കൊച്ചി: അഫ്ഗാനിസ്ഥാനിലെ യാത്രാനുഭവങ്ങൾ പങ്കുവച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മലയാളി ട്രാവൽ വ്‌ളോഗർ ബാക്ക്പാക്കർ അരുണിമ. താൻ ഏതെങ്കിലും രാജ്യത്തെയോ മതത്തെയോ അപമാനിക്കാനല്ല അനുഭവങ്ങൾ പങ്കുവയ്ക്കുന്നതെന്നും, യാത്രയ്ക്കിടെ തനിക്ക് നേരിട്ട നല്ലതും മോശവുമായ അനുഭവങ്ങളാണ് വീഡിയോകളിലൂടെ പറയുന്നതെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ദീർഘ കുറിപ്പിൽ അരുണിമ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും തനിക്ക് നേരിട്ട നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള അരുണിമയുടെ മുൻ വീഡിയോകളും കുറിപ്പുകളും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെത്തിയപ്പോൾ ആദ്യമായി ‘സ്ത്രീയായി ജനിക്കേണ്ടിയിരുന്നില്ല’ എന്ന് തോന്നിയെന്നും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങൾ നേരിട്ടെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. അതിർത്തിയിലെ എമിഗ്രേഷൻ നടപടികൾക്കിടെ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സ്ത്രീകൾക്ക് ഗൈഡ് ആവശ്യമാണെന്ന് അധികൃതർ പറഞ്ഞതായും അരുണിമ വ്യക്തമാക്കിയിരുന്നു.
ഈ പരാമർശങ്ങൾക്കു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും ചർച്ചയും ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ നിയന്ത്രണങ്ങളെ ഇസ്ലാമുമായി നേരിട്ട് ബന്ധപ്പെടുത്തി വിലയിരുത്തുന്നത് ശരിയല്ലെന്ന വാദവുമായി മതപണ്ഡിതൻ എം.എം. അക്ബർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യം, പഷ്തൂൺ ഗോത്രസംസ്കാരം തുടങ്ങിയ ഘടകങ്ങളും അവിടത്തെ നിയന്ത്രണങ്ങൾ വിലയിരുത്തുമ്പോൾ പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തുടർന്ന് അരുണിമയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് ഒരു പ്രത്യേക മതത്തോട് വിരോധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, മതത്തെ അടിസ്ഥാനമാക്കി മനുഷ്യരെ വേർതിരിച്ച് കാണുന്നില്ലെന്നുമായിരുന്നു അവരുടെ നിലപാട്. മതം പ്രചരിപ്പിക്കാത്ത രാജ്യങ്ങളിൽ സന്തോഷവും സമാധാനവും കൂടുതൽ നിലനിൽക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.
ഇപ്പോഴത്തെ പുതിയ കുറിപ്പിൽ, അഫ്ഗാനിസ്ഥാനിൽ തനിക്ക് നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഒരുപോലെ ഉണ്ടായിട്ടുണ്ടെന്ന് അരുണിമ പറയുന്നു. രാജ്യത്തെ നിരവധി ആളുകൾ തന്നെ സ്‌നേഹത്തോടെ സ്വീകരിച്ചെന്നും അവരുടെ വീടുകളിൽ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. തനിക്ക് ഇവിടെ ഒരു കുടുംബം പോലെയുള്ള ബന്ധം രൂപപ്പെട്ടിട്ടുണ്ടെന്നും അരുണിമ പറയുന്നു.
‘എന്നെ ഒരുപാട് ആളുകൾ വെറുക്കുന്നു; എല്ലാവരും തന്നെ സ്‌നേഹിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല’ എന്ന നിലപാടിലാണ് അരുണിമ. താൻ പങ്കുവയ്ക്കുന്നത് സ്വന്തം അനുഭവങ്ങൾ മാത്രമാണെന്നും മറ്റൊരാൾക്ക് അതേ രാജ്യത്ത് വ്യത്യസ്ത അനുഭവമായിരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അരുണിമ പുതിയ കുറിപ്പിൽ ആവർത്തിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിൽ ചെയ്യുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ടെന്നും, താൻ നേരിട്ട് കണ്ട കാര്യങ്ങളാണ് വീഡിയോകളിൽ പങ്കുവയ്ക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരേ രീതിയിൽ വിലയിരുത്തുന്നില്ലെന്നും, നല്ല മനുഷ്യരെ താൻ അഫ്ഗാനിസ്ഥാനിൽ കണ്ടിട്ടുണ്ടെന്നും അരുണിമ വ്യക്തമാക്കി.
തന്റെ യാത്രകളിൽ ഇന്ത്യയിലും ആഫ്രിക്കയിലും മധ്യ അമേരിക്കയിലുമെല്ലാം നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അരുണിമ പറയുന്നു. മോശം അനുഭവങ്ങൾ മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന വിമർശനത്തെയും അവർ ചോദ്യം ചെയ്തു. നല്ല അനുഭവങ്ങൾ പങ്കുവച്ചപ്പോഴും അതിന് സമാനമായ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും, മോശം അനുഭവങ്ങൾ പറയുമ്പോഴാണ് കൂടുതൽ ആളുകൾ പ്രതികരിക്കുന്നതെന്നും അവർ ആരോപിച്ചു.
‘റീച്ചിന് വേണ്ടി അഫ്ഗാനിസ്ഥാനെക്കുറിച്ച് മോശം കാര്യങ്ങൾ പറയുകയാണ്’ എന്ന വിമർശനവും അരുണിമ തള്ളി. യാത്രകൾ നടത്തുന്നത് തനിക്ക് വേണ്ടിയാണെന്നും, യാത്രയിൽ സംഭവിക്കുന്ന നല്ലതും മോശവുമായ കാര്യങ്ങൾ തന്റെ ഉള്ളടക്കത്തിന്റെ ഭാഗമായി പങ്കുവയ്ക്കുകയാണെന്നും അവർ വ്യക്തമാക്കി.
മറ്റുള്ളവരുടെ ജീവിതത്തിൽ അമിതമായി ഇടപെടുകയും സാമൂഹികമാധ്യമങ്ങളിൽ വ്യക്തികളെ വിമർശിക്കുകയും ചെയ്യുന്ന പ്രവണതയെയും അരുണിമ വിമർശിച്ചു. താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും എല്ലാ മതങ്ങളെയും ഒരേ രീതിയിലാണ് കാണുന്നതെന്നും അവർ ആവർത്തിച്ചു.
അഫ്ഗാനിസ്ഥാനിലെ തന്റെ യാത്ര തുടരുമെന്നും, ഇനിയും നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായാൽ അവയും പങ്കുവയ്ക്കുമെന്നും വ്യക്തമാക്കിയാണ് അരുണിമയുടെ പുതിയ കുറിപ്പ് അവസാനിക്കുന്നത്. വിവാദം തുടരുന്നതിനിടെ, ‘താൻ കണ്ടതും അനുഭവിച്ചതും മാത്രമാണ് പറയുന്നത്’ എന്ന നിലപാട് കൂടുതൽ വ്യക്തമായി വിശദീകരിക്കുകയാണ് പുതിയ കുറിപ്പിലൂടെ അരുണിമ.
