‘ആകാശച്ചെരുവിലെവിടെയോ അച്ഛൻ ഉദിച്ചുനിൽക്കുന്നുണ്ട്’ 

2026 ഒക്‌ടോബർ 1 • 03:00 PM
ബിനീഷ് കോടിയേരി
‘ആകാശച്ചെരുവിലെവിടെയോ അച്ഛൻ ഉദിച്ചുനിൽക്കുന്നുണ്ട്’ 

“My children, do not weep, I am not going very far, I shall see you from there. You will only have to look when it is night, you will see me smile.”

വിക്ടർ ഹ്യൂഗോയുടെ വിഖ്യാത കഥാപാത്രമായ ജീൻ വാൽജീൻ മരണത്തിന് മുൻപ് മക്കളോട് പറഞ്ഞ ഈ വാക്കുകൾ എനിക്ക് ഇടയ്ക്കിടെ ഓർമ വരും.

ആകാശച്ചെരുവിലെവിടെയോ അച്ഛൻ ഉദിച്ചുനിൽക്കുന്നുണ്ട്. എനിക്ക് വഴികാട്ടുന്ന രാത്രിനക്ഷത്രമായി.

അച്ഛൻ മരണക്കിടക്കയിൽ പറഞ്ഞ വാക്കുകളും ഞാൻ ഇടയ്ക്കിടെ ഓർക്കും.

“കരയരുത്. വീണുപോയാലും ആരുടെയും കാല് പിടിക്കരുത്. ഞാൻ ഇല്ലാതാകുന്നതോടെ നിങ്ങളും മോചിതരാകും. ഞാൻ മരിക്കുന്നതോടെ നിങ്ങളെ വേട്ടയാടുന്നത് അവർ അവസാനിപ്പിക്കും.”

അച്ഛൻ ഇല്ലാതായിട്ട് നാല് വർഷം തികയുന്നു.

എത്ര തത്വചിന്താപരമായ വാക്കുകളായിരുന്നു അത്.

കോടിയേരി പോയി. ഞങ്ങളോടുള്ള വേട്ടയും നിന്നു.

ജീവിച്ചിരിക്കുമ്പോൾ പ്രമേഹം കുറയാൻ കെട്ടിയിരുന്ന മരുന്ന് ചൂണ്ടിക്കാട്ടി മന്ത്രമെഴുതിയ ഏലസ് എന്ന് പരിഹസിച്ചവർ. അച്ഛന്റെ കൈകൾക്കടിയിൽ പോലും വിവാദം കണ്ടെത്തിയവർ.

ഇന്ന് ചിലർ, “കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ പാർട്ടിക്ക് ഈ ഗതിവരില്ലായിരുന്നു” എന്ന് പറയുന്നത് പാർട്ടിയോടുള്ള സ്നേഹം പെട്ടെന്ന് കൂടിയതുകൊണ്ടല്ല. ഇന്നിനെ അടിക്കാൻ മുൻപത്തെ നേതാവ് ഒരു ഉപകരണമാകുന്നു. ഈ വൃത്തം തുടരും.

വ്യക്തികൾക്ക് മാത്രമേ മാറ്റമുണ്ടാകൂ.

വേട്ടയ്ക്കോ വേട്ടനായ്ക്കൾക്കോ വേട്ടക്കാരനോ മാറ്റമുണ്ടാകുന്നില്ല.

ഈ വ്യവസ്ഥിതി പ്രപഞ്ചമുള്ളിടത്തോളം തുടരും.

ഓർമ്മയിൽ ചിതലരിക്കാത്ത ചിലത്

പഴയ വിഐപി കഥ ചിലർ മറന്ന മട്ടാണ്.

കിളിരൂരിലെ സിനിമാമോഹിയായിരുന്ന ഒരു പെൺകുട്ടിയെ ചിലർ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവം. ഓർമയില്ലേ?

അതിനിടയിൽ ചില വിഐപികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം അന്തരീക്ഷത്തിൽ ഉയർന്നു. അന്ന് നിരവധി വിവാദങ്ങളിൽപ്പെട്ട് നട്ടംതിരിഞ്ഞിരുന്ന യുഡിഎഫ് സർക്കാരും അവരുടെ കൂലിയെഴുത്തുകാരായ ചില പത്രങ്ങളും ആദ്യം പ്രതിയെ ഫിക്സ് ചെയ്തു.

പ്രതി ബിനീഷ് കോടിയേരി!

കഥയുണ്ടായാൽ പോരല്ലോ. തിരക്കഥയും വേണ്ടേ.

അന്ന് എനിക്ക് 20 വയസ്സ്.

മുൻപ് നാടകാഭിനയം ഉണ്ടായിരുന്ന എനിക്ക് എന്റെ കാലക്കേടിന് സിനിമാമോഹം പിടിപെട്ട കാലമായിരുന്നു അത്. ഞാൻ അഭിനയിച്ച സിനിമയിലേക്ക് ആ പെൺകുട്ടിയെ പരിഗണിച്ചിരുന്നുവെന്നതായിരുന്നു പിന്നീടുണ്ടാക്കിയ കഥകളുടെ ഒരു കണ്ണി.

പോരേ പൂരം!

ബിനീഷ് കോടിയേരി അഭിനയിച്ച സിനിമയിലേക്ക് പരിഗണിച്ച പെൺകുട്ടി പീഡനത്തിന് ഇരയായാൽ അതിന്റെ ഉത്തരവാദി ഞാനല്ലാതെ മറ്റാര്?

പിന്നെ കേസായി. അന്വേഷണമായി. പൊലീസ് ആയി. സിബിഐയായി.

മൂന്ന് സിബിഐ സംഘങ്ങൾ മാറിമാറി ആ കേസ് അന്വേഷിച്ചു. എന്നെ ചോദ്യം ചെയ്തു.

ദിവസവും പത്രവാർത്തകൾ.

എന്റെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത, അറിയാത്ത വ്യക്തികളെ എന്നോടൊപ്പം ചേർത്ത് കഥകളുണ്ടാക്കി.

നീണ്ട എട്ട് വർഷം ആ കേസ് അന്വേഷിച്ചു.

ഒടുവിൽ വിധി വന്നു.

2012 മെയ് 16-ന് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്:

“No ‘VIP’ in Kiliroor case: CBI.”

ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആ ഗതികെട്ട പെൺകുട്ടിയെയും എന്നെയും ചേർത്ത് കഥയുണ്ടാക്കിയവരുടെ ലക്ഷ്യം മൊട്ടമ്മൽ ബാലകൃഷ്ണന്റെ മകൻ ബിനീഷ് ആയിരുന്നില്ല.

എന്റെ പേരിന്റെ അറ്റത്ത് വന്ന ആ പേര് — കോടിയേരി — അതായിരുന്നു ലക്ഷ്യം.

ആ ലക്ഷ്യം ഒൻപത് വർഷം നിറവേറ്റിയെന്ന ചാരിതാർഥ്യത്തോടെ ആ വാർത്തയും അതിന്റെ ലക്ഷ്യവും മാർഗവും പിഴച്ച് പാതാളത്തിലേക്ക് പതിച്ചു.

ആരെങ്കിലും മാപ്പ് പറഞ്ഞോ?

കോടിയേരിയോട്?

എന്റെ അച്ഛനോട്?

ഓരോ കേസിലും ഒരേ മുഖം

അതിന് ശേഷം വന്ന മെർക്കിസ്റ്റൺ ഭൂമി ഇടപാട് കേസ്.

അന്നും കുറെ കോലാഹലങ്ങൾ.

അച്ഛൻ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കെ സർക്കാർ നൽകിയ വസതിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ തുടങ്ങിയത്. മൻമോഹൻ ബംഗ്ലാവിലെ താമസം, വീടിന്റെ അറ്റകുറ്റപ്പണികൾ, വാസ്തുദോഷം മാറ്റാൻ പൂജ നടത്തി എന്ന ആരോപണം, വാതിലും ജനലും പൊളിച്ചുവെന്ന ആരോപണം — വിവാദങ്ങൾക്ക് അവസാനമുണ്ടായിരുന്നില്ല.

അവസാനം ആ വീട്ടിൽ ഇനി താമസിക്കേണ്ടതില്ലെന്ന് അച്ഛൻ തീരുമാനിച്ചു.

പിന്നീട് മറ്റൊരു വീട് വാടകയ്ക്ക് എടുത്തു.

ആ വീടിന്റെ ഉടമസ്ഥനായിരുന്ന സേവി മനോ മാത്യുവിന്റെ പേരിലുള്ള മെർക്കിസ്റ്റൺ എസ്റ്റേറ്റും ഇസ്രോയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുമാണ് പിന്നീട് വലിയ വിവാദമായത്.

മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ ആ കേസിൽ സേവി മനോ മാത്യുവിനെ വിജിലൻസ് കോടതി വെറുതെ വിട്ടു.

കോടിയേരി വഴിവിട്ട് എന്തെങ്കിലും ചെയ്തുവെന്ന് കോടതി പറഞ്ഞില്ല.

ഒന്നാലോചിച്ചുനോക്കൂ.

ഗവൺമെന്റ് വകുപ്പ് എടുത്തുകൊടുത്ത വസതിയിൽ താമസിച്ചാലും വിവാദമാകും എന്ന തിരിച്ചറിവ് ഞങ്ങൾക്ക് പുതിയതായിരുന്നു.

പുതിയ കാലത്ത് ഇതൊക്കെ ഒന്ന് ചേർത്തുവായിക്കണം.

ഇടതുപക്ഷ മന്ത്രിമാർ വീട് പണി നടത്തുമ്പോൾ അത് മോഡിപിടിപ്പിക്കൽ. യുഡിഎഫ് മന്ത്രിമാർ വീട് പണി നടത്തുമ്പോൾ അറ്റകുറ്റപ്പണി.

കോടിയേരി എന്ന മനുഷ്യനെ കടിച്ചുവലിച്ചശേഷം ആ കേസും പാതാളത്തിലേക്ക് പോയി.

പോൾ മുത്തൂറ്റ് മുതൽ ടോട്ടൽ ഫോർ യു വരെ

പിന്നെ വന്ന പ്രമാദമായ കേസായിരുന്നു പോൾ മുത്തൂറ്റ് വധവും ബിനീഷ് കോടിയേരി ബന്ധവും.

അതിലും എന്നിലൂടെ അച്ഛനെയായിരുന്നു ലക്ഷ്യം.

അച്ഛൻ അന്നും പൊതുസമൂഹത്തിന് മുന്നിൽ കൃത്യമായി നിലപാട് പറഞ്ഞു:

“ആരോട് ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രതികളെ പിടികൂടും.”

കൊലക്കേസിലെ പ്രതികളെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ ഒളിപ്പിച്ചുവെന്ന് വരെ കഥയുണ്ടായി.

ഒളിവിൽ പോയ ആരോപണവിധേയരെ ഒൻപത് ദിവസം കൊണ്ട് പൊലീസ് പിടികൂടി.

പിടിയിലായവർ തന്നെ എനിക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടും കഥകൾക്ക് അവസാനമുണ്ടായില്ല.

ഇതിനിടയിൽ നേരത്തെ നിശ്ചയിച്ചിരുന്ന എന്റെ വിവാഹം നടന്നു. പക്ഷേ പ്രതികളെ രക്ഷിക്കാനാണ് എന്റെ വിവാഹം മുടങ്ങാതിരിക്കാൻ ശ്രമിച്ചതെന്നുവരെ കഥകൾ പരന്നു.

അവസാനം ആ കേസിലും സിബിഐ വന്നു.

ആ കേസെന്തായി?

ഞാൻ പ്രതിയാണോ?

ഞാൻ പ്രതികളെ രക്ഷിച്ചുവെന്ന കണ്ടെത്തൽ സിബിഐക്കുണ്ടോ?

പിന്നെ വന്നു ടോട്ടൽ ഫോർ യു.

ശബരീനാഥ് എന്ന ചെറുപ്പക്കാരൻ ഉയർന്ന പലിശയും കുറഞ്ഞ സമയത്തിനുള്ളിൽ ഇരട്ടി ലാഭവും വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം സ്വീകരിച്ച കേസ്.

അവിടെയും ഞാൻ.

ആ മനുഷ്യനെ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ല.

പക്ഷേ അദ്ദേഹത്തിന്റെ പാർട്ടികളിലെ നിത്യസാന്നിധ്യമായിരുന്നു ഞാൻ എന്ന തരത്തിൽ വാർത്തകൾ വന്നു.

പോലീസ് അന്വേഷിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ചു. പതിവുപോലെ സിബിഐയും വന്നു.

എല്ലാവരും പറഞ്ഞത് ഒന്നായിരുന്നു:

ബിനീഷ് പ്രതിയല്ല. ബിനീഷിന് ഇയാളുമായി ബന്ധമില്ല.

കേരളത്തിന്റെ ‘ഈവനിംഗ് സ്നാക്ക്സ്’

2006 മുതൽ 2011 വരെ — അച്ഛൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് — എന്ത് കേസ് വന്നാലും പുട്ടിന് പീരയിടുന്നതുപോലെ എന്റെ പേര് പരാമർശിക്കാതെ വാർത്തയ്ക്ക് നിലനിൽപ്പില്ലായിരുന്നു.

കേരളത്തിലെ ആളുകൾക്ക് ഒരു കാലത്തെ ഈവനിംഗ് സ്നാക്ക്സ് ആയിരുന്നു ബിനീഷ് കോടിയേരി.

ഒന്നും രണ്ടും മൂന്നും അല്ല.

നീണ്ട ഏകദേശം 22 വർഷം എന്നെക്കുറിച്ചുള്ള അപസർപ്പക കഥകൾ തുടർന്നു.

പറഞ്ഞുപരത്തിയ എല്ലാ കേസിലും കേന്ദ്ര ഏജൻസിയായ സിബിഐ തന്നെ അന്വേഷിച്ചു. മിക്ക കേസുകളിലും എന്നെ ചോദ്യം ചെയ്തു.

ഒരു കേസിലും പക്ഷേ ഒന്നും കണ്ടെത്താനായില്ല.

ഇതിനിടയിൽ രവി പിള്ളയുടെ കമ്പനിയിൽ ജോലി ലഭിച്ചു.

കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് അറിയാം. പദവി കേട്ടാൽ ഞെട്ടും. പക്ഷേ പണി എല്ലാം ഒന്നു തന്നെ.

ഗുണ്ടാപ്പണിയും ചെയ്ത് നടക്കുന്ന ബിനീഷ് കോടിയേരി എങ്ങനെ ഈ കമ്പനിയുടെ വൈസ് പ്രസിഡന്റായി എന്നായിരുന്നു അടുത്ത കഥ.

കമ്പനിയിലെ അസംഖ്യം ആളുകളിൽ ഒരാൾ മാത്രമായ എന്നെ ചുറ്റിപ്പറ്റി ദിവസവും കഥകൾ വന്നതോടെ സ്ഥാപനത്തിന് ചീത്തപ്പേര് വരാതിരിക്കാൻ ഞാൻ നിർബന്ധപൂർവം രാജിവച്ചു.

കമ്മ്യൂണിസ്റ്റുകാരുടെ മക്കൾ കീറിയ ജീൻസ് ഇടരുത്, ചൂടുവെള്ളത്തിൽ കുളിക്കരുത് തുടങ്ങിയ നിരവധി ശീലങ്ങൾ ഹൃദിസ്ഥമാക്കിയവർ എല്ലാം കൂടി എന്റെ പണിയും കളയിച്ച് നാട്ടിലെത്തിച്ചു.

2020

എന്നാൽ എനിക്ക് നേരെ നടന്ന ഏറ്റവും നിന്ദ്യവും അധാർമികവും മനുഷ്യത്വരഹിതവുമായ ആക്രമണം നടന്നത് 2020-ലാണ്.

ഒരു പഴയ സുഹൃത്തിന് ബിസിനസ് ആവശ്യത്തിനായി രേഖാമൂലം കരാർ ഉണ്ടാക്കി ബാങ്ക് മുഖേന പണം കടം കൊടുത്തിരുന്നു.

ഞാൻ പണം കടം കൊടുത്ത ഘട്ടത്തിൽ നിയമവിരുദ്ധ മയക്കുമരുന്ന് കച്ചവടം ഉണ്ടെന്നത് എന്റെ അറിവിലോ ബോധ്യത്തിലോ ഉണ്ടായിരുന്നില്ല.

പിന്നീട് അയാൾ മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

അയാളുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ വർഷങ്ങൾക്ക് മുൻപ് ഞാൻ നൽകിയ പണവും കണ്ടെത്തി.

ഞാൻ നൽകിയ തുക കടമായിരുന്നുവെന്നതിന്റെ രേഖകൾ ഞാൻ ഏജൻസികൾക്ക് നൽകി.

എന്നിട്ടും എന്റെ പേരിൽ ഇഡി കേസ് വന്നു.

അതിനുശേഷം നടന്ന കാര്യങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ അധ്യായമാണ്.

എന്റെ വീട്ടിൽ നടന്ന റെയ്ഡ് 24 മണിക്കൂറിലധികം നീണ്ടു.

എന്റെ ഭാര്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയതായും, എന്റെ രണ്ടു വയസ്സുള്ള കുഞ്ഞിനെ തടഞ്ഞുവെച്ചതായും, പ്രതിയുടെ എടിഎം കാർഡ് വീട്ടിൽ കൊണ്ടുവന്ന് വയ്ക്കാൻ ശ്രമിച്ചുവെന്നും ഞാൻ അനുഭവിച്ച കാര്യങ്ങളായി ഓർക്കുന്നു.

എന്റെ മുടിയും നഖവും രക്തസാമ്പിളും വരെ എടുത്തു.

അവസാനം ആ കേസ് എന്തായി?

ആ ദിവസങ്ങൾ എന്റെ ജീവിതത്തിൽ മാത്രം മുറിവുണ്ടാക്കിയില്ല.

അത് അച്ഛന്റെ മനസ്സിനെയും ശരീരത്തെയും ആഴത്തിൽ ബാധിച്ചുവെന്ന് എനിക്ക് തോന്നുന്നു.

ഈ കേസ് എന്റെ പേരിൽ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ അച്ഛൻ...

ഈ ചോദ്യത്തിന് എനിക്ക് ഇന്നും ഉത്തരമില്ല.

“നീ തന്നെ മറുപടി പറയണം”

കേസിന്റെ തുടക്കത്തിൽ അച്ഛൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്.

“നിന്റെ പേരിൽ പാർട്ടി മറുപടി പറയില്ല. ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം.”

പാർട്ടി അതിന് മറുപടി പറഞ്ഞാൽ അത് പാർട്ടിക്കെതിരെ എതിരാളികൾക്ക് എന്നും ആയുധമാകുമെന്ന് അച്ഛൻ പറഞ്ഞു.

“നീ നിരപരാധിയെങ്കിൽ നീ തന്നെ അത് തെളിയിക്കണം. ഒരു പിന്തുണയും നിനക്ക് ഉണ്ടാവില്ല.”

ജയിലിൽ കിടക്കുന്ന എന്നോട് ഫോണിൽ ഇത് പറയുമ്പോൾ അച്ഛന്റെ ഉള്ളിൽ എന്തായിരുന്നിരിക്കുമെന്ന് ഇപ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്.

ഇത്രയും കേസുകൾ ഓരോന്നായി വന്നപ്പോഴും അക്ഷോഭ്യനായി, അതിനെ ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നു കോടിയേരി.

ഒരിക്കൽപോലും പാർട്ടിയെ കവചമാക്കാൻ അച്ഛൻ നിന്നില്ല.

എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു കോടിയേരി.

ഞാൻ എന്റെ ജീവിതത്തിൽ അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് എന്ന് ശിരസ്സുയർത്തി പറയാൻ എനിക്ക് കഴിയും.

“അവൻ ആജീവനാന്തം ജയിലിൽ കിടക്കട്ടെ”

ഞാൻ ജയിലിൽ കിടന്ന ഘട്ടത്തിൽ അച്ഛനെ തേടി ചിലരെത്തി.

സംഘപരിവാറിന്റെ ദൂതുമായി.

പ്രശ്നങ്ങൾ എല്ലാം തീർക്കാം.

മകന് ജാമ്യം കിട്ടാനുള്ള വഴിതെളിയും.

പക്ഷേ ചെറിയൊരു ഒത്തുതീർപ്പ് വേണം.

ഇലക്ഷൻ കാലമാണല്ലോ.

ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളുടെ ആഗമനോദ്ദേശം വ്യക്തമായിരുന്നു.

ജയിലിൽ കിടക്കുന്ന മകനെ പകരം നൽകി പാർട്ടിയെയും പാർട്ടിക്കൊപ്പം നിൽക്കുന്ന ലക്ഷങ്ങളെയും വഞ്ചിച്ച് അവരുടെ ഓഫർ സ്വീകരിക്കാൻ അച്ഛൻ തയ്യാറാകുമെന്ന് അവർ കരുതി.

അവരെ അച്ഛൻ ഒന്ന് ഇരുത്തിനോക്കി.

എന്നിട്ട് പറഞ്ഞത്:

“നിങ്ങളുമായി കൈകൊടുത്താലേ എന്റെ മകൻ ജയിലിൽ നിന്ന് ഇറങ്ങൂ എങ്കിൽ, അവൻ ആജീവനാന്തം ജയിലിൽ കിടക്കട്ടെ എന്നേ ഞാൻ കരുതൂ.”

എന്നോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞ മറ്റൊരു വാക്കുണ്ട്:

“എടാ, നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യേണ്ടുന്ന ഒന്നല്ല രാഷ്ട്രീയം.”

ഒരു മകനെന്ന നിലയിലും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലും എനിക്ക് എന്റെ ഹീറോ അച്ഛനോട് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ നിമിഷമായിരുന്നു അത്.

അതാണ് എന്റെ അച്ഛൻ.

മകന്റെ പ്രാണനേക്കാൾ, അവന്റെ കാരാഗൃഹവാസത്തേക്കാൾ അച്ഛന് വലുത് അച്ഛന്റെ പാർട്ടിയായിരുന്നു.

അത്തരം ഒരച്ഛന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കാതെ ഇരിക്കുന്നതെങ്ങനെ?

ആ കൈത്തണ്ടയുടെ ബലം

ജയിലിൽ നിന്നിറങ്ങി വീട്ടിലേക്ക് വന്ന എന്നെ കാത്ത് വീടിന്റെ ഉമ്മറത്ത് കോടിയേരി ഉണ്ടായിരുന്നു.

കീമോ ചെയ്ത് കറുത്തുപോയ അച്ഛന്റെ ശുഷ്കിച്ച കൈകൊണ്ട് ആ ഉമ്മറത്ത് വെച്ച് എന്നെ അച്ഛൻ ഒന്നുചേർത്തുപിടിച്ചു.

ഏതാനും നിമിഷങ്ങളേ അത് നീണ്ടുനിന്നുള്ളൂ.

മരുന്ന് താങ്ങാൻ ശേഷിയില്ലാത്ത, ഇഞ്ചക്ഷൻ സൂചി കുത്താൻ ഒരിടവും ബാക്കിയില്ലാത്ത ആ കൈത്തണ്ടയ്ക്ക് ഉരുക്കിനേക്കാൾ ബലമുണ്ടായിരുന്നു.

അന്നേരം ഞാൻ അറിഞ്ഞ ആ ബലം...

ആ ബലം മതി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് ഇനി അങ്ങോട്ടുള്ള ജീവിതത്തിന്റെ ഏത് തീച്ചൂളയും താണ്ടാൻ.

എന്റെ അച്ഛൻ

കേൾവി ഉറച്ച പ്രായം മുതൽ എതിരാളികൾ വൈരാഗ്യത്തോടെയും പാർട്ടി പ്രവർത്തകർ ആവേശത്തോടെയും പറഞ്ഞുപോന്ന പേരായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്റേത്.

69 പുരുഷായുസ് പിന്നിട്ട ആ കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ഒസ്യത്തും അതുതന്നെയാണ്.

മരണം മുന്നിൽ കണ്ടപ്പോഴൊന്നും വഴിമാറിപ്പോയില്ല.

ചാവുവഴികൾ തിരക്കി മുന്നിലൂടെയും പിന്നിലൂടെയും വന്ന ഒരായുധത്തെയും പേടിച്ചില്ല.

വാക്കായും വാചകമായും കുത്തിനോവിച്ച അരോചക ബഹളത്തെയും, ആർപ്പായും ആരാധനയായും വന്ന മുദ്രാവാക്യങ്ങളെയും ഒരേ നിസംഗതയോടെ കണ്ടു.

രണ്ടിനും അധികം ആയുസുണ്ടാവില്ല എന്ന തത്വചിന്തയായിരുന്നു എന്റെ അച്ഛന്റെ ജീവിതം എനിക്ക് കാട്ടിത്തന്നത്.

ലോകം ഒരു അരങ്ങാണെന്നും ഇന്നത്തെ ആർപ്പുവിളിയും ഇന്നലത്തെ അധിക്ഷേപവും തിരശ്ശീല വീഴുമ്പോൾ ഒരുപോലെ നിശ്ശബ്ദമാകുമെന്നും അദ്ദേഹം അറിഞ്ഞിരുന്നു.

അധിക്ഷേപത്തിന്റെ കടൽച്ചൊരുക്ക് നിരന്തരം ഏറ്റാലും അചഞ്ചലമായ പർവതത്തെ കാറ്റ് ഇളക്കിയ ചരിത്രമില്ല.

കാലത്തിന്റെ പൾസ് അറിഞ്ഞ മനുഷ്യൻ

“കോടിയേരി ഉണ്ടായിരുന്നെങ്കിൽ” എന്ന ചില സഖാക്കളുടെ എഴുത്തുകളും, അദ്ദേഹത്തെ അറിയാവുന്നവരുടെ പറച്ചിലുകളും ഞാൻ കേൾക്കാറുണ്ട്.

പലകാലങ്ങളിലായി അദ്ദേഹത്തിന്റെ സ്നേഹമസൃണമായ വാത്സല്യം അനുഭവിച്ചവർ അങ്ങനെ അച്ഛനെക്കുറിച്ച് പറയുന്നത് ഇന്നത്തെ പാർട്ടി കാലഘട്ടത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉത്തരത്തിനായിരിക്കാം.

പല ഘട്ടങ്ങളിലും അവർ കോടിയേരി എന്ന ഉത്തരത്തെ തിരയുന്നുണ്ടാകാം.

അച്ഛനെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി പറയാതെ പോകാൻ കഴിയില്ല.

കാലത്തിന്റെ പൾസ് അറിയുന്ന മനുഷ്യനായിരുന്നു അദ്ദേഹം.

കാലം മാറുമ്പോൾ രാഷ്ട്രീയത്തിന്റെ ഭാഷയും മാറുമെന്ന്, മനുഷ്യരുടെ അഭിരുചികൾ മാറുമെന്ന്, ആശയവിനിമയത്തിന്റെ രീതികൾ മാറുമെന്ന്, പുതിയ തലമുറയെ പഴയ അളവുകോൽ കൊണ്ട് മാത്രം അളക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ പുതിയ മനുഷ്യരെ കണ്ടെത്തുന്നതിലും, പുതിയ കേഡർമാരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിലും, അവരിലെ കഴിവുകൾ തിരിച്ചറിയുന്നതിലും അച്ഛന് പ്രത്യേകമായൊരു കണ്ണുണ്ടായിരുന്നു.

ഒരു മനുഷ്യനെ കണ്ടാൽ അയാൾ ഇന്ന് എന്താണ് എന്നതിലുപരി നാളെ എന്താകാൻ കഴിയും എന്നാണ് അദ്ദേഹം നോക്കിയിരുന്നത്.

അതാണ് സംഘടനാപാടവം.

പുതിയ കാലത്തെ സ്വീകരിക്കുമ്പോഴും പഴയ രാഷ്ട്രീയത്തിന്റെ കാതൽ കൈവിടരുതെന്നും, പുതിയ തലമുറയെ മുന്നിലേക്ക് കൊണ്ടുവരുമ്പോഴും പ്രസ്ഥാനത്തിന്റെ ചരിത്രബോധം അവരിലേക്ക് പകരണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

അതുകൊണ്ടാണ് ഇന്ന് അച്ഛനെ ഓർക്കുമ്പോൾ എനിക്ക് ഒരു നേതാവിനെ മാത്രമല്ല കാണാൻ കഴിയുന്നത്.

കാലത്തിന്റെ ചുവടുമാറ്റം കേട്ടിരുന്ന ഒരു രാഷ്ട്രീയ മനുഷ്യനെയാണ് ഞാൻ കാണുന്നത്.

ഈ പ്രസ്ഥാനം ആരുടെയും സ്വകാര്യ സ്വത്തല്ല

ജനങ്ങൾ സ്വീകരിച്ച, ജനഹൃദയത്തിൽ സ്ഥാനം നേടിയ നേതാവാണ് കോടിയേരി.

അതുകൊണ്ടുതന്നെ കോടിയേരിയുടെ ഓർമകളെ വിസ്മൃതിയിൽ ആഴ്ത്താൻ ആരെങ്കിലും ശ്രമിച്ചാൽ കൂടുതൽ ഊർജമായി കോടിയേരി ഉയർന്നുനിൽക്കും.

ഈ നാട്ടിൽ ഇടതുപക്ഷം വേണമെന്ന് അതിയായി ആഗ്രഹിക്കുന്ന പരശതം മനുഷ്യരുണ്ട്.

അവരുടെ അവസാനത്തെ പ്രതീക്ഷ ഈ ചെങ്കൊടിയിലാണ്.

പരാജയങ്ങളിൽ ഉലഞ്ഞുപോയവരുണ്ട്.

നിസംഗതയോടെ അതിനെ നോക്കിക്കാണുന്നവരുണ്ട്.

എത്ര പരാജയം കണ്ടാലും വിജയത്തിലേക്ക് നീന്തിക്കയറാനുള്ള കരുത്തുള്ളവരുണ്ട്.

ഇവരെല്ലാം ചേരുന്നതാണ് ഈ ബഹുജന വിപ്ലവ പ്രസ്ഥാനം.

ഇത് ജനങ്ങളുടെ പാർട്ടിയാണ്.

ഇത് ആരുടെയും സ്വകാര്യ സ്വത്തല്ല.

അതിന്റെ കാതലോ കരുത്തോ ചോർന്നിട്ടില്ല.

ജനത്തിന് വേണ്ട കാലത്തോളം നമ്മൾ തോൽക്കില്ല.

ജനം പറയുന്നതും പാർട്ടി അനുഭാവികൾ സ്നേഹബുദ്ധ്യാ പറയുന്നതും കേട്ട് പറ്റിയ തിരുത്തലുകൾ വരുത്തി നാം തിരിച്ചുവരും.

അതിന്റെ സൂചനകൾ കണ്ടുതുടങ്ങി.

കല്ലോട് കല്ലടിഞ്ഞ് തകർന്നുപോയ രാജ്യങ്ങളിൽ വരെ കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും ഉയർത്തെഴുന്നേൽക്കുന്നുണ്ടെങ്കിൽ ഈ വളക്കൂറുള്ള മണ്ണിൽ നാം തകരുമെന്ന് കരുതരുത്.

ഒരു വർഷത്തിലധികം ജയിലിൽ

ഒരു വർഷത്തിലധികമാണ് എന്നെ ജയിലിലടച്ചത്.

പരപ്പന അഗ്രഹാരയിലെ പശപശപ്പുള്ള പച്ചരിച്ചോറ് എന്നെ തീറ്റിച്ചത്.

ഒന്നും മറക്കുന്നില്ല.

എന്റെ കോളേജ് കാലത്ത് ഞാൻ വായിച്ച കഥയായിരുന്നു അലക്സാണ്ടർ ഡ്യൂമയുടെ ‘ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’.

അന്ന് അത് ഒരു കഥയായിരുന്നു.

ജയിലിൽ നിന്ന് ഇറങ്ങിയശേഷം ഞാൻ വീണ്ടും ആ കഥ വായിച്ചു.

അതിലെ എഡ്മണ്ട് ഡാന്റസിന് എന്റെ ഛായ ഉണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ആ കഥ അറിയുന്നവർ, വായിച്ചവർ ഈ കഥാപാത്രത്തെ ഓർക്കുന്നത് നന്ന്.

വീണ്ടും ജീൻ വാൽജീനിലേക്ക്

വീണ്ടും അച്ഛനിലേക്ക് വരട്ടെ.

വിശ്വവിഖ്യാതനായ ജീൻ വാൽജീന്റെ കഥ പറഞ്ഞാണല്ലോ തുടങ്ങിയത്.

മരണമടുത്തെത്തിയ നേരത്ത് ജീൻ വാൽജീൻ തന്റെ മക്കളോട് പറയുന്നുണ്ട്:

“There is scarcely anything else in the world but that: to love one another.”

പരസ്പരം സ്നേഹിക്കുക എന്നതിനപ്പുറം ഈ ലോകത്ത് മറ്റൊന്നുമില്ലെന്നതുപോലെയാണ് ആ വാക്കുകളുടെ അർഥം.

അച്ഛന്റെ ജീവിതത്തെയും മരണത്തെയും ഓർക്കുമ്പോൾ ആ വാക്കുകൾക്ക് എനിക്ക് മറ്റൊരു അർഥം കൂടിയുണ്ട്.

അച്ഛൻ പോയിട്ട് നാല് വർഷം.

പക്ഷേ അച്ഛൻ എവിടെയും പോയിട്ടില്ലെന്ന് എനിക്ക് തോന്നുന്നു.

ആകാശച്ചെരുവിലെവിടെയോ അദ്ദേഹം ഉദിച്ചുനിൽക്കുന്നുണ്ട്.

എനിക്ക് വഴികാട്ടുന്ന രാത്രിനക്ഷത്രമായി.

എന്റെ അച്ഛനായി.

അച്ഛൻ്റെ ഓർമ്മ ദിനത്തിൽ ബിനീഷ് കോടിയേരി ഫെയിസ്ബുക്കിൽ എഴുതിയതാണ് ഈ ഓർമ്മക്കുറിപ്പ്