്ടും ആഖ്യാനവൈദഗ്ധ്യംകൊണ്ടും മികച്ചുനിൽക്കുന്ന ഈ കഥ ശാന്തരസത്തിന്റെ സൂക്ഷ്മവിന്യാസം തന്നെയാണ്. ('ശാന്തഃ ശമസ്ഥായിഭാവ ഉത്തമപ്രകൃതിർമത:' എന്നു സാഹിത്യദർപ്പണത്തിൽ വിശ്വനാഥൻ) താത്വികവിചാരങ്ങൾ മനസിനുശാന്തി പകരുവാൻ പര്യാപ്തമാകുന്നത് വർണനയിലെ ഹൃദ്യതകൊണ്ടായിരിക്കും. പരമപുരുഷാർഥമായ മോക്ഷത്തിന് സാധകമാകയാൽ സമസ്തരസങ്ങളുടെയും മൂർധന്യമാണ് ശാന്തമെന്ന് ആനന്ദവർധനനും പറഞ്ഞിട്ടുണ്ട്. ആധുനിക ജീവിതത്തിൽ മോക്ഷം എന്നത് സ്വസ്ഥവും ആനന്ദകരവുമായ അനുഭവങ്ങളും ചുറ്റുപാടുകളുമാണ്. ഇവിടെയാണ് 'ഉൾത്തളങ്ങൾ' തിളങ്ങി നിൽക്കുന്നത്.
മനുഷ്യാവസ്ഥയുടെ നാനാതരം രസാനുഭൂതികളും വർണവൈവിധ്യവും കൊണ്ട് ഈ കഥാപുസ്തകം സി.വി. ബാലകൃഷ്ണന്റെ വിപുലമായ കഥാപ്രപഞ്ചത്തിന്റെ സംക്ഷിപ്തമാണ്. വർണം ഭരതമുനി രസങ്ങൾക്കുനൽകിയ അടയാളമാണ്. (ശൃംഗാരം- ശ്യാമം/പച്ച, ഹാസ്യം- വെളുപ്പ്, കരുണം- കപോതനിറം, രൗദ്രം- രക്തം, വീരം- ഗൗരം, ഭയാനകം- കറുപ്പ്, ബീഭത്സം- നീല, അത്ഭുതം-പീതം പിന്നീട് ശാന്തത്തിന് സ്വച്ഛനിറം, ശമവും കല്പിക്കപ്പെട്ടിട്ടുണ്ട്.) ഈ കഥകളിൽ ബോധപൂർവമല്ലെങ്കിലും രസവർണങ്ങൾ തെളിഞ്ഞുവരുന്നത് വിചിത്രാനുഭവമാണ്. പ്രമേയം, ഭാഷ, രചനാതന്ത്രം, ശില്പഭദ്രത, ഉദാത്തമായ ദാർശനികത, മാനുഷികതയുടെ സ്പഷ്ടീകരണം എന്നിങ്ങനെ വേറിട്ടു രേഖപ്പെടുത്താവുന്ന ധാരാളം അടരുകളുള്ള സൗന്ദര്യാത്മക കൃതി എന്ന നിലയിലും നവരസകഥകൾക്ക് പുതുമയും പ്രസക്തിയുമുണ്ട്. ചുരുക്കത്തിൽ, ഈ കഥകളെല്ലാം ആസ്വാദകരെ തീവ്രാനുഭൂതിയുടെ ഉത്തുംഗശൃംഗത്തിലേക്കുയർത്തിവിടുന്നവയാണ്.
