ബാങ്ക് സമരം പിൻവലിച്ചു; അറിയിപ്പ് വൈകിയതിൽ ജീവനക്കാർക്കിടയിൽ അതൃപ്തി

2026 സെപ്റ്റംബർ 28 • 06:56 AM
അകം ന്യൂസ് ഡെസ്ക്
ബാങ്ക് സമരം പിൻവലിച്ചു; അറിയിപ്പ് വൈകിയതിൽ ജീവനക്കാർക്കിടയിൽ അതൃപ്തി

കുടുംബസമേതം യാത്ര പോയവരും നാട്ടിലെത്തിയവരും തിരിച്ചെത്താൻ പാടുപെട്ടു; ഞായറാഴ്ചത്തെ ജോലിയുടെ വേതനത്തിലും ആശയക്കുഴപ്പം

ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് അവസാന നിമിഷം പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ)യും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു)യും തമ്മിൽ ഞായറാഴ്ച രാത്രി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്.

ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ ചർച്ച തുടരാൻ ഉന്നതതല സമിതി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. പെൻഷൻ സംബന്ധമായ വിഷയങ്ങൾ, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവിധ ആവശ്യങ്ങളും തുടർചർച്ചകളിൽ പരിഗണിക്കും.

എന്നാൽ സമരം അവസാന നിമിഷം പിൻവലിച്ചതിന്റെ ബുദ്ധിമുട്ട് നേരിട്ടത് നിരവധി ബാങ്ക് ജീവനക്കാരാണ്. സമരം നടക്കുമെന്ന് കരുതി നേരത്തെ തന്നെ പല ജീവനക്കാരും കുടുംബസമേതം അവധി ആഘോഷിക്കാനും യാത്രകൾക്കുമായി നാട്ടിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോയിരുന്നു. സമരം പിൻവലിച്ചെന്ന അറിയിപ്പ് അർധരാത്രിയോടെയാണ് പുറത്തുവന്നത്. അതിനാൽ പലരും ഇക്കാര്യം അറിഞ്ഞത് തിങ്കളാഴ്ച പുലർച്ചെയോ നേരം വെളുത്തതിന് ശേഷമോ ആയിരുന്നു.

മറ്റ് ജില്ലകളിലും സ്ഥലങ്ങളിലും ജോലി ചെയ്യുന്ന ചില ജീവനക്കാർ ഇതിനകം യാത്ര തിരിച്ചതിനാൽ അടിയന്തരമായി ജോലിസ്ഥലത്ത് തിരിച്ചെത്തേണ്ട സാഹചര്യമുണ്ടായി. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ ബസ് ഉൾപ്പെടെയുള്ള മറ്റ് യാത്രാമാർഗങ്ങൾ ആശ്രയിച്ചാണ് പലരും മടങ്ങിയത്. അവസാന നിമിഷം തീരുമാനം അറിയിച്ചതിൽ ജീവനക്കാരുടെ ഇടയിൽ യൂണിയനുകൾക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലാണ് നേരത്തെ ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. തുടർച്ചയായ അവധിയും പണിമുടക്കും മൂലം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനായിരുന്നു നടപടി.

എന്നാൽ സമരം പിൻവലിച്ചതോടെ ഞായറാഴ്ച പ്രവൃത്തിദിനമാക്കിയതുമായി ബന്ധപ്പെട്ടും ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഞായറാഴ്ച ജോലി ചെയ്ത ദിവസത്തെ വേതനം എങ്ങനെ കണക്കാക്കും, അധിക ജോലി സമയത്തിനോ അവധി ദിവസത്തെ ജോലിക്കോ പ്രത്യേക ആനുകൂല്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കുകൾ തിങ്കളാഴ്ച സാധാരണ നിലയിൽ പ്രവർത്തിക്കും. മൂന്ന് ദിവസത്തെ പണിമുടക്ക് ഒഴിവായതോടെ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുമെന്നതാണ് പ്രധാന ആശ്വാസം.

അതേസമയം, അഞ്ച് ദിവസത്തെ പ്രവൃത്തിവാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇനി നടക്കുന്ന ചർച്ചകളുടെ ഫലമാണ് ബാങ്കുകളുടെ തുടർപ്രവർത്തനക്രമത്തിൽ നിർണായകമാകുക. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന ആവശ്യത്തിൽ ഐബിഎ–യുഎഫ്ബിയു പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല സമിതി തുടർനടപടികൾ പരിശോധിക്കും.