ഗാന്ധി ജയന്തി ദിനത്തിൽ ‘അവറാച്ചൻ’ എത്തും

2026 സെപ്റ്റംബർ 30 • 03:06 PM
അകം ന്യൂസ് ഡെസ്ക്
ഗാന്ധി ജയന്തി ദിനത്തിൽ ‘അവറാച്ചൻ’ എത്തും

കൊച്ചി: ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. നവാഗതനായ തമ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നർമ്മവും കുടുംബബന്ധങ്ങളും ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം പത്ത് ലക്ഷത്തിലധികം കാഴ്ചകൾ പിന്നിട്ടതായാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ‘അവറാച്ചൻ ആൻഡ് സൺസിനുണ്ട്’. വിവിധ പ്രായക്കാരായ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാണം. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

അജി കുറ്റിയാനി കലാസംവിധാനവും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറാണ്.

സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റാണ് മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും ബ്രിങ് ഫോർത്ത് പരസ്യപ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. പ്രോമൈസ് സ്റ്റുഡിയോസാണ് വി.എഫ്.എക്സ്. ടെൻ പോയിന്റ് പബ്ലിസിറ്റി ഡിസൈൻ നിർവഹിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ.ഒ.