അഡോബിയുടെ തലപ്പത്ത് ഇനി അനിൽ ചക്രവർത്തി; ശന്തനു നാരായൺ എക്സിക്യൂട്ടീവ് ചെയർ

2026 സെപ്റ്റംബർ 4 • 01:03 PM
അകം ന്യൂസ് ഡെസ്ക്
അഡോബിയുടെ തലപ്പത്ത് ഇനി അനിൽ ചക്രവർത്തി; ശന്തനു നാരായൺ എക്സിക്യൂട്ടീവ് ചെയർ

സാൻ ജോസ്: ആഗോള സോഫ്റ്റ്‌വെയർ ഭീമനായ അഡോബിയുടെ പുതിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഇന്ത്യൻ വംശജനായ അനിൽ ചക്രവർത്തിയെ നിയമിച്ചു. ദീർഘകാലമായി കമ്പനിയെ നയിച്ച ശന്തനു നാരായണിന് പകരമാണ് അനിൽ ചക്രവർത്തി ചുമതലയേൽക്കുന്നത്. 2026 ഡിസംബർ ഒന്നുമുതൽ പുതിയ നിയമനം പ്രാബല്യത്തിൽ വരും.

അനിൽ ചക്രവർത്തി

18 വർഷത്തോളം അഡോബിയുടെ സിഇഒയായി പ്രവർത്തിച്ച ശന്തനു നാരായൺ സ്ഥാനമൊഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർ പദവിയിലേക്ക് മാറും. നേതൃത്വ കൈമാറ്റം സുഗമമാക്കുന്നതിനായി അദ്ദേഹം അനിൽ ചക്രവർത്തിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം, ഡിസംബർ ഒന്നുമുതൽ അനിൽ ചക്രവർത്തി അഡോബിയുടെ ഡയറക്ടർ ബോർഡിലും അംഗമാകും.

ശന്തനു നാരായണൻ

നിലവിൽ അഡോബിയുടെ Customer Experience Orchestration വിഭാഗത്തിന്റെയും ആഗോള ഫീൽഡ് ഓപ്പറേഷൻസിന്റെയും പ്രസിഡന്റാണ് അനിൽ ചക്രവർത്തി. 2020 ജനുവരിയിലാണ് അദ്ദേഹം അഡോബിയിൽ ചേരുന്നത്. അതിന് മുമ്പ് ഇൻഫോർമാറ്റിക്കയുടെ സിഇഒ, സിമാന്റക്കിലെ വിവിധ ഉന്നത പദവികൾ, മക്കിൻസി ആൻഡ് കമ്പനിയിലെ പ്രവർത്തനം തുടങ്ങി ടെക് മേഖലയിലെ നിർണായക സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബനാറസ് ഹിന്ദു സർവകലാശാലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബി.ടെക് നേടിയ അനിൽ ചക്രവർത്തി പിന്നീട് എംഐടിയിൽ നിന്ന് 1995ൽ പിഎച്ച്ഡിയും നേടി.

അതേസമയം, നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച സോഫ്റ്റ്‌വെയർ മേഖലയിലെ പരമ്പരാഗത ബിസിനസ് മോഡലുകൾക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് അനിൽ ചക്രവർത്തി അഡോബിയുടെ തലപ്പത്തേക്ക് എത്തുന്നത്. AI അധിഷ്ഠിത സൗജന്യവും കുറഞ്ഞ ചെലവിലുള്ളതുമായ പുതിയ ടൂളുകൾ അഡോബിയുടെ ക്രിയേറ്റീവ് സോഫ്റ്റ്‌വെയറുകൾക്ക് വെല്ലുവിളിയാകുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്.

AI സംബന്ധമായ ആശങ്കകൾക്കിടെ അഡോബി ഓഹരിയും സമ്മർദത്തിലാണ്. 2024ൽ 25 ശതമാനവും 2025ൽ 21 ശതമാനവും ഇടിഞ്ഞ ഓഹരി വില 2026ൽ ഇതുവരെ ഏകദേശം 18 ശതമാനം നഷ്ടം നേരിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ സിഇഒയ്ക്ക് അഡോബിയുടെ AI തന്ത്രത്തെ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം കമ്പനിയുടെ വളർച്ചയും നിക്ഷേപകരുടെ വിശ്വാസവും വീണ്ടെടുക്കുക എന്നതും പ്രധാന വെല്ലുവിളിയാകും.

അഡോബിയുടെ അടുത്ത ഘട്ട വളർച്ച AI അധിഷ്ഠിത സോഫ്റ്റ്‌വെയർ, ക്രിയേറ്റിവിറ്റി, പ്രൊഡക്ടിവിറ്റി, കസ്റ്റമർ എക്സ്പീരിയൻസ് മേഖലകളിൽ കേന്ദ്രീകരിക്കുമെന്നാണ് അനിൽ ചക്രവർത്തി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നേതൃത്വത്തിന് കീഴിൽ അഡോബി AI മത്സരത്തിൽ എങ്ങനെ മുന്നേറും എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.